മലമ്പുഴ: 'ആരോഗ്യം ആനന്ദം'കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാംപയിന്റെ ഭാഗമായി 30 വയസ് കഴിഞ്ഞ വനിതകള്‍ക്കായി മെഗാ കാന്‍സര്‍ സ്ക്രീനിങ് ക്യാമ്പ് നടത്തി.
പരിപാടിയുടെ ഉദ്ഘാടനം പുതുപരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ബിന്ദു വിന്റെ അധ്യക്ഷതയില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി സേതുമാധവന്‍ നിര്‍വഹിച്ചു.
പാലക്കാട് ജില്ലാ പഞ്ചായത്തും ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) വും ദേശീയാരോഗ്യദൗത്യവും സംയുക്തമായി വിവിധ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ മലമ്പുഴ ഉദ്യാനത്തില്‍ വെച്ചാണ് ക്യാമ്പ് നടത്തിയത്.
ആകെ 536 പേര്‍ക്ക് ഗര്‍ഭാശയഗളാര്‍ബുദത്തിനുള്ള പാപ്‌സ്മിയര്‍ പരിശോധനയും സ്തനാര്‍ബുദ പരിശോധനയും നടത്തി. കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിനില്‍ 30 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകളെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്ത്രീകളിലെ ക്യാന്‍സര്‍ പ്രത്യേകിച്ച് സ്തനാര്‍ബുദം, ഗര്‍ഭാശയഗളാര്‍ബുദം എന്നിവ സംബന്ധിച്ച് സമൂഹത്തില്‍ അവബോധം വര്‍ദ്ധിപ്പിക്കുക, ക്യാന്‍സര്‍ സംബന്ധമായ തെറ്റിദ്ധാരണകള്‍ അകറ്റുക, രോഗം പരമാവധി നേരത്തെ കണ്ടെത്തി ചികിത്സ നല്‍കുക, അതുവഴി രോഗം മൂലമുള്ള മരണനിരക്ക് കുറയ്ക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍.
പരിപാടിയോട് അനുബന്ധിച്ച് ശരവണന്‍ പാലക്കാട് അവതരിപ്പിച്ച മാജിക്, വെന്‍ട്രിലോക്കിസം, ചളവറ ആശ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച തെയ്യം, മലമ്പുഴ സി-മെറ്റ് നേഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റ്, കാന്‍സര്‍ രോഗ ബാധിതരുടെ അനുഭവങ്ങള്‍ പങ്കുവെക്കല്‍, കോങ്ങാട് ആരോഗ്യ ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും ആശാ പ്രവര്‍ത്തകരുടെയും വിവിധ കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. ആര്‍. വിദ്യ മുഖ്യപ്രഭാഷണം നടത്തി.
കോങ്ങാട് ഹെല്‍ത്ത് ബ്ലോക്കിന് കീഴിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.അജിത് (കോങ്ങാട്), അനിത എസ്.(മണ്ണുര്‍), ഷീബ സുനില്‍ (കേരളശ്ശേരി), ടി.രാമചന്ദ്രന്‍ മാസ്റ്റര്‍ (കരിമ്പ), സജിത എം.വി (മുണ്ടൂര്‍), സുനിത അനന്തകൃഷ്ണന്‍ (അകത്തേത്തറ), ഉണ്ണികൃഷ്ണന്‍ പി. (മരുതറോഡ്), രാധികാ മാധവന്‍ (മലമ്പുഴ) പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.കെ. ജയപ്രകാശ്, എ. പ്രശാന്ത്, സഫ്ദര്‍ ഷെരീഫ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ തോമസ് വാഴപ്പിള്ളി, കാഞ്ചന സുദേവന്‍, മലമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലത മോഹന്‍ദാസ്, ആരോഗ്യ കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.ബിനോയ്, മലമ്പുഴ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഹേമലത, കോങ്ങാട് സി.എച്ച്.സി സൂപ്രണ്ട് ഡോ. മൈനാവതി ആര്‍, മലമ്പുഴ ഗാര്‍ഡന്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുള്‍ മുനീര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ടെക്‌നിക്കല്‍ അസിസ്റ്റന്റ് ആര്‍ സി ഗീരിഷ് കുമാര്‍, മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയപ്രസാദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ഉദയകുമാര്‍, കോങ്ങാട് സി.എച്ച്.സി ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ സിസിമോന്‍ തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസിലെ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.