പട്ടാമ്പി: നേരറിവ് നല്ല നാളേക്ക് എന്ന പ്രമേയത്തിൽ വാടാനാംകുറുശ്ശി വില്ലേജ് മഅ്ദിനുൽ ഉലൂം മദ്റസയിൽ പ്രവേശനോത്സവം നടന്നു. വിശുദ്ധ റമളാൻ അവധിക്ക് ശേഷം പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ചുകൊണ്ടു നടന്ന മഹർജാനുൽ ബിദായ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളും രക്ഷിതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ഒരുമിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
നാടിനെ കാർന്നു തിന്നുന്ന സമൂഹത്തിന്റെ എല്ലാവിധ സമ്പത്തുകളെയും നശിപ്പിക്കുന്ന ലഹരിയുടെ വിവിധ രൂപത്തിലുള്ള വ്യാപനങ്ങൾ ഒറ്റക്കെട്ടായി എതിർക്കും എന്നും ലഹരി വിമുക്ത നാടിനായി എന്നും കൈകോർക്കുമെന്നും സംഗമം പ്രഖ്യാപിച്ചു.
ന്യൂ അഡ്മിഷൻ, ഉൽബോധന പ്രസംഗം, മധുര വിതരണം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. ചടങ്ങിൽ മദ്രസ പ്രസിഡണ്ട് പി ഹസ്സൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് കുട്ടി ഹാജി ആമുഖപ്രഭാഷണം നടത്തി.
മഹല്ല് ഖത്തീബും മദ്രസ പ്രധാന അധ്യാപകനുമായ യുഎ അബ്ദു റഷീദ് അസ്ഹരി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ നൂറുദ്ദീൻ ഇർഷാദി, അബുല്ലൈസ് നിസാമി, മുഹമ്മദലി സഖാഫി, വൈസ് പ്രസിഡണ്ട് അബ്ദുസ്സലാം ഹാജി, ട്രഷറർ എകെ ഹാജി, കമ്മിറ്റി അംഗങ്ങളായ എംഎം നാസർ, നിസാർ പി, നിസാർ എം, മുസ്തഫ വിടി എന്നിവർ പങ്കെടുത്തു..