/sathyam/media/media_files/2024/11/01/kamdJfTThLbweTxTf7fj.jpg)
മലമ്പുഴ: മന്തക്കാട് ജംഗ്ഷന് സമീപത്ത് മൂവർ സംഘം ലോട്ടറി വില്‍പനക്കാരനെ ആക്രമിച്ചു. ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. മലമ്പുഴ മേലെചെറാട് ചന്ദ്രൻ മകൻ വിജയകുമാറാണ് (42) ആക്രമണത്തിനിരയായത്.
മന്തക്കാട് മിൽമ കാലിത്തീറ്റ നിർമ്മാണ കേന്ദ്രത്തിന്റെ എതിർ വശത്താണ് ലോട്ടറി വില്പന സ്ഥാപനം. പതിവു പോലെ രാത്രിയിൽ കടയടക്കുന്ന സമയത്ത് അക്രമികൾ വണ്ണം കുറഞ്ഞ ഇരുമ്പ് കമ്പി കൊണ്ട് പുറകിൽ നിന്ന് തല്ലുകയായിരുന്നു.
തിരിഞ്ഞു നോക്കിയപ്പോൾ, കൈയ്യിൽ കരുതിയിരുന്ന കുപ്പിയിൽ നിന്ന് വെള്ളം മുഖത്തേക്കൊഴിച്ച് രക്ഷപെട്ടു. ഹെൽമെറ്റ് ധരിച്ച രണ്ട് പേരാണ് ആക്രമിച്ചതെന്നും മൂന്നാമൻ ഇരുചക്ര വാഹനത്തിൽ കാത്തു നില്‍ക്കുകയായിരുന്നെന്നും കടയുടമ പറഞ്ഞു. ശേഷം മൂന്ന് പേരും ബൈക്കിൽ കയറി പോയി. മലമ്പുഴ പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാത്രി മലമ്പുഴ പഞ്ചായത്ത് ഓഫീസ് മുതൽ പുത്തൂർ ജംഗ്ഷൻ വരെ അര ഡസൻ വാഹനങ്ങളുടെ ചില്ലുകൾ തകർത്തിരുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു അന്വേഷണം നടത്തി വരുന്നു.