യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ല: മാധ്യമപ്രവർത്തക അഞ്ജന ശങ്കർ

New Update
9f2b72e3-3731-451c-a550-f9f653476932

തിരുവനന്തപുരം: യുദ്ധങ്ങളും ദുരന്തങ്ങളും വാർത്താ മത്സരങ്ങൾക്കുള്ള വേദിയല്ലെന്നും അത്തരം സാഹചര്യങ്ങളിൽ റിപ്പോർട്ടിംഗ് നടത്തുമ്പോൾ മാധ്യമപ്രവർത്തകർ പുലർത്തേണ്ട ധാർമ്മികതയും സെൻസേഷണലിസം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും രാജ്യാന്തര മാധ്യമപ്രവർത്തക അഞ്ജന ശങ്കർ ചൂണ്ടിക്കാട്ടി. 

Advertisment

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച സംസ്ഥാന മാധ്യമ ദിനാഘോഷത്തിൽ 'സംഘർഷ ഭൂമിയിൽ നിന്നുള്ള റിപ്പോർട്ടിങ്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.

യുക്രൈൻ, അഫ്ഗാനിസ്ഥാൻ, സിറിയ, ഇസ്രയേൽ തുടങ്ങിയ സംഘർഷ മേഖലകളിൽ റിപ്പോർട്ട് ചെയ്ത തന്റെ അനുഭവങ്ങൾ അവർ മാധ്യമ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. "യുദ്ധമുഖത്ത് റിപ്പോർട്ട് ചെയ്യുമ്പോൾ സാഹസികതയ്ക്കല്ല, മറിച്ച് സ്വന്തം സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്. 

ബ്രേക്കിംഗ് ന്യൂസുകൾ നൽകാനുള്ള തിരക്കിൽ വാർത്തകളുടെ വിശ്വാസ്യതയിൽ വിട്ടുവീഴ്ച ചെയ്യരുത്," അഞ്ജന ഓർമ്മിപ്പിച്ചു. ലഭിക്കുന്ന വിവരങ്ങൾ വിവിധ സ്രോതസ്സുകളിൽ നിന്ന് സ്ഥിരീകരിച്ച ശേഷം മാത്രമേ വാർത്തയാക്കാവൂ എന്നും അവർ കൂട്ടിച്ചേർത്തു.

a2f41717-5f78-4079-8b3d-50c45da304af

ആക്ടിവിസവും ജേണലിസവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണമെന്നും സഹാനുഭൂതിയും എളിമയുമാണ് ഒരു കോൺഫ്ലിക്റ്റ് റിപ്പോർട്ടർക്ക് വേണ്ട പ്രധാന ഗുണങ്ങളെന്നും അവർ പറഞ്ഞു. 

യെമനിലെ കുഴിബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ കുട്ടിയെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തപ്പോൾ താൻ അനുഭവിച്ച ധാർമ്മിക പ്രതിസന്ധികൾ അവർ വിശദീകരിച്ചു. 

വാർത്തകൾക്ക് വേണ്ടി മനുഷ്യത്വവിരുദ്ധമായ ദൃശ്യങ്ങൾ പകർത്തുന്നത് ഒഴിവാക്കണമെന്നും വാർത്താമുറികളിൽ പെൺകുട്ടികളുടെ സാന്നിധ്യം വർധിക്കുന്നത് ശുഭസൂചനയാണെന്നും അവർ അഭിപ്രായപ്പെട്ടു.

ഐ.പി.ആർ.ഡി സ്പെഷ്യൽ സെക്രട്ടറി ടി.വി. സുഭാഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡിഷണൽ ഡയറക്ടർമാരായ കെ.ജി. സന്തോഷ്, വി.പി. പ്രമോദ് കുമാർ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി ബി. അഭിജിത്, ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ മാധ്യമ പഠന കേന്ദ്രങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ സംവാദത്തിൽ പങ്കാളികളായി.

Advertisment