പാലക്കാട്: കഴിഞ്ഞ 14 വർഷക്കാലമായി നിലനിൽക്കുന്ന വിദ്യാർത്ഥി കൺസഷൻ സമ്പ്രദായത്തിൽ മാറ്റം വരുത്തണമെങ്കിൽ വിദ്യാർത്ഥികളോട് ചോദിക്കണം എന്ന ഗതാഗത മന്ത്രിയുടെ വിചിത്രമായ ന്യായീകരണം അംഗീകരിക്കാൻ കഴിയില്ലെന്ന് പാലക്കാട് ബസ് ഭവനില്‍ ചേര്‍ന്ന ബസുടമ സംയുക്ത സമിതി യോഗം.
വർഷങ്ങളായി സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ കെഎസ്ആർടിസിയെ ഏൽപ്പിക്കുന്നതിനു വേണ്ടി ഏറ്റെടുക്കുന്ന നടപടി എന്തിനു വേണ്ടിയാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നിട്ടുള്ള അതിഥി തൊഴിലാളികൾക്ക് പോലും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് വർഷങ്ങളായി ജോലി ചെയ്തു കൊണ്ടിരിക്കുന്ന ബസ് ജീവനക്കാർക്ക് ഭീമമായ പണം മുടക്കി പിസിസി സമ്പാദിക്കണമെന്ന വ്യവസ്ഥ റദ്ദാക്കണമെന്നും യോഗം ആവശ്യപെട്ടു.
സംസ്ഥാനതലത്തിൽ നടത്തുന്ന അനിശ്ചിതകാല സമരം പാലക്കാട് ജില്ലയിൽ വിജയിപ്പിക്കുന്നതിനും പാലക്കാട് ബസ് ഭവനിൽ ചേർന്ന സംയുക്തസമിതിയുടെ ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
സംയുക്ത സമിതി ജനറൽ കൺവീനർ ടി ഗോപിനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമിതി വൈസ് ചെയർമാൻ ഗോകുലം ഗോകുൽദാസ് ജില്ലാ ഭാരവാഹികളായ കെ സത്യൻ, എന്‍ വിദ്യാധരൻ, എ എസ് ബേബി, കെ സുധാകരൻ, കെ ഐ ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.