പതികാലവും കൂറും ഇടകാലവുമായി പത്തു മിനിറ്റുകൊണ്ട് തായമ്പക... 'വാദ്യോണം' ഡോക്യുമെന്ററി പുറത്തിറങ്ങി

New Update
vadyoman documentry

പുലാപ്പറ്റ: കേരളത്തിലെ പ്രശസ്തരായ വാദ്യകലാകാരൻമാരിൽ ഒരാളായ പുലാപ്പറ്റ ചെറായയിൽ താമസിക്കുന്ന ശുകപുരം രാധാകൃഷ്ണൻ പതികാലവും കൂറും ഇടകാലവുമായി പത്തു മിനിറ്റുകൊണ്ട് തായമ്പക അവതരിപ്പിച്ചും ശ്രദ്ധേയനായി.

Advertisment

ചുറ്റ് ഉപയോഗിക്കാതെ തായമ്പക കൊട്ടുന്ന, നിമിഷ തായമ്പക കൊണ്ടും ശ്രദ്ധേയനായ, മുൻ കൃഷി ഓഫീസറും നാടിന്റെ വാദ്യ സൗഭാഗ്യവുമായ ശുകപുരം രാധാകൃഷ്ണന്റെ കലാ ജീവിതത്തിൽ നിന്നും ഒരേട് എന്ന നിലയിൽ വാദ്യോണം എന്ന പേരിൽ ഡോക്യുമെന്ററി ഉടൻ പുറത്തിറങ്ങും.

പുഞ്ചിരി ക്രിയേഷൻസ് പുറത്തിറക്കുന്ന ഡോക്യുമെന്ററിയിൽ കൊട്ടിന്റെ തുടക്കം, കൃഷി ഉദ്യോഗം, വാദ്യ പരിശീലനം, പുരസ്കാരങ്ങൾ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങൾ ചർച്ച ചെയ്യുന്നു.

തൃത്താലയും മലമക്കാവും പല്ലശ്ശനയും പല്ലാവൂരും ആലിപ്പറമ്പും പൂക്കാട്ടിരിയും വെറും ശാലീന ഗ്രാമങ്ങൾ മാത്രമല്ല, അവ മഹിമയുള്ളതാകുന്നത് കലാകുലപതികളുടെ ജന്മസ്ഥലികൾ എന്ന നിലക്കുമാണ്. ശുകപുരം എന്ന ദേശവും തായമ്പക ഗ്രാമമെന്ന എന്ന പേരിൽ പ്രസിദ്ധമാണ്. എല്ലാ ദിവസവും തായമ്പക നടക്കുന്ന കുളങ്ങര ഭഗവതി ക്ഷേത്രവും ദക്ഷിണാമൂർത്തി ക്ഷേത്രവും ഉൾപ്പെടുന്ന സ്ഥലം എന്ന നിലയിലും തായമ്പകക്കാരാൽ സമ്പന്നം എന്ന നിലയിലും ശുകപുരം പ്രസക്തവും പ്രസിദ്ധവുമാണ്.

തായമ്പകയുടെ കുലീന ശൈലി രൂപപ്പെട്ട മലമക്കാവിൽ നിന്ന് അഞ്ച് നാഴിക ദൂരമേയുള്ളൂ ശുകപുരത്തേക്ക്. കൊട്ടിലെ ഘന ശബ്ദം ഈ ഗ്രാമത്തിന് പകരം വെക്കാനില്ലാത്ത ഒന്നാണ്.

ക്ഷേത്ര വാദ്യങ്ങളെയും വാദ്യകലാ സംഘാടകരെയും അണിനിരത്തി വാദ്യ കൈരളിയും പഞ്ചമഹാ തായമ്പകയും ശുകപുരത്തിന്റെ പ്രതിഭയുടെ താളപ്പെരുക്കമാണ്. ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ, ആർട്ടിസ്റ്റ് നമ്പൂതിരി, സൂര്യകാലടി ഭട്ടതിരിപ്പാട്, മഹാകവി അക്കിത്തം തുടങ്ങിയവരിൽ നിന്ന് കീർത്തി നേടിയിട്ടുണ്ട്.

Advertisment