Advertisment

കണമലയ്ക്ക് പിന്നാലെ പമ്പാവാലിയും. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നാട്ടിലിറങ്ങി കാട്ടുമൃഗങ്ങള്‍. മാസങ്ങള്‍ക്ക് മുമ്പ് ചാക്കോയും തോമസും, ഇന്ന് ബിജു; നാളെ നമ്മളിലൊരാള്‍ എന്ന ഭീതിയില്‍ നാട്ടുകാര്‍. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസും പൊല്ലാപ്പും - ആശങ്കയും കണ്ണീരുമായി ഒരു സമൂഹം കഴിയുന്നതിങ്ങനെ...

New Update
chacko thomas biju.

എരുമേലി: കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചതിന്റെ കണ്ണീരുണങ്ങും മുന്‍പ് സമീപത്ത് പത്തനംതിട്ട തുലാപ്പള്ളി പുളിയന്‍കുന്നുമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ മരിച്ചതിന്റെ നടുക്കം വിട്ടുമാറാതെ പമ്പാവാലി നിവാസികള്‍.

Advertisment

ഇന്നു പുലര്‍ച്ചെ മൂന്നിന് പുളിയന്‍കുന്നുമല സ്വദേശി കുടിലില്‍ വീട്ടില്‍ ബിജുവാണ് മരിച്ചതെങ്കില്‍ നാളെ അത് തങ്ങളില്‍ ഒരുവനാകുമെന്ന ഭീതിയിലാണിവര്‍. അപകടം നടന്ന പുളിയന്‍കുന്നുമലയുമായി ഏറെ ദൂരമില്ല കോട്ടയം ജില്ലയിലെ കണമലയും പമ്പാവലിയുമായി. 


പകലെന്നോ രാത്രിയെന്നോ വെത്യാസമില്ലാതെ കാട്ടുമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുമ്പോള്‍ പുറത്തേക്കിറങ്ങാന്‍ പോലും ജനം മടിക്കുകയാണ്. കാട്ടാന ആമ്രണത്തില്‍ പുളിയന്‍കുന്നുമല സ്വദേശി കുടിലില്‍ വീട്ടില്‍ ബിജു കൊല്ലപ്പെട്ടതറിഞ്ഞു ഓടിയെത്തിയവരില്‍ പലരും പമ്പാവാലി പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.


മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു അധികൃതര്‍ക്കു വിട്ടു നല്‍കാതെ പ്രതിഷേധിക്കുമ്പോഴും നാട്ടുകാര്‍ക്കു പറയാന്‍ ഒന്നേയുള്ളു. ഇനിയെങ്കിലും ബിജുവിനെ പോലെ ഒരാള്‍ക്കും ഇതു സംഭവിക്കരുത്. കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചതിന്റെ നടക്കും ഇന്നും പ്രദേശവാസികള്‍ക്കു വിട്ടുമാറിയിട്ടില്ല. 

2023 മെയ് 19ന് കണമല സ്വദേശി പുറത്തേല്‍ ചാക്കോ (65), പ്ലാവനാക്കുഴിയില്‍ തോമസ് എന്നിവരാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ചത്.

വീടിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് കുത്തിവീഴ്ത്തുകയായിരുന്നു. ഇതു കണ്ട് ഓടിയെത്തിയ തോമസിനെയും കാട്ടുപോത്ത് കുത്തികൊലപ്പെടുത്തി. 

അന്നു വൈകാരികമായി റോഡ് ഉപരോധിച്ചു പ്രതിഷേധിച്ച നാട്ടുകാര്‍ ഇന്നും നിയമ നടപടികള്‍ നേരിടുകയാണ്. പ്രതിഷേധിച്ച നാട്ടുകാരില്‍ 25 പേരുടെ പേരിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയയ്തത്.

കഴിഞ്ഞ മാര്‍ച്ച് 15ന് കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാകാന്‍ പോലീസ് സമന്‍സും കൈമാറിയിരുന്നു. പോലീസ് നടപടി നാട്ടുകാരില്‍ വിമശനത്തിന് കാരണമായിരുന്നു. 

മലയോര മേഖലയില്‍ കാട്ടുമൃഗങ്ങളുടെ ശല്യം വര്‍ധിച്ചു വരുമ്പോഴും അധികാരികള്‍ നിസംഗത കാട്ടുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന നിലാപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്.

വന്യമൃഗങ്ങളെ പേടിച്ച് കൃഷിചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്. തെങ്ങിന്‍ തൈ, കമുകിന്‍ തൈ, കപ്പ, ചേമ്പ്, ചേന, കാച്ചില്‍ തുടങ്ങിയ കൃഷികളാണ് കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്നത്.  കാട്ടുപന്നി, മുള്ളന്‍പന്നി, കുരങ്ങ് തുടങ്ങിയവയുടെ ശല്യം മൂലം കൃഷി ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണെന്നും കണമലയിലെ കര്‍ഷകര്‍ പറയുന്നു.

Advertisment