പാലക്കാട്: അനശ്വരനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും നടത്തിവരുന്ന ചെമ്പൈ തംബുരു ഘാഷയാത്രയ്ക്ക് അദ്ദേഹത്തിന്‍റെ നാമധേയത്തിലുള്ള ഗവ. മ്യൂസിക് കോളജില്‍ സമുചിതമായ സ്വീകരണം നല്‍കി.
അദ്ദേഹം ദിവംഗതനായതിന്‍റെ അന്‍പതാം വാര്‍ഷികവും ഈ വര്‍ഷം തന്നെയാണ്. തദവസരത്തില്‍ പാലക്കാട് ചെമ്പൈ ഗവണ്‍മെന്‍റ് കോളജില്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന 'ചെമ്പൈ ഫെസ്റ്റി'ന് ചൊവ്വാഴ്ച സമാരംഭമായി.
ആദ്യദിനമായ ചൊവ്വാഴ്ച പ്രിന്‍സിപ്പാള്‍ പ്രൊഫ. ആര്‍ മനോജ് കുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വോക്കല്‍ വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ അപര്‍ണ എം സ്വാഗതവും ആശംസിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പരിപാടികളും കച്ചേരികളും ചേര്‍ത്തുകൊണ്ട് ഗംഭീരമായ ആഘോഷമാണ് ഉദ്ദേശിക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
പ്രശസ്ത കര്‍ണാടക സംഗീതജ്ഞ ദമ്പതികളായ ഡോ. കെ കൃഷ്ണകുമാറും ബിന്നി കൃഷ്ണകുമാറും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങ് ചെമ്പൈ സ്മൃതികളാല്‍ ധന്യമായി.
ചെമ്പൈ ഭാഗവതരുടെ ചെറുമകന്‍ ചെമ്പൈ സുരേഷ്, വീണ വിഭാഗം മേധാവി പ്രീത സി.എന്‍, വയലിന്‍ വിഭാഗം മേധാവി അനൂപ് ഭാസ്കരന്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ വൈഷ്ണവ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മൃദംഗവിഭാഗം മേധാവി ശ്രീനാഥ് നന്ദി പ്രകാശിപ്പിച്ചു.
തുടര്‍ന്ന് ഡോ. കൃഷ്ണകുമാറും ബിന്നി കൃഷ്ണകുമാറും ചേര്‍ന്ന് നടത്തിയ സോദാഹരണ പ്രഭാഷണം ആരംഭിച്ചത് ചെമ്പൈ സ്വാമികളുടെ പ്രചുര പ്രചാരം നേടിയ 'രക്ഷമാം ശരണാഗതം', 'പാവനഗുരു' എന്നീ കൃതികള്‍ ആലപിച്ചുകൊണ്ടാണ്.
എഴുപത്തിരണ്ട് മേളകര്‍ത്താരാഗങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുവാന്‍ ബാലമുരളീകൃഷ്ണയുടെ കൃതികളെ അധിഷ്ഠിതമാക്കി നടത്തിയ പ്രഭാഷണവും ആലാപനവും മധുരമനോജ്ഞവും വിജ്ഞാനപ്രദവുമായിരുന്നു.
കര്‍ണാടക സംഗീതത്തിന്‍റെ ഉപാസകര്‍ക്കും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കും ഒരു സംഗീത വിരുന്ന് തന്നെയൊരുക്കിയ സംഗീതജ്ഞര്‍ ചെമ്പൈ സ്വാമികളുടെ സ്മരണാഞ്ജലി ദിനം ദീപ്തവും ഭാവമധുരവുമാക്കി.