തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ടിടിസി വിദ്യാര്‍ത്ഥിനി മരിച്ചു. വിളവൂർക്കൽ പെരുകാവ് ഈഴക്കോട് ശാന്തിവനത്തിൽ ഈഴക്കോട് യു.പി.എസിലെ മാനേജർ എഫ്. സേവ്യറിന്റെയും ഇതേ സ്‌കൂളിലെ പ്രഥമാധ്യാപികയായ ലേഖാ റാക്‌സണിന്റെയും ഏക മകൾ എൽ.എക്‌സ്. ഫ്രാൻസിസ്‌ക(19) ആണ് മരിച്ചത്.
കോട്ടുകാൽ മരുതൂർക്കോണം പട്ടം മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു. ഫ്രാൻസിസ്‌കയുടെ സുഹൃത്തുക്കളും സഹപാഠികളുമായ പത്തനംതിട്ട സ്വദേശിയായ കെ.പി. ദേവിക(19), കാസർകോട് സ്വദേശി രാഖി സുരേഷ്(19), ഓട്ടോ ഡ്രൈവറും വെങ്ങാനൂർ സ്വദേശിയുമായ സുജിത്ത് (32) എന്നിവര്‍ക്ക് പരിക്കേറ്റു.
വ്യാഴാഴ്ച വൈകിട്ട് 4.15 ഓടെ വിഴിഞ്ഞം-മുക്കോല ഉച്ചക്കട റോഡിൽ കിടാരക്കുഴി ചന്ദനമാരിയമ്മൻ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ഇവരുടെ ഓട്ടോറിക്ഷയിൽ എതിരെ നിയന്ത്രണംതെറ്റിയെത്തിയ മറ്റൊരു ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.