പണിമുടക്ക് തൊഴിലാളി വഞ്ചന, കേരളത്തിലെ ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി ജീവനക്കാർ പങ്കെടുക്കില്ല - എംപ്ലോയീസ് സംഘ്

New Update
bms

തിരുവനന്തപുരം : ബിഎംഎസ് പ്രതിഷേധത്തെത്തുടർന്ന് കേന്ദ്ര സർക്കാർ തൊഴിലാളികളെ കേൾക്കാൻ തയ്യാറായതിനാലാണ് ചർച്ചകൾക്കായി കോഡ് മാറ്റി വച്ചത്. നടപ്പിലാക്കാതെ മാറ്റി വച്ച കോഡിലെ പല വ്യവസ്ഥകളും കേരളത്തിൽ ഇപ്പോൾ തന്നെ നടപ്പിലാക്കിക്കഴിഞ്ഞു. ടേം ജോബ് കെഎസ്ആര്‍ടിസിയിൽ നടപ്പിലാക്കിക്കഴിഞ്ഞു. 

Advertisment

കേരളത്തിൽ എല്ലാ തൊഴിലാളി വിരുദ്ധതയും നടപ്പിലാക്കിയ ശേഷം കേന്ദ്രം നടപ്പിലാക്കാത്ത ലേബർ കോഡിനെതിരെ കേരളത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള ദേശീയ പണിമുടക്ക് മഹാമഹത്തിൽ കെഎസ്ആർടിസി ജീവനക്കാർ പങ്കെടുക്കില്ല. 

എല്ലാ പണിമുടക്കും വിജയിപ്പിക്കാൻ ചാവേറുകളായി കെഎസ്ആര്‍ടിസി ജീവനക്കാർ വേണം. കെഎസ്ആര്‍ടിസി ജീവനക്കാർക്ക് വേണ്ടി പണി മുടക്കാൻ ആരും ഉണ്ടായിട്ടില്ല, ഇനിയും ഉണ്ടാകില്ല. 

എന്ന് മാത്രമല്ല ബിഎംഎസ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജീവൽ പ്രശ്നങ്ങളുയർത്തി പണി മുടക്കിയപ്പോൾ കരിങ്കാലിപ്പണി ചെയ്യാൻ കപട തൊഴിലാളി സ്നേഹികളായ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസിക്കാർ മുന്നിൽ നിന്നു. 

സ്വന്തം വീട്ടിലെ പട്ടിണി മാറ്റാൻ നടന്ന പണിമുടക്കിനെ അട്ടിമറിച്ചവർ ഇന്ന് ഒന്നുചേർന്ന് അയൽവീട്ടിലെ തിണ്ണ നന്നാക്കാൻ നടക്കുന്നു. ആർക്കു വേണ്ടിയാണ് ഈ പണിമുടക്ക് എന്നും കെഎസ്ആര്‍ടിസിക്കാരന് അത് കൊണ്ട് എന്ത് പ്രയോജനം എന്നും ജീവനക്കാർ വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പങ്കെടുക്കേണ്ട എന്ന തീരുമാനം. 

ഇടത് സർക്കാരിൻ്റെ തൊഴിലാളി ദ്രോഹങ്ങൾ

സങ്കീർണ്ണമായ ഒരുപാട് പ്രശ്നങ്ങൾ മുഖാമുഖം കാണുന്ന ജീവനക്കാരാണ് കെഎസ്ആര്‍ടിസിയിൽ ഉള്ളത്. അത് പരിഹരിക്കാൻ ഒപ്പം നിൽക്കാത്ത യൂണിയനുകൾ രാഷ്ട്രീയ പ്രേരിതമായി ഒരു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് 

സമാനതകളില്ലാത്ത തൊഴിലാളി പീഡനം, നിലവിൽ 0% ഡിഎ. 33% ഡിഎ അരിയർ, കെഎസ്ആര്‍ടിസി ജീവനക്കാരർക്ക് വിദൂര സ്ഥലങ്ങളിലേയ്ക്ക് തലങ്ങും വിലങ്ങും ട്രാൻസ്ഫർ. കെഎസ്ആര്‍ടിസിയിൽ സിഎംഡി ഒരു അധികാരമേതുമില്ലാത്ത "സർവ്വാധികാരി" മാത്രം. 

ജീവനക്കാരുടെ സ്ഥലംമാറ്റം നിശ്ചയിക്കാനും, നിയന്ത്രിക്കാനും പ്രത്യേക സംഘം. കീഴൂട്ട് വീട്ടിൽ കുമ്പിട്ട് നിന്നാൽ മാത്രം തിരികെ സ്വന്തം ഡിപ്പോയിലേയ്ക്ക് ട്രാൻസ്ഫർ. 

എന്‍പിഎസ് പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ കൊണ്ടുവരും എന്ന് പറഞ്ഞ് ഭരണം പിടിച്ചവർ വിഹിതം അടയ്ക്കാതെ തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. 

പോക്കറ്റടിക്കാരനെ പിടിച്ചാൽ 3 മാസം ശിക്ഷിക്കും. എന്‍പിഎസിലെ കോടികൾ കൊള്ളയടിച്ചത് ഭരണകൂടമാണ്. വേലി തന്നെ വിളവ് തിന്നുന്നു. ഐഎഎസ്, ഐപിഎസ് കാർക്ക് പഴയ പെൻഷൻ പുന: സ്ഥപിച്ചു. മറ്റുള്ളവർക്ക് എന്‍പിഎസ്. ഒരു പന്തിയിൽ രണ്ട് തരം വിളമ്പൽ. 

ജീവനക്കാരുടെ അത്യാവശ്യങ്ങൾ നടത്തിക്കൊണ്ടിരുന്ന പിഎഫ് ലോൺ അനുവദിക്കുന്നില്ല. കെഎസ്ആര്‍ടിസി ജീവനക്കാർക്ക് നൽകിയിരുന്ന ഷുവർട്ടി ഒഴിവാക്കി. ധനകാര്യ സ്ഥാപനങ്ങൾ ലോൺ നൽകാതെയാക്കി സർക്കാരിൻ്റെ ഇരുട്ടടി, "കൂനിന്മേൽ കുരു" പോലായി.

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയിൽ ട്രേഡ് യൂണിയൻ റൈറ്റ് ഉണ്ട്. അതിന് റഫറണ്ടം നടത്തി അംഗീകാരം ഉള്ള ട്രേഡ് യൂണിയനുകളെ തെരഞ്ഞെടുക്കേണ്ടതുണ്ട്. 

സർക്കാരിനും മാനേജ്മെൻ്റിനും തോന്ന്യാസം ചെയ്യാൻ വേണ്ടി റഫറണ്ടം അട്ടിമറിച്ചത് സിഐടിയു. 21000-ൽ അധികം ജീവനക്കാരിൽ ഭൂരിഭാഗവും സിഐടിയു അംഗങ്ങളായിട്ടും തൊഴിലാളി ദ്രോഹങ്ങൾക്ക് കുട പിടിച്ചതിൻ്റെ പേരിൽ യൂണിയനെതിരെ അംഗങ്ങൾ തന്നെ പ്രതികരിക്കാൻ തുടങ്ങിയതിനാൽ ജീവനക്കാരിൽ നേതൃത്വത്തിന് വിശ്വാസമില്ലാതായി. തൊഴിലാളികളെ സംശയമായതിനാൽ റഫറണ്ടം കോടതിയിൽ എത്തിച്ചു.

ശമ്പളത്തിനും ബോണസ്സിനും കൂപ്പൺ വിതരണത്തിനെതിരെയും സമരം ചെയ്യാൻ ബി എം എസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എല്ലാത്തിനുമുള്ള പരിഹാരം കെഎസ്ആര്‍ടിസിയെ സർക്കാർ ഡിപ്പാർട്ട്മെൻറാക്കുക എന്നതാണ്. 

അതിനൊക്കെ വേണ്ടി നടത്തിയ സമരങ്ങൾ ഇപ്പോൾ മുപ്പതാം തിയതി ശമ്പളം ലഭിക്കുന്ന സാഹചര്യത്തിലെത്തിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാർക്ക് വേണ്ടി ബിഎംഎസ് നടത്തിയ   സമരങ്ങളെ അട്ടിമറിച്ചവർ ഒന്ന് ചേർന്ന് സംസ്ഥാന തലത്തിൽ ദേശീയ പണിമുടക്ക് നടത്തുന്നതിലെ പൊരുത്തക്കേട് ജീവനക്കാരനായ നന്നായറിയാം. 

ഈ പണി മുടക്ക് കൊണ്ട് കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ഒരു ശതമാനമെങ്കിലും ഡിെ കിട്ടുമോ ? പിഎഫ് ലോൺ കിട്ടുമോ ? അർഹമായ ട്രാൻസ്ഫർ കിട്ടുമോ? എന്‍പിഎസ് മാറി, സ്റ്റാറ്റ്യൂട്ടറി പെൻഷൻ കിട്ടുമോ ?

 "കിട്ടും" എന്നാണെങ്കിൽ കെഎസ്ആർടിസി ജീവനക്കാർ ഈ പണിമുടക്കൽ പങ്കെടുക്കാൻ പങ്കെടുക്കാൻ തയ്യാറാണ്. 

"കിട്ടില്ല" എന്നാണെങ്കിൽ ഡയസ്നോൺ കൊണ്ട് ശമ്പളനഷ്ടം മാത്രം എന്ന് മനസ്സിലാക്കുന്നു. അതിനാൽ തന്നെ ഈ തൊഴിലാളി വഞ്ചനാപരമായ പണിമുടക്കൽ കെഎസ്ആർടിസി ജീവനക്കാർ പങ്കെടുക്കില്ല.

Advertisment