/sathyam/media/media_files/2025/04/12/jRaSropJaCbXNDkaSrOu.jpg)
പാലക്കാട്: "മാലിന്യമുക്തം നവകേരളം" സംസ്ഥാന തല പ്രഖ്യാപനത്തിന് മുൻപായി ജില്ലാതല മാലിന്യമുക്ത പ്രഖ്യാപനങ്ങൾ പൂർത്തിയായി തലസ്ഥാനത്ത് കനകക്കുന്നിൽ "വൃത്തി 2025- ദേശീയ ക്ലീൻ കേരള കോൺക്ലേവ്" നടന്നുവരികയാണ്.
സംസ്ഥാനം ശുചിത്വ കേരളം ലക്ഷ്യസാക്ഷാത്കാരത്തിൻ്റെ തൊട്ടരുകിൽ നിൽക്കുമ്പോൾ വൈവിധ്യമാർന്ന ശുചിത്വ പ്രവർത്തനങ്ങളുടെ സംതൃപ്തിയുടെ നിറവിലാണ് സമ്പൂർണ്ണ ശുചിത്വ പ്രവർത്തകനായ പി.വി സഹദേവൻ.
ആദ്യം ആരോഗ്യ വകുപ്പിലും തുടർന്ന് പഞ്ചായത്ത് വകുപ്പിലും ജോലി ചെയ്തു. പുതുപ്പരിയാരം പഞ്ചായത്തിൽ സീനിയർ ക്ലാർക്കായി ജോലി ചെയ്ത് വരവേ 2019-20 കാലഘട്ടത്തിൽ ഗ്രീൻ പ്രോട്ടോകോൾ ഓഫീസറുടെ ചുമതല വഹിച്ചത് ശുചിത്വ പ്രവർത്തനത്തിൻ്റെ സുവർണ്ണ കാലമായിരുന്നു.
പ്രസിഡൻ്റ്, മറ്റു ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി, അസിസ്റ്റൻ്റ് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ സ്വതന്ത്രവും ശക്തവുമായ ശുചിത്വ പ്രവർത്തനം നട ത്തുവാൻ കഴിഞ്ഞു.
മാലിന്യകേന്ദ്രമായിരുന്ന വഴിയോരങ്ങളും മറ്റു പൊതുസ്ഥലങ്ങളും മാലിന്യമുക്തമാക്കൽ ശ്രമകരമായ ജോലിയായിരുന്നു. പഞ്ചായത്ത് ജൈവമാലിന്യ പ്ലാൻ്റിലെ ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി "ക്ലീൻ പുതുപ്പരിയാരം.. ഗ്രീൻ പുതുപ്പരിയാരം ശുചിത്വ പദ്ധതി" പ്രവർത്തനം തുടങ്ങിയതോടെ പുതുപ്പരിയാരം ശുചിത്വ മനോഹരമായി തീർന്നു.
അന്നത്തെ ജില്ലാ കളക്ടർ ബാലമുരളി പുതുപ്പരിയാരം ക്ലീനായതിൽ ഭരണസമിതിയെ പ്രശംസിച്ചു. ഇപ്രകാരം ശുചിത്വത്തിൽ സംസ്ഥാനത്തെ മികച്ച പഞ്ചായത്തുകളിൽ ഒന്നായി പുതുപ്പരിയാരം പഞ്ചായത്ത് മാറിയതിൽ മുഖ്യ പങ്കുവഹിക്കാൻ കഴിഞ്ഞു.
സംസ്ഥാനത്ത് തന്നെ ആദ്യമായി ശുചിത്വ ബോധവൽക്കരണത്തിൻ്റെ ഭാഗമായി ഹരിത ഗ്രാമസഭകൾ, വനിതാസഭ, വിദ്യാർത്ഥിസഭ, വയോജനസഭ, ജലസഭ, പരിസ്ഥിതിസഭ, ഹരിതനിയമ ബോധവൽക്കരണ സദസ്സ് തുടങ്ങിയവ നടത്തിയത് ഏറെ ശ്രദ്ധേയമായി.
പുതുപ്പരിയാരത്തെ "ക്ലീനാക്കിയ" ആ മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തി "പുതുപ്പരിയാരം വാർത്തകൾ" എന്ന സന്നദ്ധ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സഹദേവനും പ്ലാൻ്റിലെ ജീവനക്കാർക്കും ജനകീയ ആദരവ് നൽകിയത് വലിയൊരു അംഗീകാരമായിരുന്നു.
ഗ്രീൻ പ്രോട്ടോകോൾ ഓഫീസർ എന്ന നിലയ്ക്കുള്ള മാതൃകാ പ്രവർത്തനം പരിഗണിച്ച് കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന തലത്തിൽ സഹദേവന് ആദരവ് നൽകി.
ജോലിയിൽ നിന്നും വിരമിച്ച ശേഷവും അഞ്ച് വർഷത്തോളമായി ശുചിത്വത്തിനായി വിശ്രമമില്ലാതെ പ്രവർത്തിച്ചു വരികയാണ് അദ്ദേഹം.
ആദ്യം ഹരിത മിഷനിലും, തുടർന്ന് ശുചിത്വ മിഷനിലും സജീവമായി പ്രവർത്തിച്ച സഹദേവൻ കുടുംബശ്രീ മിഷനുമായി ബന്ധപ്പെട്ടും ശുചിത്വ പ്രവർത്തനങ്ങൾ നിർവ്വഹിച്ചു.
നിലവിൽ ക്ലീൻ കേരളയുടെ സെക്ടർ കോർഡിനേറ്റർ എന്ന നിലയിൽ ജില്ല മുഴുവൻ മാതൃകാ ശുചിത്വ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ക്ലീൻ കേരളയുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിൻ്റേയും എല്ലാ മിഷനുകളുടേയും ശുചിത്വ പ്രവർത്തങ്ങളിൽ ഇപ്പോഴും സഹകരിച്ചു പ്രവർത്തിക്കുന്നു.
മലമ്പുഴ ബ്ലോക്കിലും മണ്ഡലത്തിലും മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ഒന്നാം ഘട്ടത്തിൽ പഞ്ചായത്ത് തലത്തിൽ "ശുചിത്വ സഭ"കൾ സംഘടിപ്പിച്ചതും, രണ്ടാം ഘട്ടത്തിൽ ഹരിതകർമ്മസേനാംഗങ്ങളെ ഉൾപ്പെടുത്തി വിവിധ വിദ്യാലയങ്ങളിൽ "ഹരിത അസംബ്ലി"കൾ സംഘടിപ്പിച്ചതും വിശിഷ്ട പ്രവർത്തനങ്ങളായിരുന്നു.
പൊതു "ഹരിത സഭ", കൂടാതെ വിദ്യാർത്ഥികളുടെ "ഹരിത സഭ" പ്രവർത്തനങ്ങളിലും രണ്ടു വർഷവും സജീവ പങ്കാളിത്തം വഹിച്ചു.
കൂടാതെ, "മാലിന്യമുക്തം നവകേരളം" ക്യാമ്പയിനുകൾക്കൊപ്പം, വലിച്ചെറിയൽ മുക്ത കേരളം, "ഇനി ഞാൻ ഒഴുകട്ടെ", " തെളിനീരൊഴുകും നവകേരളം" തുടങ്ങിയ ക്യാമ്പയിനുകളിലും കൂടാതെ കേന്ദ്ര-സംസ്ഥാന-തദ്ദേശ സർക്കാരുകളുടെ ആഭിമുഖ്യത്തിൽ നടന്ന "സ്വച്ഛതാ ഹി സേവാ" ക്യാമ്പയിനുകളിലും വിശിഷ്ട സേവനമാണ് നിർവ്വഹിച്ചത്.
അനേകം ശുചിത്വ സദസ്സുകളിലൂടെ കുട്ടികൾക്കും, പ്രായമായവർക്കും, ജനപ്രതിനിധികൾക്കും ,ഉദ്യോഗസ്ഥർക്കും, മഹത്തായ ശുചിത്വ സന്ദേശം നൽകാൻ കഴിഞ്ഞത് ജൻമ സുകൃതമായി കരുതുന്നു. ഹരിതകർമ്മ സേനാംഗങ്ങളെ സമൂഹത്തിൻ്റെ മുൻനിരയിൽ കൊണ്ടുവരുന്നതിന് നിരവധി പ്രവർത്തനങ്ങൾ നടത്തി.
ശുചിത്വമുൾപ്പെടെ വിവിധ സർക്കാർ പരിപാടികളിൽ "മാലിന്യ മുക്ത പ്രതിജ്ഞ" ചൊല്ലികൊടുക്കൽ, ഗ്രാമസഭകളിലും വിദ്യാലയങ്ങളിലും മറ്റും ബോധവൽക്കരണ ക്ലാസ്സെടുക്കൽ തുടങ്ങിയവയ്ക്കായി ഹരിതകർമ്മ സേനാംഗങ്ങളെ മുൻപന്തിയിൽ കൊണ്ടുവരുവാനും യത്നിച്ചു.
അജൈവ മാലിന്യത്തിൻ്റെ തരം തിരിവ്, പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കൽ, ശുചിത്വത്തിൻ്റെ പ്രാധാന്യം എന്നിവ സംബന്ധിച്ച അറിവ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പകർന്നുനൽകുന്നതിനായി "ഹരിത കർമ്മ സേനാംഗങ്ങളെ" ഗ്രീൻടീച്ചർ"മാരായി അവതരിപ്പിക്കാൻ കഴിഞ്ഞതും സഹദേവന് വളരെ സംതൃപ്തി നൽകുന്ന ഒന്നാണ്.
ഹരിത കർമ്മ സേനയുടെ ഉന്നതിക്കായും സമ്പൂർണ്ണ ശുചിത്വത്തിനായും "ശുചിത്വ വേദി" എന്ന സാമൂഹ്യ.. സാംസ്കാരിക കൂട്ടായ്മയിലൂടെയും പ്രവർത്തിക്കുന്നു.
രണ്ടാംഘട്ടത്തിലെ മാലിന്യ മുക്ത പ്രവർത്തനത്തിലൂടെ സർക്കാർ ലക്ഷ്യമിട്ട "ശുചിത്വ സുസ്ഥിരതയും " ആളുകളുടെ "മനോഭാവ മാറ്റവും" എന്നതിന് ഊന്നൽ നൽകി മാലിന്യ മുക്ത ജനകീയ പ്രവർത്തനങ്ങളുടെ മൂന്നാംഘട്ടം തുടങ്ങണമെന്നതാണ് തുടർ ശുചിത്വ പ്രവർത്തനങ്ങൾക്കായി സഹദേവൻ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.
അറുപത് വീടുകൾക്ക് ഒന്ന് എന്ന അനുപാതത്തിൽ ക്ലസ്റ്റർ ശുചിത്വ സഭകൾ മൂന്ന് മാസത്തിലൊരിക്കൽ നിർബന്ധമായും നടത്തുന്നത് ജനകീയ ശുചിത്വ പ്രവർത്തനങ്ങൾക്ക് ബലമേകും എന്ന അഭിപ്രായവുമുണ്ട്.
"സമ്പൂർണ്ണ ശുചിത്വം ജനങ്ങളിലൂടെ" എന്ന കർമ്മ പദ്ധതിക്കായും, ഹരിത കർമ്മ സേനയ്ക്ക് നിശ്ചിത വരുമാനവും ക്ഷേമവും ഉറപ്പ് വരുത്തൽ തുടങ്ങിയവുമായി ബന്ധപ്പെട്ട പ്രത്യേക നിർദ്ദേശങ്ങൾ സർക്കാർ മുൻപാകെ സമർപ്പിച്ചിരുന്നു.
ഇതിൻ്റെ തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നും സഹദേവൻ പറഞ്ഞു. "മാലിന്യമുക്തം നവ കേരളം" രണ്ടാംഘട്ടത്തിലെ മികച്ച പ്രവർത്തനവുമായി ബന്ധപ്പെട്ട് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് "മാലിന്യമുക്ത ബ്ലോക്ക് " പ്രഖ്യാപന ചടങ്ങിൽ സഹദേവന് പ്രത്യേക ആദരവ് നൽകിയത് അർഹതയ്ക്കുള്ള മറ്റൊരു അംഗീകാരമായിരുന്നു.
മികച്ച ശുചിത്വ മാതൃകകൾ സൃഷ്ടിച്ച ഹരിത സേനകൾക്കും വിദ്യാർത്ഥികൾക്കുമെല്ലാം ജനകീയ അംഗീകാരം ലഭ്യമാക്കുക എന്നതാണ് ശുചിത്വ പ്രവർത്തനവുമായി ബന്ധപ്പെട്ട് സഹദേവൻ്റെ ഇപ്പോഴത്തെ ആഗ്രഹം. അതിനുള്ള പ്രവർത്തനവും നടത്തി വരുന്നുണ്ട്.