മലമ്പുഴയിലെ ബസ് സ്റ്റോപ്പ് മുത്തശ്ശൻമാരുടെ നില ഗുരുതരം...

New Update
bus stop

മലമ്പുഴ എസ്‌പി ലെയിൻ ഭാഗത്തെ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം

മലമ്പുഴ: ഒരു കാലത്ത് ഒട്ടേറെ പേർ ബസ് കാത്തിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഇപ്പോൾ ഉപയോഗശൂന്യമായി പൊന്തക്കാട് പിടിച്ച് കിടക്കുകയാണ്. വാർപ്പിലെ കമ്പി തുരുമ്പുപിടിച്ച് വാർപ്പ് അടർന്നുവീണു കൊണ്ടിരിക്കുകയുമാണ്. മലമ്പുഴ എസ്‌പി ലെയിൻ ഭാഗത്തെ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനാണ് ഈ ദുരാവസ്ഥ.

Advertisment

അറുപത്തിമൂന്നു വർഷത്തെ പഴക്കമുള്ളതാണ് ഈ ബസ് കാത്തിരിപ്പു കേന്ദ്രമെന്ന് പഴമക്കാർ പറയുന്നു. 1960 കാലഘട്ടത്തിൽ ഈ വഴി ഇറിഗേഷൻ ക്വാർട്ടേഴ്സ്, പോലീസ് സ്റ്റേഷൻ, ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം, മൃഗാശുപത്രി, ജലസേചന വകുപ്പ് ഓഫീസ്, കോഴി വളർത്തൽ കേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ മുന്നിലൂടെ മന്തക്കാട്ടെത്തി അവിടെ നിന്നും പാലക്കാട്ടേക്കും തിരിച്ച് ഇതുവഴി തന്നെ മലമ്പുഴയിലേക്കും ബസ് ട്രിപ്പ് ഉണ്ടായിരുന്നു.

എസ്‌പി ലെയിൻ ബസ് കാത്തിരിപ്പു കേന്ദ്രം കൂടാതെ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിലും ഒരു ബസ്സ് കാത്തിരിപ്പു കേന്ദ്രവും ഉണ്ട്. മലമ്പുഴ ഡാമും ഉദ്യാനവും വിനോദ സഞ്ചാരികൾക്ക് തുറന്നുകൊടുത്തപ്പോള്‍ വാഹന തിരക്കേറി. മുപ്പതു വർഷം മുമ്പ് ഇപ്പോൾ കാണുന്ന നേർ റോഡ് മന്തക്കാട് നിന്നും മലമ്പുഴയിലേക്ക് പണിതപ്പോഴാണ് ഈ റോഡും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും അനാഥമായത്.

bus stop-2

മലമ്പുഴ കുടുംബാരോഗ്യകേന്ദ്ര പരിസരത്തെ ബസ് കാത്തിരിപ്പു കേന്ദ്രം

എസ്‌പി ലെയിൻഭാഗത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ചിലപ്പോൾ വിനോദ സഞ്ചാരികൾ ഭക്ഷണം കഴിക്കാൻ വന്നിരിക്കാറുണ്ടെങ്കിലും കോൺക്രീറ്റ് അടർന്നുവീണ് അപകടം ഉണ്ടാവുകയോ സമീപത്തെ പൊന്തക്കാട്ടില്‍നിന്നുള്ള ഇഴജെന്തുക്കളുടെ കടിയേൽക്കുമോ എന്ന ഭയമുണ്ടെന്നും പരിസരവാസികൾ പറഞ്ഞു. ഒന്നുകിൽ ഉപയോഗശൂന്യമായ ഈ ബസ് കാത്തിരിപ്പു കേന്ദ്രവും പരിസരവും വൃത്തിയാക്കുക, അല്ലെങ്കിൽ പൊളിച്ചുമാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

എന്നാൽ കുടുംബാരോഗ്യകേന്ദ്ര പരിസരത്തെ ബസ് കാത്തിരിപ്പു കേന്ദ്രം ഈയിടെയായി ഒരു വ്യക്തി വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ഈ റൂട്ടിൽ ഇപ്പോൾ ബസ് റൂട്ട് ഇല്ലാത്തതിനാൽ മേൽ പറഞ്ഞ സ്ഥാപനങ്ങളിലേക്ക് പോകേണ്ടവർ ഓട്ടോ പിടിച്ചോ നടന്നോ പോകേണ്ട ഗതികേടാണെന്നും ഓഫീസ് സമയത്തിനു മുമ്പും ശേഷവും ഓരോ ട്രിപ്പുവീതം ബസ് സർവ്വീസ് നടത്തണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് ചാലയ്ക്കല്‍

Advertisment