'ഹൃദയതാളം' കവിതാ സമാഹരം ഗ്രന്ഥകർത്താവിൻ്റെ ജീവിതതാളം അവതാളത്തിൽ

New Update
rajendran mannattu

രാജേന്ദ്രന്‍ മാന്നാട്ട് ഭിന്നശേഷിക്കാരിയായ മകളോടൊപ്പം

മലമ്പുഴ: ഹൃദയതാളം എന്ന പേരിൽ കവിതാ സമാഹാരങ്ങളുടെ രണ്ട് പുസ്തകങ്ങൾ രചിച്ച രചയിതാവ് രാജേന്ദ്രൻ മാന്നാട്ടിൻ്റെ ജീവിതതാളം അവതാളത്തിലായിട്ട് മുപ്പത്തിയഞ്ചു വർഷങ്ങൾ കഴിഞ്ഞു. സുമനസ്സുകളുടെ സഹായം തേടുകയാണ് ഇദ്ദേഹം ഇപ്പോൾ.

Advertisment

ഡയബറ്റിക്ക് അൾസർ എന്ന രോഗം ബാധിച്ച് എല്ലുകൾ പൊടിയുന്ന അവസ്ഥയായതോടെ വലതുകൈയ്യിൻ്റ വിരലുകൾ ഇല്ലാതായി. കാൽപാദത്തിൽ ആഴത്തിലുള്ള കുഴി, 32 വയസ്സായ ഭിന്നശേഷിക്കാരിയായ ഏകമകൾ. ദുരിതപർവ്വമായി ജീവിതം തള്ളിനീക്കുകയാണ് ഈ അഛനും മകളും. 

തൻ്റെ ജീവിതകഥ, സിനിമയിലെ ഫ്ലാഷ്ബാക്ക് പോലെ രാജേന്ദ്രൻ പറയുന്നു. കലയും സാഹിത്യവും പൊതു പ്രവർത്തനവുമായി സ്വന്തം നാടായ കല്ലേ കുളങ്ങരയിൽ വിലസിയിരുന്ന കാലം. വിവാഹം കഴിഞ്ഞ് മകൾ ജനിച്ചതോടെ ജീവിതത്തിൻ്റെ താളം അതാളത്തിലേക്ക് നീങ്ങി തുടങ്ങി. മകൾക്ക് അപസ്മാര രോഗം ബാധിച്ചതോടെ ചികിത്സക്കായി കേരളവും വിട്ട് ചെന്നൈയിൽ വരെ എത്തേണ്ടി വന്നു.

പ്രസവ സമയത്ത് കുട്ടിയുടെ തല വലിച്ചെടുത്തപ്പോൾ ഉണ്ടായ പിഴവിൽ കഴുത്തിലെ ഞരമ്പുവലിഞ്ഞു് ഉണ്ടായ പ്രശ്നമാണ് ഈ രോഗത്തിനു കാരണമെന്ന് ഡോക്ടർമാർ വിധിയെഴുതി. പിന്നീട് കുട്ടി ഭിന്നശേഷിക്കാരിയായി മാറി. ഇതോടൊപ്പം തന്നെ ഭാര്യക്ക് തലച്ചോറിൽ ട്യൂമർ പിടിപ്പെട്ടു. ഭാര്യക്കും മകൾക്കും ചികിത്സക്കായി പണം ചിലവാക്കി അവസാനം കിടപ്പാടം പോലും വിൽക്കേണ്ടി വന്നെങ്കിലും ഭാര്യ മരണത്തെ പുൽകി.

പിന്നീട് കിടപ്പാടം പോലുമില്ലാത്ത അഛനും മകൾക്കും ആശ്രയം നൽകിയത് കല്ലേകുളങ്ങര എൻഎസ്എസ് കരയോഗ മന്ദിരത്തിലായിരുന്നു. പതിനാലു വർഷം അവിടെ താമസിച്ചു. ഇതിനിടയിൽ രാജേന്ദ്ര നേതേടി ഡയബറ്റിക് അൾസറും വന്നു. പിന്നിടങ്ങോട്ട് ദുരിതത്തിൻ്റെ പടുകുഴിയിലായി. ഭൂരഹിതർക്ക് ഭൂമി നൽകുന്ന സർക്കാരിൻ്റെ പദ്ധതിയിൽ നിന്ന് മൂന്നുസെൻ്റ് സ്ഥലം കിട്ടി. അതിനു പിന്നാലെ ഭവന പദ്ധതിയിൽ നിന്ന് ഒരു മുറിയും അടുക്കളയുമുള്ള വീടും കിട്ടിയതുകൊണ്ട് തല ചായ്ക്കാൻ ഒരു ഇടം കിട്ടി.

ധോണി ലീഡ് കോളേജിൽ നിന്നും രാവിലേയും ഉച്ചക്കും മുടങ്ങാതെ രണ്ടുപേർക്കും ഭക്ഷണം എത്തിക്കുന്നു. വ്യാപാരി വ്യവസായി റെയിൽവേ കോളനിയൂണിറ്റ് മരുന്ന് നൽകുന്നു. ചില സുമനസ്സുകൾ ചെറിയ സാമ്പത്തീക സഹായം നൽകുന്നുണ്ട്. ഹൃദയതാളം ആദ്യ പൂസ്തകം ഇറക്കാൻ സാമ്പത്തീക സഹായം ചെയ്തത് എൻഎസ്എസ് - കല്ലേകുളങ്ങര യൂണിറ്റായിരുന്നു.

രണ്ടാം പുസ്തകം സ്വന്തമായി തന്നെ ഇറക്കി. സർക്കാരിൽ നിന്ന് തനിക്കും മകൾക്കും പെൻഷൻ കിട്ടുന്നുണ്ടെങ്കിലും പിന്നേയും വളരെ അത്യാവശ്യമായ ചിലവുകൾക്ക് സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കാറുണ്ടെന്ന് രാജേന്ദ്രൻ പറഞ്ഞു. കൈ വിരലുകൾ ഇല്ലാത്തതിനാൽ ഒരു ചായ വെക്കാൻ പോലും കഴിയുന്നില്ല. സ്വയമാണ് ഇന്ന് ഇന്‍സുലിൻ കുത്തിവെക്കുന്നത്. ഇടതു കൈയിൽ പിടിച്ച് വായകൊണ്ട് കടിച്ചു പിടിച്ചാണ് പാക്ക് പൊട്ടിക്കാറെന്നും ദയനീയമായി പറയുന്നു.

തൻ്റെ കാലശേഷം മകളുടെ കാര്യങ്ങൾ ആര് നോക്കും എന്ന വേവലാതിയിലാണ് ഈ പിതാവ്. മെൻ്റൽ റിട്ടാർഡ് ആയ കുട്ടികളെ നോക്കുന്ന ഏതെങ്കിലും സ്ഥാപനങ്ങൾ ഏറ്റെടുത്തെങ്കിൽ സമാധാനമായി മരിക്കാമെന്ന് രാജേന്ദ്രൻ പറഞ്ഞു. കാരണം തൻ്റെ അസുഖം മൂർച്ചിച്ചുകൊണ്ടിരിക്കയാണെന്നും ഏതു നിമിഷവും ഈശ്വരൻ വിളിക്കാമെന്നും താൻ കരുതിയിരിക്കയാണെന്നും രാജേന്ദ്രൻ പറഞ്ഞു നിർത്തി. രാജേന്ദ്രൻ്റെ ഈ ദയനീയാവസ്ഥ കണ്ട് പലരും അദ്ദേഹത്തിൻ്റെ പുസ്തകം വാങ്ങി സഹായിക്കാറുണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു.

Advertisment