/sathyam/media/media_files/ISxGnGpvkwDWVMutcmN6.jpg)
എൺപതിന്റെ നിറവിലും വായന മുടക്കാത്ത ലാലച്ചേട്ടൻ-ആലീസ് ദമ്പതികളെ അനുമോദിക്കാനായി തച്ചമ്പാറ ദേശീയ ഗ്രന്ഥശാല പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ
പാലക്കാട്: പലവിധ പുസ്തക വായനയിൽ മുഴുകിയ മാതൃക ദമ്പതികളാണ് ഈ വായനാദിനത്തിൽ നമുക്ക് പ്രചോദനമാകുന്നത്. എപ്പോഴും പുസ്തകങ്ങളെ പ്രണയിക്കുന്ന ദമ്പതികൾ.
തച്ചമ്പാറ ചോഴിയാട്ടിൽ ജോൺ സോളമൻ എന്ന ലാലച്ചേട്ടൻ - റയ്ച്ചൽ എന്ന ആലീസ് ദമ്പതികൾ ആണ് വെറുതെ സമയം കളയാനില്ലാതെ സദാസമയവും വായനയിൽ മുഴുകിയവർ.
വായനയാണ് ഇവർക്ക് ആനന്ദം. വായന കരുത്താണെന്നും ജീവിത സംഘർഷങ്ങളെ ലഘൂകരിക്കാൻ സാധിക്കുമെന്നും ഇവർ ഉപദേശിക്കുന്നു.
ജോണിന് വായനക്കൊപ്പം വ്യത്യസ്തമായ പത്രവാർത്തകളുടെ ശേഖരണത്തിലും താല്പര്യമുണ്ട്. റയ്ച്ചലിന് സാഹിത്യ പുസ്തകങ്ങൾക്കൊപ്പം മലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളോടാണ് കൂടുതൽ പ്രിയം.
കുട്ടനാട്ടിലെ വൻകിട ജന്മിമാരുടെയും അടിയാന്മാരായി ജീവിതം മുന്നോട്ടു നീക്കിയ സാധാരണക്കാരുടെയും വ്യത്യസ്ത ജീവിതാനുഭവങ്ങൾ എഴുതിയ തകഴിയുടെ കൃതികൾ റയ്ച്ചൽ പലവട്ടം വായിച്ചിട്ടുണ്ട്. നല്ല പുസ്തകം നന്മനിറഞ്ഞ സുഹൃത്താണ്. അജ്ഞതയുടെ ഇരുട്ടകറ്റാൻ നമ്മെ സഹായിക്കുന്ന ഊന്നുവടികൾ ആണ് പുസ്തകങ്ങൾ.
പുതിയ തലമുറയിൽ വായനാ സംസ്ക്കാരം കുറഞ്ഞ് വരികയാണ്. അതുകൊണ്ട് നമ്മുടെ സാംസ്കാരിക സാമൂഹ്യ പൈതൃകം അവർ അറിയുന്നില്ല - ജോൺ പറഞ്ഞു.
ജോണിന് വയസ്സ് 84 ആയി. ഭാര്യ റയ്ച്ചലിന് വയസ്സ് 79. 1955 ലായിരുന്നു തച്ചമ്പാറയിലേക്കുള്ള കുടിയേറ്റം. ചെറുപ്പത്തിൽ അരണ്ട വെളിച്ചത്തിൽ തുടങ്ങിയ വായനാശീലത്തിന് വർദ്ധക്യത്തിലും മുടക്കമില്ല.
മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരെയും റയ്ച്ചൽ വായനയിലൂടെ അറിയും. പുതിയ തലമുറയിലെ എഴുത്തുകാരിൽ ബെന്യാമിനെ ആണ് കൂടുതൽ ഇഷ്ടം. മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ബെന്യാമിന്റെ ആടുജീവിതത്തേക്കാൾ സൂക്ഷ്മ വായന നടത്തിയത് മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ, നിശബ്ദ സഞ്ചാരം എന്നീ കൃതികളാണ്.
പുലരും മുമ്പേ ഉണരുന്ന ഇവരുടെ ദിനചര്യയിൽ പ്രധാനമാണ് മുടങ്ങാതെയുള്ള പത്രവായന. ആദ്യമൊക്കെ മംഗളവും മനോരമയും വായിച്ചിരുന്നു. നാലര പതിറ്റാണ്ട് മുമ്പ് സ്ഥാപിതമായ തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയിൽ നിന്നും, ലൈബ്രറി ഭാരവാഹികൾ തന്നെ പുസ്തകം വീട്ടിലെത്തിക്കും.
വായന വലിയൊരു വികാരമായി മാറ്റിയത് തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയാണ്. ഇവിടുത്തെ വയോജന വേദിയുടെ പ്രവർത്തകരാണ് ഇരുവരും.
സ്വയം വായിക്കുക മാത്രമല്ല മക്കളെയും പേരക്കുട്ടികളെയും വായിക്കാൻ നിരന്തരം പ്രേരിപ്പിക്കും. നിരന്തര വായനയിലൂടെ സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെക്കുറിച്ചും ഇവർക്ക് നല്ല ബോധ്യമുണ്ട്. മൂന്ന് മക്കളാണ്. മക്കളും പേരമക്കളും ഇവരുടെ പരന്ന വായനയെ പ്രോത്സാഹിപ്പിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us