മുതിര്‍ന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്ക്കരണ ദിനാചരണം പാലക്കാട് കലക്ടറേറ്റിൽ നടന്നു

New Update
respect to oldegers

പാലക്കാട്: മുതിര്‍ന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്ക്കരണ ദിനാചരണത്തോടനുബന്ധിച്ച് കലക്ടറേറ്റ് കോമ്പൗണ്ടിൽ വർണാഭമായ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. സാമൂഹ്യപ്രവർത്തനം വിദ്യാഭ്യാസ ശാഖയായി മാറിയ കാലഘട്ടത്തിൽ വയോജന സംരക്ഷണത്തിൻ്റെ ബാലപാഠങ്ങൾ കുഞ്ഞുനാളിലേ തലമുറകളിലേക്ക് പകർന്നുകൊടുക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു.

Advertisment

വയോജന അധിക്ഷേപ നിരോധന പ്രതിജ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനുമോൾ ചൊല്ലിക്കൊടുത്തു. ജില്ലാ സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ പോസ്റ്റർ ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര ജില്ലാ വയോജന കൗൺസിൽ അംഗം എം.എ പൊന്മലയ്ക്ക് കൈമാറി പ്രകാശനം ചെയ്തു. ഉയർന്ന സാക്ഷരതയ്ക്കൊപ്പം അനുതാപം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രദ്ധകൂടി പുതുതലമുറയ്ക്ക് വേണമെന്ന് കലക്ടർ പറഞ്ഞു.

പരാതിക്കാരായ വയോധികർക്ക് ആവശ്യമായ പരിഗണന കൊടുക്കുന്നതിൽ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ അവരുടെ വിനോദത്തിനായുള്ള ഹാപ്പിനസ് പാർക്കുകൾ വ്യാപകമാക്കണമെന്നും കലക്ടർ പറഞ്ഞു.

സംസ്ഥാന സാമൂഹ്യനീതി ഓഫീസ് പുറത്തിറക്കിയ പോസ്റ്റർ ജില്ലാ പഞ്ചാ പ്രസിഡൻ്റ് കെ.ബിനുമോൾ ജില്ലാ വയോജന കൗൺസിൽ അംഗം ടി.എസ് പരമേശ്വരന് നൽകി പ്രകാശനം ചെയ്തു. ജില്ലാ ഓഫീസ് പുറത്തിറക്കിയ ബ്രോഷർ ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര പ്രകാശനം ചെയ്തു. ജില്ലാ വയോജന കൗൺസിൽ അംഗം ഏലിയാമ്മ ടീച്ചർ ഏറ്റുവാങ്ങി.

പാലക്കാട് മേഴ്സി കോളേജിലെ എം.എസ്.ഡബ്ല്യു വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, നാടൻപാട്ട്, തെരുവുനാടകം, കവിതാലാപനം തുടങ്ങിയവയും അരങ്ങേറി. ചടങ്ങിൽ മുതിർന്ന വെണ്ടറായിരുന്ന ചെന്താരയെ ആദരിച്ചു. തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ കലക്ടർ, വയോജന കൗൺസിൽ അംഗങ്ങൾ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് ബലൂണുകൾ പറത്തി.

നേരത്തേ കുന്നത്തൂർമേട് എസ്.എസ്. കോളേജ് ഓഫ് നഴ്സിങ് വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച ബോധവത്കരണ റാലി കലക്ടറേറ്റ് കോമ്പൗണ്ടിൽ സമാപിച്ചു.

മുതിര്‍ന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്ക്കരണ ദിനമായ ജൂൺ 15ന് വിദ്യാലയങ്ങളിൽ പ്രതിജ്ഞയെടുക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ പറഞ്ഞു. ശനിയാഴ്ച്ച രാവിലെ 9.30ന് പത്തിരിപ്പാലയിലും ലക്കിടി കൂട്ടുപാതയിലും ഫ്ലാഷ് മോബ് അരങ്ങേറും.  

ഒറ്റപ്പാലം പാലപ്പുറം പോസ്റ്റ് ഓഫീസ് പരിസരം മുതൽ എൻ.എസ്.എസ്. കോളേജ് വരെ ബോധവത്കരണ റാലി നടക്കും. 10 ന് ഒറ്റപ്പാലം എന്‍.എസ്.എസ് കോളെജില്‍ ബോധവത്കരണ ക്ലാസ് മുനിസിപ്പൽ ചെയർപേഴ്സൺ കെ.ജാനകി ദേവി ഉദ്ഘാടനം ചെയ്യും. 

Advertisment