പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ ഇനിയെങ്കിലും വികസനകാര്യങ്ങൾ ചർച്ച ചെയ്യണം - 'പാലക്കാട് മുന്നോട്ട് ' സംഘടന

New Update
dr. anvarudeen

പാലക്കാട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ ഇനിയെങ്കിലും വികസനകാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് 'പാലക്കാട് മുന്നോട്ട് ' സംഘടന ആവശ്യപ്പെട്ടു. ഈ ഉപതെരഞ്ഞെടുപ്പ് അനാവശ്യവും, അടിച്ചേൽപ്പിച്ചതുമാണെന്ന് പാലക്കാട് മുന്നോട്ട് നേരത്തെ പറഞ്ഞതാണ്.

Advertisment

കേവലം രണ്ട് വർഷത്തെ കാലാവധിയുള്ള ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കാനാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ കാലയളവിൽ "മല മറിക്കാ" നൊന്നും ജനപ്രതിനിധിക്ക് കഴിയില്ലെങ്കിലും പ്രചാരണത്തിൽ മണ്ഡലത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാതിരിക്കുന്നതും പരിഹാരം വാഗ്ധാനം ചെയ്യാത്തതും വോട്ടർ മാരോടുള്ള അനീതിയാണ്.

ഓരോ പാർട്ടിയിലെയും പടല പിണക്കങ്ങളും, തേങ്ങലും, മോങ്ങലും വാർത്തയാക്കുന്നതിൽ ഇവിടുത്തെ വോട്ടർമാർക്ക് യാതൊരു താൽപ്പര്യവുമില്ല. മൂന്നു മുന്നണികളുടെയും പ്രചരണ ധൂർത്തിനു പിന്നിൽ എന്താണെന്ന് ജനങ്ങൾക്കറിയാം. 

ആരും വിശുദ്ധരല്ല. കണ്മുന്നിൽ നിരവധി പ്രശ്നങ്ങൾ കിടക്കുന്നുണ്ട്. കാർഷിക ജില്ലയായ പാലക്കാട്ടെ കർഷകർ നിരവധി വർഷങ്ങളായി ദുരിതത്തിൽ ആണ്. അവരുടെ പ്രശ്നങ്ങൾക്ക് എന്താണ് പ്രതിവിധി ? ലക്കാട് നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമായ മഞ്ഞക്കുളം ബസ് -ലോറി പദ്ധതി നടപ്പിലാക്കുമോ ?

ടൗൺ ഹാൾ, അനക്സ്, ഷോപ്പിംഗ് കോംപ്ലക്സ്കൾ, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഇന്ദിരാ ഗാന്ധി സ്റ്റേഡിയം നവീകരണം എന്നിവ പൂർത്തിയാക്കുമോ ? മെഡിക്കൽ കോളേജിൽ പൂർണ്ണ തോതിലുള്ള ചികിൽസ എന്ന് തുടങ്ങും ? മഴക്കാലത്തു ശേഖരിപുരം തോടിനു സമീപമുള്ള റസിഡൻസ് കോളനികളിൽ വെള്ളം കയറുന്നതിനു പരിഹാരം ഉണ്ടോ ?

പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിലെ ചെറുതും വലുതുമായ പ്രശ്നങ്ങൾക്ക് പ്രതിവിധി എന്താണ് ? ഇത്തരം ചോദ്യങ്ങൾക്ക് മറുപടി കാക്കുകയാണ് വോട്ടർമാരെന്നു ഇനിയെങ്കിലും മൂന്ന് മുന്നണികളും തിരിച്ചറിയണമെന്നും പാലക്കാട് മുന്നോട്ട് സംഘടന ആവശ്യപ്പെട്ടു.

Advertisment