പാലക്കാട്: വ്യവസായ മേഖലയെ തകർത്തും തൊഴിലവസരങ്ങൾ ഇല്ലാതാക്കിയും ഇടതുസർക്കാർ കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് ബിഎംഎസ് സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ പറഞ്ഞു. പാലക്കാട് ബി എം എസ് ഓഫീസിൽ നടന്ന ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയുടേയും സ്വജനപക്ഷപാതത്തിൻേറയും ഫലമായി അഭ്യസ്തവിദ്യരായ യുവാക്കൾ തൊഴിലില്ലാതെ അലയുന്ന അവസ്ഥയാണ് കേരളത്തിൽ നിലനിൽക്കുന്നത്. കെ എസ് ആർ ടി സി ഉൾപ്പടെയുള്ള കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ പതിനായിരക്കണക്കിന് ഒഴിവുകളാണ് പി എസ് സി ക്കു നൽകാതെ ഒഴിച്ചിട്ടിരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളെ പാർട്ടിസ്വത്താക്കി മാറ്റാനുള്ള ഭരണകൂട ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം നീക്കങ്ങൾ . ക്ഷേമപെൻഷൻ്റെ പേരു പറഞ്ഞ് ഡീസലിനും പെട്രോളിനും ലിറ്ററിന് 2 രൂപ രൂപ വീതം സെസ് പിരിച്ചിട്ടും ക്ഷേമ പെൻഷൻ മാസങ്ങളുടെ കുടിശ്ശികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഎംഎസിൻ്റെ എഴുപതാം വാർഷികത്തിൻ്റെ സമാപനമായ 2025 ജൂലൈ 23 നു മുമ്പ് കേരളത്തിൽ എല്ലാ തൊഴിൽ മേഖലയിലും സംഘടനയുടെ പ്രവർത്തനം ശക്തിപ്പെടുത്തി ഭരണകൂടങ്ങളുടെ തൊഴിലാളി വിരുദ്ധ നയങ്ങളെ തിരുത്താനുള്ള പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് സലിം തെന്നിലാപുരം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി സിബി വർഗ്ഗീസ്, ജില്ലാ സെക്രട്ടറി കെ.രാജേഷ്, ട്രഷറർ വി.ശരത്, വൈസ് പ്രസിഡൻ്റ് എം.ഗിരീഷ്, സംസ്ഥാന സമിതിയംഗം പി.കെ.രവീന്ദ്രനാഥ്, ജില്ലാ ഭാരവാഹികളായ വി.ശിവദാസ്, ആർ.ഹരിദാസ്, ശശി ചോറോട്ടൂർ, വി.രാജേഷ് ചെത്തല്ലൂർ എന്നിവർ സംസാരിച്ചു.