മലമ്പുഴ: പാലക്കാട് നഗരം ചുറ്റാതിരിക്കാൻ കൊയമ്പത്തൂർ - കോഴിക്കോട് റൂട്ടിലെ ചരക്കുവാഹനങ്ങൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ രാപകൽ ഓടുന്ന മലമ്പുഴ - കഞ്ചിക്കോട് റോഡിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും സംരക്ഷണ ഭിത്തി തകർന്ന കനാലും മഴക്കാലത്ത് ഏതു നിമിഷവും അപകടം ഉണ്ടാക്കാമെന്ന് പൊതുപ്രവർത്തകനായ മാനുവൽ പുതക്കുഴി പറയുന്നു.
മുപ്പതു വർഷത്തിലധികം പഴക്കമുള്ള ഉണങ്ങിയ പഞ്ഞിമരം അപകടം വരുത്താൻ സാധ്യതയുള്ളതായി അധികൃതരെ അറിയിച്ചപ്പോൾ ഏത് വകുപ്പിന്റെ സ്ഥലത്താണ് മരം നിൽക്കുന്നതെന്ന് അന്വേഷിച്ചു വരാനും മരം മുറിക്കാനുള്ള പണം ആരാണ് മുടകയെന്നും അധികൃതർ ചോദിച്ചത്രെ.
എന്നാൽ മരം മുറിക്കാനുള്ള ചിലവ് താൻ നൽകാമെന്നും മുറിക്കാനുള്ള അനുമതി തന്നാൽ മതിയെന്നു പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മാനുവൽ പൂതക്കുഴി പറഞ്ഞു.
/sathyam/media/media_files/7zanCaN2TPvfeEAY12OY.jpg)
ഇവിടെ നിന്നും അൽപം മാറി കനാലിലേക്ക് ചെരിഞ്ഞു നിൽക്കുന്ന മരത്തിന്റെ വേരുകൾ റോഡിനടിയിലൂടെ മറുവശത്തേക്ക് പോയിട്ടുണ്ടെന്നും മരം വീണാൽ റോഡിന്റെ പകുതിയിലേറെ ഭാഗവും തകർന്നു് പോകുമെന്നും നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ആശങ്കപ്പെട്ടു.
ഇതിനടുത്തു തന്നെയുള്ള കനാലിന്റെ സംരക്ഷണഭിത്തി തകർന്ന് കനാലിലേക്ക് വീണ് ഒന്നര വർഷത്തിലധികമായിട്ടും ഭിത്തി പുതുക്കി കെട്ടാത്തത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. പൊന്തക്കാടുകൾ നിറഞ്ഞതിനാൽ അന്യനാട്ടിൽ നിന്നും വരുന്ന ഡ്രൈവർമാർക്ക് കനാൽ കാണാൻ സാധിക്കാത്തതിനാൽ പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ കനാലിലേക്ക് വിഴാമെന്നും നാട്ടുകാർ പറഞ്ഞു.
അപകടം സംഭവിച്ചു കഴിഞ്ഞു് പരിതപിച്ചിട്ട് കാര്യമില്ലെന്നും എത്രയും വേഗം അമ്പതു മീറ്ററിനുള്ളിലുള്ള ഈ മൂന്ന് അപകട സാധ്യതയുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാൻ അധികൃതർ നടപടിയെടുക്കണമെന്ന് മാനുവൽ പുതക്കുഴിയും നാട്ടുകാരും ശക്തമായി ആവശ്യപ്പെട്ടു.