മലമ്പുഴ: മലമ്പുഴ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ആനക്കൽ ട്രൈബൽ കോളനിയിൽ സ്കൂളിനു സമീപമുള്ള കെട്ടിടത്തിൽ സൗജന്യ പി എസ് സി കോച്ചിങ് ക്ലാസ് നവംബർ ഒന്നു മുതൽ ആരംഭിച്ചു. എല്ലാ പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസുകൾ ഉണ്ടായിരിക്കുക.
രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒരു മണി വരെ രണ്ട് പിരീഡുകളായിട്ടാണ് ക്ലാസ്. പോലീസ് ഉദ്യോഗസ്ഥർ, മലമ്പുഴ ജിവി എച്ച് എസ് സിലെ അദ്ധ്യാപകർ, മറ്റു സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ സൗജന്യമായിട്ടാണ് ക്ലാസെടുക്കുന്നത്.
മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിവ ഇല്ലാതെ സമൂഹത്തിലെ മുഖ്യധാരയിലെത്തിക്കുക, പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഈ വിഭാഗത്തെ സർക്കാർ ജോലിക്കായി പിഎസ് സി പരീക്ഷ എഴുതിക്കുക തുടങ്ങി നല്ല നിലവാരമുള്ള സമൂഹമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് മലമ്പുഴ സി ഐ.എം.സുജിത് പറഞ്ഞു.
ആദ്യ ദിവസം തന്നെ പതിനഞ്ചു കുട്ടികൾ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 9946861344 രമേഷ് എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സി.ഐ. അറിയിച്ചു.