പത്തനംതിട്ട (കോന്നി): അച്ചൻകോവിൽ പുണ്യനദിയിൽ കല്ലേലി ഊരാളി അപ്പൂപ്പന്‍ വിശ്വാസികള്‍ കല്ലേലി വിളക്ക് തെളിയിച്ചു.
അന്ധകാരമകന്ന് പുതിയ പ്രതീക്ഷയുടെ ദീപനാളം മനസ്സിൽ കുടിയിരുത്താനും ഹൃദയത്തിൽ നന്മകൾ വിളയാടാനും നൂറ്റാണ്ട് മുന്നേ ആദി ദ്രാവിഡ നാഗ ഗോത്ര ജനത കല്ലേലി ഊരാളി അപ്പൂപ്പനെ വിളിച്ച് പത്താമുദയദിന രാവിൽ കിഴക്ക് ഉദിമലയിൽ നിന്നും നീർ പൊടിഞ്ഞ് തൊണ്ണൂറ് തോടും തൊണ്ടിയാറുമായി കൂടി കലർന്ന് കല്ലേലി കാവിനെ തൊട്ട് നമസ്ക്കരിച്ച് നാല് ചുറ്റി കടലിനെ ലക്ഷ്യമാക്കി പ്രയാണം തുടരുന്ന അച്ചൻകോവിൽ പുണ്യനദിയിൽ മരോട്ടിക്കായിൽ എണ്ണ വീഴ്ത്തി തിരിയിട്ട് കത്തിച്ച് ഒഴുക്കിയ വിളക്കിനെ അനുസ്മരിച്ചുകൊണ്ട് കല്ലേലി ഊരാളി അപ്പൂപ്പന്റെ മൂല സ്ഥാനമായ കോന്നി കല്ലേലി കാവിൽ ഭക്തർ പുണ്യനദി അച്ചൻ കോവിലാറ്റിൽ കല്ലേലി വിളക്ക് തെളിച്ചു ഒഴുക്കി.
കുരുത്തോലയും വാഴ പിണ്ടിയും ചേര്‍ത്ത് ഒരുക്കുന്ന ആൾപ്പിണ്ടി കാട്ടുമുളയുടെ മുകളില്‍ വെച്ച് ജലാശയത്തില്‍ എത്തിക്കുകയും പ്രകൃതി കോപങ്ങളെ ശമിപ്പിക്കുവാനും കാര്‍ഷിക വിളകള്‍ സംരക്ഷിക്കുവാനും വനത്തിലെ സര്‍വ്വ ജീവജാലങ്ങള്‍ക്കും വേണ്ടി 999 മലകളെ പേരെടുത്ത് വിളിച്ചു ചൊല്ലി രാത്രിയുടെ തുടക്കത്തില്‍ പൂജകള്‍ നല്‍കി പന്തം ജ്വലിപ്പിച്ചുകൊണ്ട് നദിയിലേക്ക് ആൾപ്പിണ്ടി ഒഴുക്കുന്നു.
ഈ ദീപ നാളം കണ്ടുകൊണ്ട് സര്‍വ്വ ചരാചരങ്ങളും ഉണരുമെന്ന് ആണ് നൂറ്റാണ്ടുകളായുള്ള ദ്രാവിഡ ജനതയുടെ വിശ്വാസം. ആ വിശ്വാസ പ്രമാണങ്ങളെ ഒരു താംബൂലം (മുറുക്കാനില്‍) കുടിയിരുത്തിയാണ് കല്ലേലി കാവില്‍ ഊരാളിമാര്‍ വിളിച്ചു ചൊല്ലുന്നത്.
പൂര്‍ണ്ണമായും പ്രകൃതി സംരക്ഷണ പൂജകള്‍ അര്‍പ്പിച്ചുകൊണ്ട് കല്ലേലി കാവിലെ ഈ വര്‍ഷത്തെ പത്ത് ദിന മഹോത്സവം വലിയ കരിക്ക് പടേനി, കല്ലേലി ആദിത്യ പൊങ്കാല, 999 സ്വർണ്ണ മലക്കൊടി പൂജ, മല വില്ല് പൂജ, മഹാ പുഷ്പാഭിഷേകം, ദ്രാവിഡ കലകളായ കുംഭ പാട്ട്, തലയാട്ടം കളി, ഭാരതക്കളി, പടയണിക്കളി, പാട്ടും കളി എന്നിവയോടെ സമാപിച്ചു.