വിദ്യാർത്ഥികളുടെ യാത്രാനിരക്ക് അടിയന്തരമായി വർദ്ധിപ്പിക്കണം: ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രതിനിധി യോഗം

New Update
all kerala bus operators association palakkad

പാലക്കാട്: വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിച്ചില്ലെങ്കിൽ ബസ് ഓട്ടം നിർത്തി വെക്കേണ്ടിവരുമെന്ന് ബസ്സുടമകളുടെ സംഘടനയായ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രതിനിധി യോഗം തീരുമാനിച്ചു. 

Advertisment

2022 മെയ് മാസം മുതൽ സംസ്ഥാനത്ത് ബസ് യാത്രനിരക്കു വർധിപ്പിക്കുമ്പോൾ വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിച്ചിരുന്നില്ല. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യാത്രാനിരക്ക് വർദ്ധനവ് എന്ന് പറഞ്ഞിരുന്നു എങ്കിലും പ്രസ്‌തുത റിപ്പോർട്ടിലും വിദ്യാർത്ഥികളുടെ യാത്ര നിരക്ക് അഞ്ചു രൂപ മിനിമം ചാർജ് ആയി നിശ്ചയിക്കണമെന്ന് പറഞ്ഞിരുന്നു.

എന്നാൽ സർക്കാർ അക്കാര്യം പരിഗണിക്കാതെ മറ്റൊരു കമ്മീഷനെ ആറുമാസ കാലാവധി വെച്ച് നിശ്ചയിക്കുകയാണ് ഉണ്ടായത്. പുതിയ കമ്മീഷനെ വെച്ച് രണ്ട് വർഷമായിട്ടും സർക്കാരിന് ഇതുവരെ റിപ്പോർട്ട് ലഭ്യമായിട്ടില്ല എന്നാണ് അറിയുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി 2023 നവംബർ മാസം സമരം പ്രഖ്യാപിച്ചതിനുശേഷം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചർച്ചക്ക് വിളിക്കുകയും ജനുവരിക്ക് മുമ്പായി ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കി തരാമെന്ന് പറയുകയും ചെയ്തിരുന്നു. 

പിന്നീട് മന്ത്രി മാറിയതിനു ശേഷം പുതിയ മന്ത്രിയെ പലതവണ കണ്ടിട്ടും ഇതുവരെ തീരുമാനമില്ലന്നും ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.

140 കിലോമീറ്ററിൽ അധികം വരുന്ന സ്വകാര്യ ബസ്സുകളുടെ പെർമിറ്റുകൾ കെഎസ്ആർടിസിക്ക് വേണ്ടി സർക്കാർ ഏറ്റെടുക്കുകയും, ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകൾ നിർത്തലാക്കുകയും ചെയ്തത് സ്വകാര്യ ബസുടമകൾക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.

മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഉടനടി തീരുമാനം ഉണ്ടാകാത്തപക്ഷം സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ മറ്റു സംഘടനകളും ആയി ആലോചിച്ച് സർവീസ് നിർത്തി വെക്കുന്നതു ഉൾപ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങുവാനാണ് ഇന്ന് പാലക്കാട് ബസ് ഭവനിൽ വച്ച് ചേർന്ന ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ‌് ഓർഗനൈസേഷൻ സംസ്ഥാന സമിതി യോഗം തീരുമാനിച്ചിട്ടുള്ളത്.

യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് പി കെ മൂസ അധ്യക്ഷ വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി.ടി.ഗോപിനാഥൻ, വൈസ് പ്രസിഡണ്ട് മാരായ വിദ്യാധരൻ, പവിത്രൻ പി.കെ. ശ്രീകുമാർ, ജോയിൻ സെക്രട്ടറിമാരായ ജോയ് ചെട്ടിശ്ശേരി രാധാകൃഷ്ണൻ,രാജൻ കെ.എസ്, ട്രഷറർ വി.എസ് പ്രദീപ് തുടങ്ങിയവരും പ്രസംഗിച്ചു.

Advertisment