തിരുവല്ല: കാറ്റിലും മഴയിലും തിരുവല്ല താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീടുകൾക്കു മുകളിലും വൈദ്യുതലൈനുകളിലും വീണു. ഞായറാഴ്‌ച രാത്രിയിലും തിങ്കളാഴ്ച്‌ചപകലും വിവിധ സമയങ്ങളിലാണ് കാറ്റടിച്ചത്.
23 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. 164 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. 11 കെവി ലൈനിലെ 20 പോസ്റ്റുകളാണ് തിരുവല്ല ഡിവിഷൻ പരിധിയിൽ ഒടിഞ്ഞത്. ഗാർഹിക കണക്ഷനുള്ള 144 പോസ്റ്റുകളും ഒടിഞ്ഞു.
11 കെവി ലൈനില്‍ മൂന്നിടത്ത് മരക്കൊമ്പുവീണ് പൊട്ടി വീണു. 268 ഇടത്ത് എൽടി ലൈനുകൾ പൊട്ടിവീണു. 115 ഇടങ്ങളിൽ മരക്കൊമ്പുകൾ ലൈനിൽവീണു.
കടപ്രയിൽ ആറും കുറ്റൂർ പഞ്ചായത്തിൽ അഞ്ചും വീടുകൾക്ക് മരംവീണ് കേടുപാടുണ്ടായി. പെരിങ്ങര, കാവുംഭാഗം, നിരണം എന്നീ വില്ലേജുകളുടെ പരിധിയിൽ മൂന്ന് വീതവും കുറ്റപ്പുഴയിൽ രണ്ടും വീടുകൾ തകർന്നു. തിരുവല്ല വില്ലേജ് ഓഫീസ് പരിധിയിൽ ഒരുവീടിനും മരംവീണ് തകരാറുണ്ടായി.