പാലക്കാട്: ഇഎസ്ഐ നാഷണൽ ബോർഡ് മെമ്പർ എസ്. ദുരൈരാജ്, റീജിണൽ ബോർഡ്മെമ്പർ രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘം പാലക്കാട് ഇഎസ്ഐ ഹോസ്പിറ്റലും കഞ്ചിക്കോട് ഡിസ്പെൻസറിയും സന്ദർശിച്ചു. ഇവിടെയുള്ള അസൗകര്യങ്ങൾ നേരിട്ടു കണ്ടു മനസിലാക്കിയ സംഘം പോരായ്മകൾ പരിഹരിക്കാനാവശ്യമായ നിർദ്ദേശങ്ങൾ നൽകി.
കോർപ്പറേഷൻ നേരിട്ട് ഇടപെടേണ്ട വിഷയങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കുമെന്നും എസ്.ദുരൈരാജ് പറഞ്ഞു.
തൊഴിലാളികൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആശുപത്രി ജീവനക്കാർക്ക് നിർദ്ദേശം നൽകുകയും ആശുപത്രി ജീവനക്കാരുടേതുൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉടൻ പരിഹരിക്കാനുള്ള നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ബി എം എസ് സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.രാജേഷ്, ജില്ലാ ജോ.സെക്രട്ടറി പി.കെ.ബൈജു എന്നിവർ സംഘത്തിലുണ്ടായിരുന്നു.