പാലക്കാട്: ജനവാസ മേഖലകളിൽ മനുഷ്യജീവനു പോലും ഭീഷണിയായി വന്യമൃഗങ്ങൾ കടന്നുകയറുകയാണെന്നും കൃഷിയുൾപ്പടെയുള്ള ജീവനോപാധികൾ വ്യാപകമായി നശിപ്പിക്കപ്പെടുകയാണെന്നും എന്നാൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടം ഈ വിഷയത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും ബിഎംഎസ് സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ പറഞ്ഞു.
മുണ്ടൂർ ആവർത്തിക്കാതിരിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി കർഷക മസ്ദൂർ സംഘം ബിഎംഎസ് നടത്തിയ ഡി എഫ് ഒ ഓഫീസ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അകമ്പടി വാഹനങ്ങളുടെ ആഡംബര പെരുമയിൽ വിരാജിക്കുന്ന ഭരണകൂടം ജീവനും ജീവിതവും നഷ്ടപ്പെടുന്നവരെ കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/06/25/bms-dfo-office-march-2025-06-25-13-54-32.jpg)
എ ഐ സംവിധാനം ഉപയോഗിച്ച് മൊബൈൽ അലാറം നൽകാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ പല മരണങ്ങളും കൃഷിനാശവും ഒഴിവാക്കാമായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട ഭരണകർത്താക്കളേയും ഉദ്യോഗസ്ഥരേയും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും ശക്തമായ സമരത്തിന് ബി എം എസ് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ ധനസഹായം ഒരു കോടി രൂപയാക്കി ഉയർത്തുക, വന്യജീവി ആക്രമണത്തിൽ അപകടം സംഭവിച്ചവർക്ക് ആജീവനാന്ത ചികിത്സാ സഹായമായി 50 ലക്ഷം രൂപ അനുവദിക്കുക, വന്യജീവി ആക്രമണത്താൽ വിളകൾ നശിപ്പിക്കപ്പെട്ടാൽ നൽകുന്ന സഹായധനം 4 ഇരട്ടിയായി ഉയർത്തുക, 15 ദിവസത്തിനകം സഹായ ധനം വിതരണം ചെയ്യുക, പ്രദേശവാസികളെ ഉൾപ്പെടുത്തി ശക്തമായ ഫെൻസിങ് റഡാർ കിടങ്ങ് സംവിധാനങ്ങൾ ഏർപ്പെടുത്തുക, വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആശ്രിത നിയമനം ആയി സർക്കാർ സംവിധാനത്തിൽ ജോലി ഉറപ്പാക്കുക, കൃഷിസ്ഥലത്തെ വന്യമൃഗങ്ങളുടെ സാന്നിധ്യം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടന്നത്.
ഒലവക്കോട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ഡി എഫ് ഒ ഓഫീസിനു മുന്നിൽ അവസാനിച്ചു. തുടർന്നു നടന്ന ധർണ്ണയിൽ കർഷക മസ്ദൂർ സംഘം ജില്ലാ ഉപാധ്യക്ഷൻ എൻ.വി. ശശി അധ്യക്ഷത വഹിച്ചു.
ബി എം എസ് ജില്ലാ സെക്രട്ടറി കെ. രാജേഷ്, ഭാരവാഹികളായ ശശി ചോറോട്ടൂർ, എസ്. ശരത്, രാജേഷ് ചെത്തല്ലൂർ കർഷകമസ്ദൂർ സംഘം ജില്ലാ ജനറൽ സെക്രട്ടറി എസ്. രാജേന്ദ്രൻ, ട്രഷറർ കെ.പി. ദിവാകരൻ, മേഖലാ ഭാരവാഹികളായ എം.സി.സതീഷ്, പി.പ്രകാശൻ എന്നിവർ സംസാരിച്ചു.
മാർച്ചിന് കർഷക മസ്ദൂർ സംഘം ജില്ലാ ഭാരവാഹികളായ കെ.വി.ചന്ദ്രൻ, കെ.ആർ.രാജൻ, എസ്. കൃഷ്ണനുണ്ണി, ബി.സന്തോഷ്, ബി. വിജയരംഗം, ഗോപാലകൃഷ്ണൻ കഞ്ചിക്കോട് എന്നിവർ നേതൃത്വം നൽകി.
ധർണ്ണ അവസാനിപ്പിച്ച ശേഷം ജില്ലാ നേതാക്കൾ ഡി എഫ് ഒ ക്ക് ഡിമാൻഡ് നോട്ടീസ് നൽകുകയും അടിയന്തിരമായി പ്രശ്നപരിഹാരം നടത്താൻ തയ്യാറാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.