പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രാൻസ്‌ജെൻഡർമാർക്ക് വേണ്ടിയുള്ള ബോധവൽക്കരണ പരിപാടി നടത്തി

New Update
awaireness class for transgenders

പാലക്കാട്: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർക്ക് നേരിടുന്ന അനധികൃത പണപ്പിരിവും മറ്റും ഒഴിവാക്കുന്നതിനായി ട്രാൻസ്‌ജെൻഡർ സമൂഹത്തെ ലക്ഷ്യമാക്കി സംയുക്ത ബോധവൽക്കരണ പരിപാടി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ചു.

Advertisment

ആർപിഎഫ് (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്) സ്പെഷ്യൽ ഇൻറലിജൻസ് വിഭാഗം, ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം, ഗവൺമെൻറ് റെയിൽവേ പോലീസ്, ആർപിഎഫ് പാലക്കാട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ട്രെയിനുകളിലും സ്റ്റേഷനുകളിലും അനധികൃത പണപ്പിരിവ് നടത്തുകയും മറ്റുള്ളവർക്കു ശല്യം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവൃത്തികൾ നിയമപരമായി ഗുരുതരമായ കുറ്റങ്ങളാണെന്നും, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കടുത്ത നടപടികൾക്ക് ഇടയാക്കുമെന്നും പരിപാടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

ഇതര യാത്രക്കാരുടെ സ്വകാര്യതയും സുഖസൗകര്യങ്ങളും സംരക്ഷിക്കുന്നതിനായി ഇത്തരം പ്രവൃത്തികൾ ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നും,  പണം ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണന്നും ട്രാൻസ്‌ജെൻഡർമാരെ ബോധവത്കരിച്ചു.

സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴിലുള്ള വിവിധ കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ മുഖേന വൈദഗ്ധ്യപരമായ പരിശീലനം സ്വീകരിച്ച്  ഉപജീവന മാർഗങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു.

പരിപാടിക്ക് ആർപിഎഫ് സ്പെഷ്യൽ ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ പി. വിജയകുമാർ,  ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് സബ് ഇൻസ്പെക്ടർ ദീപക് എ. പി, ആർപിഎഫ് പാലക്കാട് സബ് ഇൻസ്പെക്ടർ യു. രമേഷ് കുമാർ, ഗവൺമെൻറ് റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ(ഗ്രേഡ്) വിനീത്  എസ് എന്നിവർ നേതൃത്വം നൽകി.

Advertisment