പത്തനംതിട്ട: പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കെതിരായ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന പരാതിയില്‍ നടപടിയുമായി ജില്ലാ വരണാധികാരി.
എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലെ ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും മറയ്ക്കാന്‍ വരണാധികാരി നിര്‍ദേശം നല്‍കി.
എല്‍ഡിഎഫ് നല്‍കിയ പരാതിയിലാണ് നടപടി. ഇലക്ഷന്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പേരും ചിത്രങ്ങളും മറയ്ക്കുന്നതിന് ചെലവാകുന്ന തുക ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്താനും ജില്ലാ വരണാധികാരി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആന്റോ ആന്റണിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച 63 ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെ ഇപ്പോള്‍ എംപിയായ ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും മറയ്ക്കണമെന്നാണ് ഇടതുമുന്നണി ആവശ്യപ്പെട്ടിരുന്നത്.
പേര് മറച്ചില്ലെങ്കില്‍ അവിടെ ഇടതു സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്റെ പേരു കൂടി എഴുതി വെക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.