/sathyam/media/media_files/2025/10/16/anitha-2025-10-16-23-53-45.jpg)
അടൂർ: ജർമ്മനിയിൽ ഡോക്ടർ ആണെന്നുപറഞ്ഞ് കബളിപ്പിച്ച് 22.97 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിലായി.
പത്തനംതിട്ട അടൂർ സ്വദേശിനിയായ അനിത മുരളീധരൻ (44) നെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് പിടികൂടിയത്. തട്ടിപ്പിനിരയായ വ്യക്തിയിൽ നിന്ന് ഏകദേശം 6 ലക്ഷം രൂപ കൈപ്പറ്റിയ ബാങ്ക് അക്കൗണ്ടിന്റെ ഉടമയാണ് അറസ്റ്റിലായ പ്രതി.
ജർമ്മനിയിലെ ഒരു ആശുപത്രിയിൽ സ്റ്റാഫ് ആയി ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ പരാതിക്കാരിയിൽ നിന്ന് പണം കൈപ്പറ്റിയത്.
2023 ഫെബ്രുവരി 2 മുതൽ ഓഗസ്റ്റ് 11 വരെയുള്ള വിവിധ തീയതികളിലായി ആകെ 22.97 ലക്ഷം രൂപയാണ് പ്രതി ഹരിതകർമ്മ സേനാംഗത്തിൽ നിന്ന് പലപ്പോഴായി വാങ്ങിയത്.
മാസങ്ങൾ കാത്തിരുന്നിട്ടും വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പ്രതി ഒഴിഞ്ഞുമാറുകയായിരുന്നു.
കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടതോടെ പരാതിക്കാരി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലെ 1930 എന്ന ടോൾഫ്രീ നമ്പറിൽ പരാതി നൽകി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് ഓഗസ്റ്റ് 28-ന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തട്ടിയെടുത്ത 22.97 ലക്ഷം രൂപയിൽ 5.87 ലക്ഷം രൂപ കൈപ്പറ്റിയ ബാങ്ക് അക്കൗണ്ടിന്റെ ഉടമയാണ് ഇപ്പോൾ അറസ്റ്റിലായ അനിത.
സ്കോട്ട്ലൻഡ് സ്വദേശിയായ ഫ്രെഡ് ക്രിസ് എന്ന സുഹൃത്തിന്റെ നിർദ്ദേശപ്രകാരമാണ് താൻ പണം അക്കൗണ്ടിലേക്ക് അയച്ചുവാങ്ങിയതെന്നും, ഡൽഹിയിൽ വരുമ്പോൾ ഉപയോഗിക്കാനായി എ.ടി.എം. കാർഡും പാസ് ബുക്കും ഇയാൾക്ക് അയച്ചു കൊടുത്തിരുന്നതായും അനിത പോലീസിന് മൊഴി നൽകി.
ഫ്രെഡ് ക്രിസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.