പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിക്കെതിരെ നടക്കുന്ന രണ്ടാംഘട്ട ജനകീയ സമര പോരാട്ടങ്ങളുടെ വാർഷികം 'സമര സംഗമം' പ്ലാച്ചിമട സമരപ്പന്തലിൽ സംഘടിപ്പിച്ചു

New Update
plachimada protest

പാലക്കാട്‌: പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിക്കെതിരെ നടക്കുന്ന രണ്ടാംഘട്ട ജനകീയ സമര പോരാട്ടങ്ങളുടെ വാർഷികം 'സമര സംഗമം' പ്ലാച്ചിമട സമരപ്പന്തലിൽ സംഘടിപ്പിച്ചു. സമര ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ ഈസാബിൻ അബ്ദുൽ കരീം ആമുഖ പ്രഭാഷണം നടത്തി. പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമര സമിതി ചെയർമാൻ വിളയോടി വേണുഗോപാൽ സമര സംഗമത്തിന് അധ്യക്ഷത വഹിച്ചു.

Advertisment

പ്ലാച്ചിമട സമരവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും നിയമ പോരാട്ടങ്ങളും ഈസാബിൻ അബ്ദുൽ കരീം യോഗത്തിൽ വിശദീകരിച്ചു. സമരവുമായി ബന്ധപ്പെട്ട വരും ദിവസങ്ങളിൽ സംഘടിപ്പിക്കേണ്ടുന്ന പ്രധാനപ്പെട്ട സമര പോരാട്ടങ്ങളെക്കുറിച്ചും നിയമ പോരാട്ടങ്ങളെക്കുറിച്ചും യോഗം വിശദമായി ചർച്ച ചെയ്തു.

പ്ലാച്ചിമടയിൽ സമരം ചെയ്തുകൊണ്ടിരിക്കുന്ന ആദിവാസികൾക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് സമരസമിതി ഉയർത്തുന്ന ചോദ്യങ്ങൾക്ക് സുപ്രീംകോടതിയിൽ കേസ് നടക്കുകയാണെന്ന മന്ത്രി കൃഷ്ണൻകുട്ടിയുടെ വാദം അസത്യമാണെന്ന് സമരസമിതി ആരോപിച്ചു. ഇരകൾക്ക് ലഭ്യമാകേണ്ടുന്ന നഷ്ടപരിഹാര തുക  216.26 കോടി രൂപ അടിയന്തരമായി നൽകുന്നതിനായി പ്ലാച്ചിമട ട്രിബ്യൂണൽ ബില്ല് കേരള നിയമസഭ വീണ്ടും പാസാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അടിയന്തിരമായി ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി രംഗത്ത് വരുമെന്നു സമര സമിതി പ്രവർത്തകർ സർക്കാരിന് മുന്നറിയിപ്പ് നൽകി. മന്ത്രി കൃഷ്ണൻ കുട്ടിയും സംസ്ഥാന സർക്കാരും ചേർന്ന് നടത്തുന്ന കോർപ്പറേറ്റ് ദാസ്യ പണി അവസാനിപ്പിക്കണമെന്നും കൊക്ക കോള കമ്പനിക്ക് വേണ്ടി നടത്തുന്ന നുണ പ്രചരണങ്ങൾ കേരളത്തിൽ വിലപ്പോവില്ലെന്നും സമര ഐക്യദാർഢ്യ പ്രവർത്തകർ പറഞ്ഞു.

കമ്പനിയുടെ സ്വത്തുക്കൾ സർക്കാരിന് കൈമാറി അവിടെ കാർഷിക പദ്ധതികൾ ആരംഭിക്കുവാനുള്ള പ്രവർത്തനങ്ങൾ കമ്പനിയെ രക്ഷിക്കാനുള്ള സർക്കാരിന്റെ അടവുനയം ആണെന്ന് യോഗം കുറ്റപ്പെടുത്തി. ഈ വിഷയവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ അറിയുന്നതിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകാൻ യോഗം തീരുമാനിച്ചു.

പ്ലാച്ചിമട വിഷയം (പ്ലാച്ചിമട ട്രൈബ്യൂണൽ ബില്ല്) നിയമസഭയിൽ അവതരിപ്പിക്കുന്നതിന് വേണ്ടി ജില്ലയിലെ മുഴുവൻ എംഎൽഎമാരെയും കാണാനും അവരുടെ പിന്തുണ അഭ്യർത്ഥിക്കുവാനും യോഗത്തിൽ തീരുമാനമെടുത്തു.

പ്ലാച്ചിമടയിലെ പ്രകൃതി വിഭവങ്ങൾ കവർന്നവടുത്ത കൊക്കകോളയുടെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള സംസ്ഥാനതല ജനകീയ ക്യാമ്പയിൻ ഉടനെ ആരംഭിക്കാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ഒരു വർഷമായി പ്ലാച്ചിമട സമരപ്പന്തലിൽ നടന്നുകൊണ്ടിരിക്കുന്ന സത്യാഗ്രഹ സമരം കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാനുള്ള പദ്ധതികൾ യോഗം ആസൂത്രണം ചെയ്തു.

സമരത്തെക്കുറിച്ച് സർക്കാരും ഭരണപക്ഷ ജനപ്രതിനിധികളും നടത്തുന്ന തെറ്റിദ്ധാരണാ ജനകമായ വാർത്തകളെ തുറന്നു കാണിക്കുന്നതിന് വേണ്ടി പത്രമാധ്യമങ്ങളുമായി വിശദമായ ചർച്ചയും പത്രസമ്മേളനവും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

പ്ലാച്ചിമട സമര പന്തലിൽ നടന്ന സമര സംഗമ പരിപാടിയിൽ ഇസാബിൻ അബുദുൾ കരീം, ശരത് ചേലൂർ, എം.സുലൈമാൻ, എസ്. രമണൻ, കെ മായാണ്ടി, കെ.സി. അശോക്, വി.പി.നിജാമുദ്ധീൻ, കെ. ശക്തിവേൽ, ഗുരുസ്വാമി, സി.ശാന്തി, സജീവൻ കള്ളിചിത്ര, സെറീന തുടങ്ങി വിവിധ ജില്ലകളിൽ നിന്നായി 32 ഓളം സമര ഐക്യദാർഢ്യ പ്രവർത്തകർ പങ്കെടുത്തു.

Advertisment