പാലക്കാട്: 15 വർഷം കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തിയാകാത്ത ഇൻഡോർ സ്റ്റേഡിയത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ്.
ജില്ല കലക്ടർക്കും സ്പോർട്സ് കൗൺസിൽ സെക്രട്ടറിക്കും അലങ്കാരികമായ സ്ഥാനങ്ങൾ നൽകി ഭരണകക്ഷിയോട് താല്പര്യമുള്ളവരെ മാത്രം തിരുകി കയറ്റി ഒരു സൊസൈറ്റി ഉണ്ടാക്കി അവർക്ക് സ്ഥലവും പണവും നൽകിയത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് അന്വേഷിക്കേണ്ടതാണ്. ഈ വിഷയത്തിൽ ജില്ലാ കലക്ടറുടെ പേര് ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതാണ്.
സർക്കാരിൻറെ സ്ഥലവും പണവും ഉപയോഗിച്ച് പണി ആരംഭിച്ച പാലക്കാട് ഇൻഡോർ സ്റ്റേഡിയം എങ്ങനെ ഒരു സൊസൈറ്റിയുടെ കീഴിലായി എന്നതിനെ സംബന്ധിച്ച് അന്വേഷണം അനിവാര്യമാണ്.
കേരള സർക്കാർ കോടികൾ ചെലവഴിച്ചിട്ടും പണിതീരാതെ നിൽക്കുന്ന ഇൻഡോർ സ്റ്റേഡിയം പാലക്കാട്ടുകാർക്ക് മുഴുവൻ അപമാനമാണ്. നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കാനായി കിഫ്ബിയിൽ നിന്ന് 14.50 കോടി രൂപ അനുവദിച്ചിട്ടും ഈ പണം സൊസൈറ്റിയുടെ പിടിവാശി മൂലം ഉപയോഗിക്കാനാകാത്ത സ്ഥിതിവിശേഷമാണ്.
സൊസൈറ്റിയുടെ നടത്തിപ്പുകാരും കേരള സർക്കാരും കായിക താരങ്ങളെയും പാലക്കാട്ടെ ജനങ്ങളെയും വഞ്ചിച്ചിരിക്കുകയാണെന്ന് നഗരസഭ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് പ്രസ്താവച്ചു.