/sathyam/media/media_files/2026/01/16/75c2a58a-c575-453e-91d7-043b7839afad-2026-01-16-23-09-57.jpg)
തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ തൈറോയ്ഡ് നോഡ്യൂൾ രോഗനിർണയത്തിലും ചികിത്സയിലുമുള്ള ആധുനിക സങ്കേതങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു.
കേരളത്തിലെ പ്രമുഖ ഡോക്ടർമാർ പങ്കെടുത്ത പരിപാടി ഇൻ്റർവെൻഷണൽ റേഡിയോളജി സീനിയർ കൺസൾട്ടൻ്റ് ഡോ രാജേഷ് ആൻ്റണി ഉദ്ഘാടനം ചെയ്തു. ബിലീവേഴ്സ് ആശുപത്രി അസോസ്സിയേറ്റ് ഡയറക്ടർ ഡോ ജോൺ വല്യത്ത്, ഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ ഏബൽ കെ സാമുവൽ, ഇൻ്റർവെൻഷണൽ റേഡിയോളജി വിഭാഗം മേധാവി ഡോ ടോം ജോർജ്, സീനിയർ കൺസൾട്ടന്റ് ഡോ.അശ്വിൻ പദ്മനാഭൻ എന്നിവർ ഉദ്ഘാദനച്ചടങ്ങിൽ സംബന്ധിച്ചു.
തൈറോയ്ഡ് നോഡ്യൂളുകളുടെ കൃത്യമായ നിർണയം, നൂതന ശസ്ത്രക്രിയകൾ, ശസ്ത്രക്രിയയില്ലാത്ത ആധുനിക ചികിത്സാരീതികൾ എന്നിവയെക്കുറിച്ച് വിശദമായ ക്ലാസുകൾ നടന്നു. റേഡിയോഫ്രീക്വൻസി അബ്ലേഷൻ (RFA), മൈക്രോവേവ് അബ്ലേഷൻ, തൈറോയ്ഡ് ആർട്ടറി എംബ്ലൈസേഷൻതുടങ്ങിയ മിനിമലി ഇൻവേസീവ് ചികിത്സാ മാർഗങ്ങൾ രോഗികൾക്ക് നൽകുന്ന ഗുണഫലങ്ങൾ വിദഗ്ധർ വിശദീകരിച്ചു.
ഇന്റർവെൻഷണൽ റേഡിയോളജിയുടെ വളരുന്ന പങ്ക് തൈറോയ്ഡ് രോഗചികിത്സയിൽ എത്രമാത്രം നിർണായകമാണെന്ന് ഈ പരിപാടിയിൽ വിശദമായി ചർച്ച ചെയ്തു.
രോഗികൾക്ക് താരതമ്യേന കുറഞ്ഞ ആശുപത്രിവാസം വേണ്ടി വരികയും കുറഞ്ഞ വേദന അനുഭവിക്കേണ്ടിവരികയും ചെയ്യുന്ന ഫലപ്രദമായ ചികിത്സ നൽകാൻ ബിലീവേഴ്സ് ആശുപത്രി ഇൻ്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിലെ സാങ്കേതിക വിദ്യകൾ സഹായിക്കുന്നതായും അനേകർക്ക് രോഗമുക്തി ലഭിച്ചതായും ആശുപത്രി അസോ. ഡയറക്ടർ ഡോ ജോൺ വല്യത്ത് സൂചിപ്പിച്ചു.
പങ്കെടുത്ത ഡോക്ടർമാർക്ക് അറിവ് പുതുക്കുന്നതിനും അനുഭവങ്ങൾ പങ്കുവെക്കുന്നതിനും വേദിയായ പരിപാടി വിജയകരമായി സമാപിച്ചു. ഇത്തരം ശാസ്ത്രീയ സമ്മേളനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം മേധാവി ഡോ ടോം ജോർജ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us