തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 29 രൂപയ്ക്ക് ഭാരത് അരിയുമായി കേന്ദ്രസർക്കാർ എത്തിയതോടെ, റേഷൻ കാർഡുടമകൾക്ക് ഫെബ്രുവരിയിലെ ഭക്ഷ്യവിഹിതത്തിന് പുറമേ സ്‌പെഷ്യൽ അരി നൽകുമെന്ന് പ്രഖ്യാപിച്ച് കേരളവും.
നീല കാർഡിന് നാല് കിലോയും, വെള്ളയ്‌ക്ക് അഞ്ച് കിലോയുമാവും അധികം നൽകുക. ഭാരത് റൈസ് ഹിറ്റാക്കിയാൽ വോട്ടാകുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. മുൻപ് സൗജന്യ ഭക്ഷ്യക്കിറ്റ് നൽകിയത് രണ്ടാം പിണറായി സർക്കാരിന് വഴിയൊരുക്കിയ അനുഭവം ഇടതുമുന്നണിക്കുണ്ട്. അതിനാൽ വരുന്ന തിരഞ്ഞെെടുപ്പിൽ അരി മുഖ്യ പ്രചാരണ ആയുധമാവുമെന്ന് ഉറപ്പാണ്.
കേന്ദ്ര സർക്കാർ ഏജൻസികൾ മുഖേനേ വിലക്കുറവിൽ ഭാരത് അരി വിതരണം ചെയ്യാനുള്ള നീക്കം തിരഞ്ഞെടുപ്പ് ലാക്കാക്കിയാണെന്നും ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സംസ്ഥാന ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
/sathyam/media/media_files/frTwSdoLFuEEkLtYQLIP.jpg)
എഫ്.സി.ഐയിൽ അധികമുള്ള സ്റ്റോക്ക് സ്വകാര്യ വ്യാപാരികൾക്ക് ലേലത്തിലൂടെ വിളിച്ചെടുക്കാൻ അനുമതി നൽകിയപ്പോൾ സംസ്ഥാന സർക്കാരിനെയും ഏജൻസികളെയും ഒഴിവാക്കി. ഇത് കേരളത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകാം. ബോധപൂർവ്വം വിലക്കയറ്റമുണ്ടാക്കി രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ് കേന്ദ്രസർക്കാർ നീക്കം.
ഭക്ഷ്യസുരക്ഷാ നിയമം പ്രകാരം റേഷൻ കടകളിലൂടെ റേഷൻ വിതരണം നടത്തണമെന്നിരിക്കെ ഫെഡറൽ തത്വങ്ങൾ ലംഘിച്ചാണ് പുതിയ നയങ്ങൾ. ഗ്രാമങ്ങളിൽ പോലും റേഷൻ വിതരണം ശക്തമായ കേരളത്തിൽ കേന്ദ്ര ഏജൻസികൾ അരിവിതരണം ചെയ്യേണ്ടതില്ല.
57 ശതമാനം ജനങ്ങളെ പൊതുവിതരണ സമ്പ്രദായത്തിൽ നിന്ന് പുറത്താക്കിയപ്പോൾ പരിമിതമായ ടൈഡ് ഓവർ വിഹിതം ഉപയോഗിച്ചാണ് നീല, വെള്ള കാർഡുകൾക്ക് റേഷൻ നൽകുന്നത്. ഈ വിഹിതം വർദ്ധിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. സപ്ളൈക്കോ വഴി 25 രൂപ നിരക്കിൽ അരി ലഭ്യമാകുമെന്നിരിക്കെയാണ് 29 രൂപയുടെ ഭാരത് അരിയെന്നും സംസ്ഥാന സർക്കാർ വിമർശിക്കുന്നു.
കേരളത്തിനുള്ള ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചിട്ടുണ്ടെന്നാണ് സർക്കാരിന്റെ ആരോപണം. ഭക്ഷ്യധാന്യങ്ങളുടെ വിലയായി 336 കോടിയും റേഷൻ വിതരണക്കാരുടെ കമ്മിഷനായി 324 കോടിയും ഗതാഗതത്തിനും ഗോഡൗണിനുമായി 252 കോടിയുമടക്കം 912കോടി രൂപയാണ് പ്രതിവർഷം റേഷൻ വിതരണത്തിന് സംസ്ഥാനം ചെലവിടുന്നത്. ഇതിൽ 86 കോടി മാത്രമാണ് കേന്ദ്രം നൽകുന്നതെന്നും കേരളം വിമർശിക്കുന്നു.
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരി കേരളത്തില്‍ വിൽപ്പന തകൃതിയായി നടക്കുന്നു. തൃശ്ശൂരില്‍ 150 ചാക്ക് പൊന്നി അരി വിറ്റു. ജില്ലയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ അരി എത്തിക്കുന്നുണ്ട്.
അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് മുഴുവനും ഭാരത് അരി എത്തിക്കും. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ നേരത്തെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം ടൺ അരിയാണ് കേന്ദ്രം അനുവദിച്ചത്.
/sathyam/media/media_files/qmOiQaw8KbMzyGeb3CgJ.jpg)
ബി.ജെ.പി ഏറെ വിജയപ്രതീക്ഷ വച്ചുപുലർത്തുന്ന തൃശൂരിലാണ് അരി വിതരണം തുടങ്ങിയത്. ഒരാഴ്ചയ്ക്കുള്ളിൽ വാഹനങ്ങളിലൂടെ അരിവിൽപ്പന എല്ലാ ജില്ലകളിലും തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനവും ആദ്യ വിൽപ്പനയുമെല്ലാം തൃശൂരിൽ നടത്തിയതിനു പിന്നിൽ തികഞ്ഞ രാഷ്ട്രീയം തന്നെ. വോട്ട് ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ നീക്കമാണിത്.
തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിലും ഭാരത് അരി വിതരണം ഉടൻ ആരംഭിക്കും. ഓൺലൈൻ മുഖേനയുള്ള വിപണവും ഉടൻ ആരംഭിക്കും. കേന്ദ്രത്തിന്റെ ഭാരത് അരി വാങ്ങാൻ റേഷൻ കാർഡ് വേണമെന്നില്ല. ഒറ്റത്തവണ 10 കിലോ അരിയേ ലഭിക്കൂ.