കെഎസ്ആർടിസിയോട് പുറംതിരിഞ്ഞു നിൽക്കുന്ന ഇടതു ഭരണകൂടത്തിനെതിരെ പാലക്കാട് ഡിപ്പോയിലെ കെഎസ്‌ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) പ്രവർത്തകര്‍ പുറകോട്ട് നടന്ന് പ്രതിഷേധിച്ചു

ഒറ്റ ഗഡുവായി ഒന്നാം തിയതി തന്നെ ശമ്പളം നൽകുമെന്ന് വകുപ്പുമന്ത്രി ഉറപ്പു നൽകിയിട്ടും ഇതുവരെ ഒറ്റ രൂപ പോലും ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സംഘടന നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് പാലക്കാട് ഡിപ്പോയിലും പ്രവർത്തകർ പ്രതിഷേധിച്ചത്.

New Update
kst employees sangh protest

പാലക്കാട്: ശമ്പള വിഷയത്തിലുൾപ്പടെ കെഎസ്ആർടിസിയോട് പുറംതിരിഞ്ഞു നിൽക്കുന്ന ഇടതു ഭരണകൂടത്തിനെതിരെ ജീവനക്കാർ പുറകോട്ട് നടന്ന് പ്രതിഷേധിച്ചു. പാലക്കാട് ഡിപ്പോയിലെ കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) പ്രവർത്തകരാണ് ഇത്തരത്തിൽ വേറിട്ട ഒരു പ്രതിഷേധം സംഘടിപ്പിച്ചത്. 

Advertisment

ഒറ്റ ഗഡുവായി ഒന്നാം തിയതി തന്നെ ശമ്പളം നൽകുമെന്ന് വകുപ്പുമന്ത്രി ഉറപ്പു നൽകിയിട്ടും ഇതുവരെ ഒറ്റ രൂപ പോലും ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സംഘടന നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് പാലക്കാട് ഡിപ്പോയിലും പ്രവർത്തകർ പ്രതിഷേധിച്ചത്.

സമരം ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിനു മുന്നിൽ സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു ഉദ്ഘാടനം ചെയ്തു. ഭൂരിഭാഗം ഡിപ്പോകളും ലാഭത്തിലായി എന്ന് പറഞ്ഞ് വകുപ്പ് മന്ത്രി ഒരു ഭാഗത്ത് ജീവനക്കാരെ അഭിനന്ദിക്കുമ്പോൾ മറുഭാഗത്ത് മന:പൂർവ്വം അവർക്ക് ശമ്പളം നൽകാതെ നരകിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

kst employees sangh protest-2

8 വർഷം കൊണ്ട് ജീവനക്കാർ കടം കയറി ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ലാഭത്തിലായി എന്ന് പറയുന്നവർ വരവ് ചെലവ് കണക്ക് ചോദിച്ചാൽ അത് ചോദിക്കുന്നവരെ കളിയാക്കുന്ന തരത്തിൽ എങ്ങും തൊടാത്ത ഒരു കണക്ക് തരുകയും അതിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടാൽ പുതിയ സോഫ്റ്റ് വെയർ വരും അപ്പോൾ തരാം എന്ന മറുപടിയാണ് നൽകുന്നത്.

സത്യത്തിൽ  കെഎസ്ആർടിസിയിൽ ആളെ പറ്റിക്കുന്ന കണക്കല്ലാതെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്ന ഒരു വരവ് ചെലവ് കണക്ക് ഇല്ല. ലഭത്തിലായിട്ടും ഓണത്തിന് ബോണസും അഡ്വാൻസും നിഷേധിച്ചു. പ്രതിഷേധം കനത്തപ്പോൾ ചിങ്ങത്തിൽ നൽകേണ്ട ഉത്സവബത്ത കന്നിയിൽ നൽകി മാതൃകയായി.

ശമ്പളം തവണകളാക്കിയ ഇടത് സർക്കാർ റഫറണ്ടം മുന്നിൽ കണ്ട് ഇനി എല്ലാ മാസവും ഒന്നാം തിയതി ഒറ്റത്തവണയായി ശമ്പളം നൽകുമെന്ന് വാഗ്ദാനം നൽകിയെങ്കിലും ആഗസ്റ്റ് മാസത്തെ ശമ്പളം സെപ്റ്റംബർ 12ന് അർദ്ധരാത്രിയാണ് നൽകിയത്.

സർക്കാരിന് ജീവനക്കാരുടെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല. നിലനിൽപ്പിൻ്റെ രാഷ്ട്രീയത്തിൽ വിവാദങ്ങളുടെ പുറകിലാണ് ഭരണകൂടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് കെ. സുരേഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ.സുകുമാരൻ, ആർ.ശിവകുമാർ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം.മുരുകേശൻ, കെ.പ്രജീഷ്, എസ്. സരേഷ്,സി.രമേഷ്, കെ.ഉണ്ണികൃഷ്ണൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Advertisment