പത്തനംതിട്ട: കോഴഞ്ചേരി മാരാമൺ–ആറാട്ടുപുഴ റോഡിലെ കോട്ട പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. നിലവിൽ അമ്പതുശതമാനം പൈലിങ് കഴിഞ്ഞ പാലം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും.
മാരാമൺ–ആറാട്ടുപുഴ റോഡ് പത്തുമീറ്റർ വീതിയിൽ ഉന്നതനിലവാരത്തിൽ നേരത്തെ ടാറിങ് പൂർത്തിയാക്കിയിരുന്നു.
എന്നാൽ ഒരു വാഹനത്തിനുമാത്രം കഷ്‌ടിച്ച് പോകാനാവുന്ന തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ കോട്ട പാലത്തിലൂടെ ഇരുവശത്തേക്കുമുള്ള വാഹനങ്ങളുടെ സഞ്ചാരം അപകടത്തിന് കാരണമാകുന്ന സാഹചര്യത്തിലാണ് സ്ഥലം എംഎൽഎയും മന്ത്രിയുമായ വീണാ ജോർജ് വീതി കൂട്ടി പുതിയ പാലം പണിയണമെന്ന് ആവശ്യപ്പെട്ടത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാലം പണിയാൻ സർക്കാർ അനുമതി നൽകിയത്. പുതിയ പാലത്തിനായി 2.71 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
ടാറിങ്ങിനോട് ചേർന്നു നിന്ന വൈദ്യുതി തൂണുകൾ മുഴുവൻ മാറ്റിസ്ഥാപിച്ചതോടെ റോഡിന് ഈ ഭാഗത്ത് നല്ല വീതിയാണുണ്ടായിരിക്കുന്നത്.
ഉയർന്ന വൈദ്യുതി പ്രവഹിക്കുന്ന കമ്പികൾ ഘടിപ്പിച്ചിരിക്കുന്ന തൂണുകളാണിത്. മാരാമൺ, ചെട്ടിമുക്ക്, ചിറയിറമ്പ്, കുറിയന്നൂർ, പുല്ലാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്ന് എംസി റോഡിലെ കാരയ്ക്കാട്, ചെങ്ങന്നൂർ എന്നിവിടങ്ങളിലേക്ക് എളുപ്പമാർഗത്തിൽ എത്താവുന്ന പാതയാണിത്. പമ്പാനദിയിലെ ആഞ്ഞിലിമൂട്ടിൽ കടവിൽ പുതിയ പാലം നിർമിച്ചതോടെ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.