/sathyam/media/media_files/2025/01/14/s9hBCztWcqYDg2ibCiaB.jpg)
പാലക്കാട്: സൈക്ലിങ്ങിനെ പ്രണയിക്കുന്നവരുടെ സ്വപ്നമാണ് ബിആര്‍എം ബ്രെവെറ്റ്സ് ഡൈ റാണ്ടോണേഴ്‌സ് മോൻഡിയോ പാരീസ് (Brevets de Randonneurs Mondiaux, Paris) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇവൻ്റ്.
മത്സര സ്വഭാവമില്ലാതെ, ദൂരവും സമയവും മാത്രം നിശ്ചയിച്ച്, പാരീസിലെ ഒഡാക്സ് ക്ലബ്ബ് പാരീസിയന്‍ (എസിപി) എന്ന സംഘടന ലോകമെമ്പാടുമുള്ള സൈക്ക്‌ലിസ്റ്റുകൾക്ക് തങ്ങളുടെ ഇടങ്ങളിൽ തന്നെ പങ്കെടുക്കാവുന്ന രീതിയിൽ നടത്തുന്ന ഈ ഇവൻ്റ് ഏതൊരാൾക്കും അഭിമാനാർഹമായ ഒരു നേട്ടമാണ്.
കായികക്ഷമതയും മാനസികാരോഗ്യവും സ്വയം പര്യാപ്തതയും ഒരുപോലെ ആവശ്യപ്പെടുന്ന ദീർഘദൂര സൈക്ലിങ് ഇവൻ്റുകൾക്കായി ക്ലബിലെ അംഗങ്ങളെ ഒരുക്കിയെടുക്കാൻ ഉദ്ദേശിച്ച് ജില്ലയിലെ ഏറ്റവും വലിയ സൈക്ലിങ്ങ് കൂട്ടായ്മയായ പാലക്കാട് ഫോർട്ട് പെഡലേഴ്‌സ് പാലക്കാട് റാണ്ടോണേഴ്സ് മൈലേഴ്സ് അഥവാ ബിആര്‍എം 100 എന്ന ഇവൻറ് സംഘടിപ്പിച്ചു.
ജനുവരി 12 ന് പാലക്കാട് കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച ഇവൻ്റ്, കേരളത്തിലെ അറിയപ്പെടുന്ന സൈക്ക്‌ളിസ്റ്റായ ഹരി പാമ്പൂർ ഫ്ലാഗ് ഓഫ് ചെയ്തു.
/sathyam/media/media_files/2025/01/14/0wgpVZ0jtRsTyTGPf2nx.jpg)
ടൂറിസം ഭൂപടത്തിൽ പാലക്കാടിനെ അടയാളപ്പെടുത്തുന്ന എലപ്പുള്ളി, കൊഴിഞ്ഞാമ്പാറ, നാട്ടുകൽ , ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ, മുടപ്പല്ലൂർ ,ആലത്തൂർ എന്നീ സ്ഥലങ്ങൾ വഴി കോട്ട മൈതാനത്ത് സമാപിച്ചപ്പോൾ 100 കിലോമീറ്റർ വിഭാഗത്തിൽ പങ്കെടുത്ത 42 പേരും, 50 കിലോമീറ്റർ വിഭാഗത്തിൽ പങ്കെടുത്ത 9 പേരും, നിശ്ചിത സമയത്തിനുള്ളിൽ യാത്ര വിജയകരമായി പൂർത്തിയാക്കി.
പാലക്കാട്ടുകാർക്കൊപ്പം തൃശൂർ, മലപ്പുറം,കൊച്ചി, കോട്ടയം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നും സൈക്ളിസ്റ്റുകൾ പങ്കെടുത്തു.
വിജയികൾക്ക് പാലക്കാട് സൗത്ത് സ്റ്റേഷൻ എസ്എച്ച്ഓ ആദംഖാൻ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. ഏറ്റവും കുറഞ്ഞ സമയത്തിൽ ലക്ഷ്യം പൂർത്തിയാക്കിയ നാല് പേർക്ക് അഡീനിയം ചെടികളും, വിജയികളായ എല്ലാവർക്കും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.
സംഘാടകരായ ഫോർട്ട് പെഡലേഴ്‌സിൻ്റെ പ്രസിഡൻ്റ് വേണുഗോപാൽ മണലടിക്കളം, ഉപദേശക സമിതി അംഗം അഫ്താബ് ഹുസ്സൈൻ, സെക്രട്ടറി ജയറാം കൂട്ടപ്ലാവിൽ, വൈസ് പ്രസിഡൻ്റുമാരായ ദിലീപ് എ ജി, രമേശ് ഹരിഹരൻ, ജോയിൻ്റ് സെക്രട്ടറി അഡ്വ ലിജോ പനങ്ങാടൻ, ട്രഷറർ അഡ്വ.അനൂപ് എസ്.എം, ഭരണ സമിതി അംഗങ്ങളായ ഡോ. പി എ നജീബ്, ബുനിയാമിൻ, ശ്യാംകുമാർ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us