തിരുവനന്തപുരം; സംസ്ഥാനത്ത് കോളറ കേസുകൾ കൂടുന്നു. തിരുവനന്തപുരം ജില്ലയിൽ രണ്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
നെയ്യാറ്റിൻകര തവരവിളയിലെ ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ ഹോസ്റ്റലിലെ അന്തേവാസികളായ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.
12 പേർ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നത് ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കുകയാണ്. സ്ഥാപനത്തിലെ വിവിധ ജല സ്ത്രോതസുകളില്‍ നിന്ന് സാംപിളുകള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.
രണ്ടു ദിവസത്തിനകം പരിശോധനാ ഫലം വരും. സ്ഥാപനത്തോട് ചേര്‍ന്ന് വെളളമൊഴുകുന്ന ചാലില്‍ മീനുകള്‍ ചത്തു കിടന്നതും പരിശോധിക്കുന്നുണ്ട്.
തിരുവനന്തപുരത്തെ മൂന്നുപേർക്ക് ഉൾപ്പെടെ സംസ്ഥാനത്ത് നാലുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോളറ ബാധയുടെ പശ്ചാത്തലത്തിൽ ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ ഹോസ്റ്റൽ താത്ക്കാലികമായി പൂട്ടിയിരുന്നു.
വയറിളക്കവും ഛർദിയും കാരണം ഇവിടുത്തെ അന്തേവാസിയായ 26കാരൻ മരിച്ചിരുന്നു. ഇദ്ദേഹത്തിന് കോളറ ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.