/sathyam/media/media_files/2024/11/14/bp8JMhWEYwBCY0X7ilYJ.jpg)
പാലക്കാട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്ന് (ശിശുദിനമായ നവംബർ 14ന്) കുട്ടികളുടെ ഹരിതസഭ നടക്കും.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന ജില്ലകളിൽ മാത്രം ഇത് മറ്റൊരു തിയ്യതിയിൽ നടക്കും. മാലിന്യനിർമാർജ്ജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക, മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങൾ കുട്ടികളിലൂടെ സമൂഹത്തിനു പകർന്ന് നൽകുക എന്നിവ ലക്ഷ്യമിട്ടാണ് ഹരിതസഭ നടത്തുന്നത്.
പുതുതലമുറകളിൽ മാലിന്യ നിർമ്മാർജനത്തെ കുറിച്ച് അവബോധം കൊണ്ടുവരാനും മാലിന്യമുക്തം നവകേരളത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും.
രണ്ടര ലക്ഷത്തോളം സ്‌കൂൾ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കും. ഒരു തദ്ദേശ സ്ഥാപനത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേയും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും സ്കൂൾ ഹരിതസഭ.
ഒരു ഹരിത സഭയിൽ 150 ൽ കുറയാതെയും 200 ൽ കവിയാതെയുമുള്ള അംഗങ്ങളെ പങ്കെടുപ്പിച്ചും മുഴവൻ വിദ്യാലയങ്ങളുടേയും പ്രാതിനിധ്യവും ആകെ അംഗങ്ങളിൽ പെൺകുട്ടികളുടെ പ്രാതിനിധ്യം 50 ശതമാനവും ഉറപ്പ് വരുത്തിയുമായിരിക്കണം ഹരിത സഭ സംഘടിപ്പിക്കണ്ടത്.
കോർപ്പറേഷൻ പോലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ വിദ്യാലയങ്ങളുടേയും വിദ്യാർത്ഥികളുടേയും എണ്ണം കൂടുതലായതിനാൽ ഇത്തരം തദ്ദേശ സ്ഥാപനങ്ങളിൽ ഒന്നിലേറെ ഹരിത സഭകൾ സംഘടിപ്പിക്കുവാനും നിർദ്ദേശമുണ്ട്.
ഹരിതസഭകളുടെ ശരിയായ സംഘാടനത്തിന് വിദ്യാലയ തലത്തിലും തദ്ദേശ സ്ഥാപന തലത്തിലും ശരിയായ മുന്നൊരുക്കങ്ങൾ നടത്തിയാണ് ഹരിതസഭകൾ സംഘടിപ്പിക്കുന്നത്. ഇതിനായി ഈ സ്ഥാപനങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷൻ, നവ കേരള മിഷൻ, ക്ലീൻ കേരള കമ്പനി, കില എന്നിവയുടെ പൂർണ്ണ പിന്തുണയുണ്ട്.
പ്രതിനിധികൾ മാലിന്യ സംസ്‌കരണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും പരാതി പരിഹാര നിർദേശങ്ങളും പുതിയ ആശയങ്ങളും ഹരിതസഭയിൽ ചർച്ച ചെയ്യും.
കഴിഞ്ഞ തവണത്തെ ഹരിത സഭയിൽ അവതരിപ്പിക്കപ്പെട്ട കാര്യങ്ങളിലും ഇത്തവണത്തെ ഹരിത സഭ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻകൂട്ടി കുട്ടികൾ കണ്ടെത്തി തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച പരാതികളിലും തദ്ദേശസ്ഥാപനങ്ങൾ എന്ത് നടപടികൾ സ്വീകരിച്ചു എന്നതും തദ്ദേശ സ്ഥാപന പ്രതിനിധികൾ ഈ ഹരിത സഭയിൽ അറിയിക്കും.
ഈ കാര്യങ്ങൾ ഗ്രാമസഭകളും ചർച്ച ചെയ്ത് തീരുമാനം കൈകൊള്ളുന്നു എന്നതിനാൽ തന്നെ കുട്ടികളുടെ ഹരിത സഭയ്ക്ക് ഏറെ സാമൂഹ്യ പ്രധാന്യമുണ്ട്. നൻമയുടെ പ്രതീകമായി കുട്ടികളെ വാർത്തെടുക്കുകയും നമ്മുടെ സമൂഹത്തെ ആരോഗ്യകരവും ശുചിത്വ സമ്പൂർണ്ണവുമായി മാറ്റിയെടുക്കുകയും ചെയ്യുന്ന സർക്കാരിൻ്റെ ഈ മാതൃകാ ശുചിത്വ കർമ്മപദ്ധതി അഭിനന്ദനാർഹവും അഭിമാനകരവുമാണെന്ന് സൗഹൃദം ശുചിത്വ വേദി വിലയിരുത്തി.
ജനകീയ ക്യാമ്പയിനുകൾക്ക് പൂർണ്ണ പിന്തുണയേകുന്ന പ്രതിപക്ഷത്തിൻ്റെ സഹകരണവും അഭിനന്ദനീയമാണ്. കുട്ടികളുടെ ഹരിത സഭ ലോകത്തിന് മാതൃകയാണെന്നും യോഗം വിലയിരുത്തി.
അതേസമയം ഇത്തരം പ്രവർത്തനങ്ങളുടെ സമ്പൂർണ്ണ ഫലം സമൂഹത്തിന് ലഭിക്കാൻ സ്കൂൾ ശുചിത്വ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ തുടർ പ്രവർത്തനം ഉറപ്പ് വരുത്തണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
സൗഹൃദം ശുചിത്വ വേദി പ്രസിഡൻ്റ് പി.വി. സഹദേവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് തച്ചങ്കാട്, കൺവീനർ മണികണ്ഠൻ കെ. എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us