/sathyam/media/media_files/EB49mxzKqwemD09chzsF.jpg)
പത്തനംതിട്ട: പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ ജില്ലയിലെ സി.പി.എമ്മിൽ അച്ചടക്ക നടപടി. തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണിയെ ചുമതലയിൽ നിന്ന് നീക്കി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി തീരുമാനിച്ചത്.
തിരുവല്ല ഏരിയാ കമ്മിറ്റി വിളിച്ച് ചേർത്ത് നടപടി റിപ്പോർട്ട് ചെയ്യുന്നതോടെ തീരുമാനം പ്രാബല്യത്തിൽ വരും. ജില്ലാ കമ്മിറ്റി അഗം സതീഷ് കുമാറിനാണ് തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല.
2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്. തിരുവല്ല ഏരിയാ കമ്മിറ്റിക്ക് കീഴിൽ നേരത്തെയും അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എന്നാൽ 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുളള പാർട്ടി സമ്മേളനങ്ങൾ തുടങ്ങതിന് മുൻപ് നടപടി എടുത്തത് പാർട്ടിയിൽ ചർച്ച ആയിട്ടുണ്ട്.
പാർട്ടി സമ്മേളനങ്ങൾ പ്രഖ്യാപിച്ചാൽ പിന്നെ അച്ചടക്ക നടപടി മാറ്റിവെയ്ക്കുന്നതാണ് സി.പി.എമ്മിൻെറ സംഘടനാ രീതി. പാർട്ടിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്ത നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ നടപടി വേണമങ്കിൽ അത് സമ്മേളനത്തിന് വിടുന്നതാണ് പതിവ്. എന്നാൽ നാല് കൊല്ലം മുൻപുളള പരാതിയിൽ ഇപ്പോൾ തിടുക്കപ്പെട്ട് നടപടി എടുത്തതിൽ അസ്വഭാവികതയുണ്ടെന്നാണ് പ്രവർത്തകരുടെ സംശയം.