പാലക്കാട് നഗരത്തിലെ വിഎച്ച് റോഡില്‍ ഫുട്പാത്തിൽ സ്ലാബ് ഒടിഞ്ഞ് അഗാധ ഗർത്തവും അനധികൃത പാർക്കിങ്ങും. കാല്‍നട യാത്രക്കാര്‍ റോഡിലിറങ്ങി നടക്കേണ്ട ഗതികേടില്‍

author-image
ജോസ് ചാലക്കൽ
Updated On
New Update
vh road footpath

പാലക്കാട്: നഗരത്തിലെ പ്രധാന റോഡായ വിഎച്ച് റോഡരികിലെ ഫുട്പാത്തിൽ സ്ലാബ് ഒടിഞ്ഞ് കിടക്കുന്നത് കാൽനടയാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു. 

Advertisment

ഫുട്പാത്തിന്‍റെ ബാക്കി ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയതതോടെ കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ്. നരിക്കുത്തി ഭാഗത്തു നിന്നും മോയൻസ് സ്കൂളിലേക്ക് വിദ്യാർത്ഥികൾ പോയിവരുന്ന റോഡാണ് ഇത്.

സ്ലാബ് ഉടൻ ശരിയാക്കിയും അനധികൃത വാഹന പാർക്കിങ്ങ് നിരോധിച്ചും ഫുട്പാത്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാരും വിദ്യാർത്ഥിനികളും അദ്ധ്യാപകരും ആവശ്യപ്പെട്ടു.

ജില്ലാ ആസ്ഥാനമായ പാലക്കാട്ടെ മിക്ക റോഡുകളിലെയും കാഴ്ചയാണിത്. ചതിക്കുഴികൾ നിറഞ്ഞും പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കൈയ്യേറിയും നടപ്പാതകൾ യഥാർത്ഥ അവകാശികൾക്ക് അന്യമാവുകയാണ്.

സൂക്ഷിച്ചും ശ്രദ്ധിച്ചും നടന്നില്ലെങ്കിൽ സ്ലാബില്ലാത്ത ഭാഗങ്ങളിലെ ചതിക്കുഴികളിൽ പെട്ട് ഒടിവും ചതവുമേൽക്കേണ്ട ഗതികേടാണ്. കാലങ്ങളായി ഇതിനൊരു മാറ്റവും സംഭവിക്കുന്നില്ലെന്ന് മാത്രമല്ല നാൾക്ക് നാൾ വർധിച്ചു വരികയുമാണ്.

ഉത്തരവാദപ്പെട്ട നഗരസഭയും മോട്ടോർ വാഹന വകുപ്പുമെല്ലാം തികച്ചും നിസംഗതയോടെയാണ് ഇത്തരം പ്രശ്നങ്ങളെ കാണുന്നത്. അസംഘടിതരാണെന്നത് കൊണ്ടുതന്നെ കാൽനട യാത്രക്കാരുടെ പരാതികളോട് അധികൃതര്‍ മുഖം തിരിക്കുകയാണ്.

Advertisment