കേരളത്തിലെ ഉത്സവങ്ങളിൽ നാട്ടാന ക്ഷാമം പരിഹരിക്കണം - പാലക്കാട് ജില്ലാ ആനപ്രേമി സംഘം

author-image
ജോസ് ചാലക്കൽ
New Update
ana premi sangham palakkad

പാലക്കാട്: കേരളത്തിൽ ആകെ വനം വകുപ്പിൽ രജിസ്റ്റർ ചെയ്ത ക്ഷേത്ര ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, പള്ളിനേർച്ചകൾ എന്നിങ്ങനെ ആനയെ ഉപയോഗിക്കുന്ന ഉത്സവങ്ങൾ മാത്രം 15000 ൽ അധികം ഉണ്ട്. അംഗീകൃതമല്ലാത്ത 20000 ൽ അധികം പരിപാടികളിലും ആനയെ ഉപയോഗിക്കുന്നുണ്ടെന്നും പറയപ്പെടുന്നു.

Advertisment

ഈ ഉത്സവങ്ങളിൽ എല്ലാം കൂടി നേരിട്ടും അല്ലാതെയുമായി കേരളത്തിൽ 10000 കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടും നടക്കുന്നുണ്ട്. അത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നൽകുന്ന പങ്കും വലുതാണ്.

എന്നാൽ ഇന്ന് ഉത്സവങ്ങളിൽ ഉപയോഗിക്കാവുന്ന നാട്ടാനകൾ 200 ൽ താഴെമാത്രമാണ് കേരളത്തിലുള്ളത്. ഒരോ വർഷവും സെപ്തംബർ മാസം തുടങ്ങി മേയ്മാസം അവസാനിക്കുന്ന ഉത്സവങ്ങൾ നിലനിൽക്കേണ്ടത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്.

ഇത്രയും ഉത്സവങ്ങൾ സുഗമമായി നടത്തുന്നതിന് ചുരുങ്ങിയത് 500 ആനകൾ എങ്കിലും ആവശ്യമാണ്. അതിനാൽ 2023 ലെ വന്യജീവി സംരക്ഷണ ഭേദഗതി നിയമം അനുസരിച്ച് കേരളത്തിന് പുറത്ത് നിന്നും കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നതിനുള്ള അനുമതി നൽകണം.

ആവശ്യമെങ്കിൽ കേരളത്തിലെ നാട്ടാന പരിപാലന ചട്ടം ഭേദഗതി ചെയ്യാനും സർക്കാർ അടിയന്തിരമായി തയ്യാറാവണമെന്ന് പാലക്കാട് ജില്ലാ ആനപ്രേമി സംഘം ആവശ്യപ്പെട്ടു.

ആനപ്രേമി സംഘം പാലക്കാട് ജില്ലാ ജനറൽ ബോഡി യോഗം പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി ഗുരുജി കൃഷ്ണ സംഘടന പ്രവർത്തനങ്ങളെ വിശദീകരിച്ചു. തുടർന്ന് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നും പങ്കെടുത്ത പ്രതിനിധികൾ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഉത്സവമേഖലകളിൽ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പ്രതിപാദിച്ചു. 

ചർച്ചകൾക്ക് ശേഷം 2025 - 2028 വർഷത്തേക്ക് പാലക്കാട് ജില്ല ആനപ്രേമി സംഘം ഭരണസമിതിയിലേക്ക് അംഗങ്ങളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ഹരിദാസ് മച്ചിങ്ങൽ (പ്രസിഡൻ്റ്), എ.വിജയകുമാർ (വൈസ് പ്രസിഡന്‍റ്), ഗുരുജി കൃഷ്ണ (സെക്രട്ടറി), കുട്ടൻ തെക്കേ വീട് (ജോ: സെക്രട്ടറി), ഗിരീഷ് പൊൽപ്പുള്ളി (ഖജാൻജി), മനു മംഗലം (തരൂർ നിയോജക മണ്ഡലം), വിഷ്ണു മലമ്പുഴ (മലമ്പുഴ നിയോജക മണ്ഡലം), വിനു ചിറ്റൂർ (ചിറ്റൂർ നിയോജക മണ്ഡലം), പ്രസാദ് കുമരനെല്ലൂർ (തൃത്താല നിയോജക മണ്ഡലം), സുരേഷ് പുതുപ്പരിയാരം, കെ.വി രാധാകൃഷ്ണൻ (ഷൊർണൂർ നിയോജമണ്ഡലം) എന്നിവരേയും ക്ഷണിതാക്കളായി കെ.വി മണികണ്ഠൻ നായർ, ശിവകുമാർ കുട്ടൻ, സഞ്ചയ്.എസ്, ഗോകുൽ യുവ, ഗോകുൽ കൊപ്പം, വിവേക് താമരക്കുളം, അനിൽ മുടപ്പള്ളി, കുമാർ പല്ലശേന എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ പങ്കെടുത്തവർ കുട്ടൻ തെക്കേ വീട് നന്ദി പ്രകാശിപ്പിച്ചു.

Advertisment