നഗരത്തിൽ നിന്നും മാറ്റിയ ഒ.വി വിജയൻ്റെ പ്രതിമ പുന:സ്ഥാപിക്കണം: സൗഹൃദം ദേശീയ വേദി പാലക്കാട് നഗരസഭയ്ക്ക് നിവേദനം നൽകി

പ്രതിമയുടെ മറവുള്ളതിനാല്‍ വാഹനങ്ങള്‍ കാണാനാവില്ലെന്നായിരുന്നു പരാതിക്കാരുടെ വാദം. ഇത് കേട്ട് പ്രതിമ പൊളിച്ചുനീക്കാന്‍ മുന്‍സിഫ് കോടതി ഉത്തരവിടുകയായിരുന്നു. 

author-image
ജോസ് ചാലക്കൽ
New Update
souhrudam deshiya vedi palakkad

പാലക്കാട്: പാലക്കാട് നഗരത്തിൽ നിന്നും മാറ്റിയ മലയാളത്തിൻ്റെ മഹാ സാഹിത്യകാരനായ ഒ.വി വിജയൻ്റെ പ്രതിമ നഗരഹൃദയത്തിൽ തന്നെ പുന:സ്ഥാപിക്കണമെന്ന് സൗഹൃദം ദേശീയ വേദി ആവശ്യപ്പെട്ടു.

Advertisment

2019 ൽ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന്റെ അമ്പതാം വാര്‍ഷികവും ഒ.വി വിജയന്റെ ജന്മദിനാഘോഷവും പൊടിപൊടിക്കുന്ന സമയത്താണ് പാലക്കാട് നഗരത്തില്‍ നിന്ന് വിജയന്റെ പ്രതിമ നീക്കം ചെയ്തത്. 

ഒ.വി വിജയന്റെ 89-ാം ജന്മദിനാഘോഷങ്ങള്‍ തസ്രാക്കില്‍ ആഘോഷപൂര്‍വ്വം നടക്കുന്ന വേളയില്‍ പാലക്കാട് നഗരത്തില്‍ സ്ഥാപിച്ചിരുന്ന ഒ.വി വിജയന്റെ പ്രതിമ പൊളിച്ച് നീക്കിയത് സാഹിത്യകാരനോടുള്ള അനാദരവായി കണ്ട് നിരവധിപേരാണ് അന്ന് പ്രതിഷേധിച്ച് രംഗത്തെത്തിയത്.

മുന്‍സിഫ് കോടതി വിധിയെ തുടര്‍ന്നാണ്  നഗരസഭയുടെ സ്ഥലത്ത് നിന്ന് ഒ.വി വിജയന്റെ പ്രതിമ   പൊളിച്ച് നീക്കിയത് എന്നും പറഞ്ഞിരുന്നു. പാലക്കാട്ടെ  ഒരു സാമൂഹ്യ സംഘടനയാണ് ട്രാഫിക് തടസ്സം പറഞ്ഞ് കോടതിയെ സമീപിച്ചത്.

പാലക്കാട് എസ്ബിഐ ജംഗ്ഷന് സമീപം സ്ഥാപിച്ച ഏഴടി ഉടയരമുള്ള പ്രതിമയാണ് അന്ന് പൊളിച്ച് നീക്കിയത്. പ്രതിമ ഒ.വി വിജയന്‍ സ്മാരക ട്രസ്റ്റ് ഏറ്റെടുക്കുകയും തസ്രാക്കിലെത്തിക്കുകയും ചെയ്തു. 

എന്നാല്‍ നഗരസഭയുടെയോ പ്രതിമ സ്ഥാപിച്ചവരുടെയോ അറിവില്ലാതെ പ്രതിമ പൊളിച്ച് മാറ്റിയതിലും തസ്രാക്കിലേക്കെത്തിച്ചതിനെതിരെയും വലിയ പ്രതിഷേധമാണ് അന്ന് ഉയര്‍ന്നത്.  

സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കിയാണ് കുറേപ്പേർ  പ്രതിമ സ്ഥാപിച്ചത്. നഗരസഭയുടെ സ്ഥലത്ത് പ്രതിമ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് പാലക്കാട് നഗരസഭ അധികൃതർ പറഞ്ഞിരുന്നുവെങ്കിലും ആറ് വർഷമായിട്ടും ഇക്കാര്യത്തിൽ യാതൊരു  അനക്കവുമുണ്ടായിട്ടില്ല. 

മുൻപ്  പാലക്കാട് കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ഒ.വി വിജയന്റെ പ്രതിമ 2016ല്‍ പെട്ടെന്ന് അപ്രത്യക്ഷമായിരുന്നു. പ്രതിമയ്ക്കായി തിരച്ചിലുകള്‍ നടന്നെങ്കിലും അത് എവിടെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

ov vijayan

റോഡ് വികസനത്തിന്റെ ഭാഗമായാണ് പ്രതിമ കാണാതായതെന്നാണ് അന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞത്. പ്രതിമ മാറ്റാന്‍ ഉത്തരവൊന്നും നല്‍കിയില്ല എന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞപ്പോഴും പ്രതിമ എവിടെ എന്ന കാര്യത്തില്‍ ഉത്തരം ലഭിച്ചിരുന്നില്ല. 

പിന്നീട് നഗരസഭാ വളപ്പില്‍ നിന്ന് പ്രതിമ അന്യാധീനപ്പെട്ട നിലയില്‍ മാലിന്യക്കൂമ്പാരത്തിനിടയില്‍ കണ്ടെത്തുകയായിരുന്നു. 

തുടര്‍ന്ന് പാലക്കാട്ടെ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒ.വി വിജയന്റെ പ്രതിമ പുന:സ്ഥാപിക്കണമെന്ന് മുറവിളി കൂട്ടുകയും പ്രതിമ നിര്‍മ്മാണ സമിതി രൂപീകരിക്കുകയും ചെയ്തു. 

എസ്ബിഐ ജംഗ്ഷന് സമീപമുള്ള നഗരസഭയുടെ സ്ഥലത്ത് പ്രതിമ നിര്‍മ്മിക്കുന്നതിന് പ്രതിമ നിര്‍മ്മാണ സമിതിക്ക് നഗരസഭാ കൗണ്‍സില്‍ അനുമതി നല്‍കിയെന്നും അങ്ങനെ നിര്‍മ്മിച്ചതാണ് 2019ൽ  നീക്കം ചെയ്ത പ്രതിമയെന്നും പറയുന്നു.

സാമൂഹിക പ്രവര്‍ത്തകര്‍ വിവിധ സംഘടനകളുടെ സഹായത്തോടെയാണ് പ്രതിമ നിര്‍മ്മിച്ചത്. 30,000 രൂപ ചെലവില്‍ പട്ടാമ്പി സ്വദേശി എം.എ വേണുവാണ് പ്രതിമയുടെ നിര്‍മ്മാണം നടത്തിയത്.

പ്രതിമയുടെ മറവുള്ളതിനാല്‍ വാഹനങ്ങള്‍ കാണാനാവില്ലെന്നായിരുന്നു പരാതിക്കാരുടെ വാദം. ഇത് കേട്ട് പ്രതിമ പൊളിച്ചുനീക്കാന്‍ മുന്‍സിഫ് കോടതി ഉത്തരവിടുകയായിരുന്നു. 

എന്നാല്‍ സ്ഥലമുടമയായ നഗരസഭയേയോ പ്രതിമ നിര്‍മ്മാണ സമിതിയേയോ കക്ഷി ചേര്‍ക്കാതെ ‘പാലക്കാട് മുന്നോട്ട്’ എന്ന സംഘടന കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും എക്‌സ് പാര്‍ട്ടി വിധി സമ്പാദിക്കുകയുമായിരുന്നു എന്ന് പ്രതിമ നിര്‍മ്മാണ സമിതി ഭാരവാഹി ബോബന്‍ മാട്ടുമന്ത ആരോപണം ഉന്നയിച്ചിരുന്നു. 

പാലക്കാട് നഗരത്തിലെ വാഹന ഗതാഗതത്തിന് പ്രതിമയുടെ മറവ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു എന്നും ബന്ധപ്പെട്ടവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് കോടതിയില്‍ കേസ് നല്‍കിയതെന്നുമാണ് പാലക്കാട് മുന്നോട്ട് സംഘടനയുടെ ഭാരവാഹിയായ വിജയൻ അന്ന് പറഞ്ഞത്.  

30 വര്‍ഷത്തേക്ക് പാര്‍ക്ക് ആയി സംരക്ഷിക്കാന്‍ നഗരസഭ ചുമതലപ്പെടുത്തിയ സ്ഥലത്ത് അനധികൃതമായാണ് പ്രതിമ സ്ഥാപിച്ചതെന്ന്  ഈ സംഘടനയുടെ ഭാരവാഹികൾ പ്രത്യാരോപണവും നടത്തിയിരുന്നു. 

എന്നാല്‍ ഈ സ്ഥലം നഗരസഭയുടേതാണെന്നും നോക്കിനടത്താന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നു മുള്ള   വിശദീകരണമാണ് സംരസഭയുടെ ഭാഗത്ത് നിന്നും അന്ന് ഉണ്ടായത്. 

എന്നാൽ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത പ്രതിമ പിന്നീട് തസ്രാക്കിലെത്തിക്കുകയായിരുന്നു. 

നഗരസഭ എസ്ബിഐ ജംഗ്ഷന് സമീപം പ്രതിമ നിന്നിരുന്ന സ്ഥലത്ത് ‘നഗരസഭയുടെ സ്ഥലം’ എന്ന ബോര്‍ഡ് സ്ഥാപിക്കുകയും കോടതി വഴി നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. പ്രതിമ നിര്‍മ്മാണ സമിതിയും നിയമനടപടികളുമായി മുന്നോട്ട് പോവുകയും ചെയ്തിരുന്നു.

കോടതി വിധി വന്നത് പോലും തങ്ങള്‍ അറിഞ്ഞില്ല എന്നാണ് പ്രതിമ നിര്‍മ്മാണ സമിതിയും നഗരസഭയും അന്ന് പറഞ്ഞത്. ഇതിനിടെ വിഷയം രാഷ്ട്രീയ വിവാദമാവുകയും ചെയ്തു.  

പ്രതിമ തിരികെ ആവശ്യപ്പെടുമെന്നും ലഭിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന പക്ഷം പുതിയ പ്രതിമ ഇതേ സ്ഥലത്ത് സ്ഥാപിക്കുമെന്നും അന്തിമ തീരുമാനം നഗരസഭാ കൗണ്‍സിലില്‍ എടുക്കുമെന്നും നഗരസഭാ അധികൃതർ അന്ന് അറിയിച്ചിരുന്നു. 

എന്നാൽ നാളിത് വരേയ്ക്കും ഈ വിഷയത്തിൽ യാതൊരു നടപടിയും ഉണ്ടായില്ല. സാംസ്കാരിക പ്രവർത്തകർ പൂർണ്ണമായും ഈ വിഷയം മറന്നു പോയ അവസ്ഥയിലുമാണ്. 

ഈ സാഹചര്യത്തിൽ  നഗരസഭയ്ക്ക്  ഇത് സംബന്ധിച്ച് നിവേദനം നൽകാൻ സൗഹൃദം ദേശീയ വേദിയുടെ ഒ. വി. വിജയൻ അനുസ്മരണ യോഗം തീരുമാനിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ സൗഹൃദം ദേശീയ വേദി നഗരസഭയ്ക്ക് നിവേദനം നൽകുകയും ചെയ്തു. 

സൗഹൃദം ദേശീയ വേദി ഒ. വി. വിജയൻ്റെ പേരിൽ മൂന്ന് തവണയായി മൂന്ന് വർഷത്തിലൊരിക്കൽ നൽകി വന്നിരുന്ന മലയാള ഭാഷ പുരസ്കാരം പുന:രാരംഭിക്കുവാനും തീരുമാനിച്ചു. 

യോഗത്തിൽ പ്രസിഡൻ്റ് പി.വി സഹദേവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് തച്ചങ്കാട്, ട്രഷറർ കെ. മണികണ്ഠൻ, പ്രവീൺ. കെ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment