പട്ടാമ്പി: മാലിന്യമുക്തം നവകേരളം ശുചിത്വ ക്യാമ്പയിനിൻ്റെ ഭാഗമായി പട്ടാമ്പി നഗരസഭയിൽ ഇ-വേസ്റ്റ്; ഇതര മാലിന്യങ്ങൾ എന്നിവയുടെ ശേഖരണം പ്രത്യേകമായും കലണ്ടർ പ്രകാരവും നടത്തുന്നതിന് നഗരസഭ തലത്തിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകി.
നഗരസഭാ ചെയ്യർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി ഉൽഘാടനം നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റുഖിയ. കെ.ടി. അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ശ്രീനിവാസൻ. പി, ക്ലീൻ സിറ്റി മാനേജർ സുബ്രഹ്മണ്യൻ പി.വി, ആരോഗ്യവിഭാഗം ജീവനക്കാർ, ഹരിതകർമ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ക്ലീൻ കേരള കമ്പനിയുടെ സെക്ടർ കോഡിനേറ്റർ പി.വി. സഹദേവൻ പരിശീലനം നൽകി. ഹരിത കർമ്മ സേനാംഗങ്ങൾ ആദ്യമായി വീട്ടുകാർക്കും സ്ഥാപന ഉടമകൾക്കും തുക നൽകി വേസ്റ്റ് ശേഖരിക്കുന്ന ക്യാമ്പയിനാണ് സർക്കാർ സ്ഥാപനമായ ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ നടത്തുന്ന ഇ വേസ്റ്റ് ക്യാമ്പയിൻ എന്നതിൻ്റെ പ്രാധാന്യവും എപ്രകാരം ഇ വേസ്റ്റ് ശേഖരിക്കണം, സുരക്ഷ മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ചാണ് സെക്ടർ കോർഡിനേറ്റർ ക്ലാസ്സെടുത്തത്.
കുംബശ്രീ മിഷനിലെ ഹരിത കർമ്മ സേന ജില്ല കോർഡിനേറ്റർ അഭിജിത്.ടി.പി നിർവ്വഹണം സംബന്ധിച്ച് വിശദീകരിച്ചു.