150 കോടിയുടെ കോഴ ആരോപണം: വിഡി സതീശനെതിരെ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഇന്ന് പരിഗണിക്കും

New Update
Corruption Allegation Against VD Satheeshan

തിരുവനന്തപുരം: കോഴ ആരോപണ കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കെ റെയിൽ സിൽവര്‍ ലൈൻ പദ്ധതി അട്ടിമറിക്കാൻ 150 കോടി രൂപ കോഴ വാങ്ങിയെന്നാണ് പ്രതിപക്ഷ നേതാവിനെതിരെ ഉയരുന്ന ആരോപണം.  

Advertisment

വി.ഡി. സതീശൻ ഇതര സംസ്ഥാന ലോബികളിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന് പി.വി. അൻവർ നിയമസഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. 

ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശി ഹഫീസ് വിജിലൻസ് ഡയറകർക്ക് പരാതി നൽകിയിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണം നടത്താതെ വന്നതോടെ പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിയിൽ വിജിലൻസ് നിലപാട് ഇന്ന് കോടതിയെ അറിയിക്കും.

സിൽവർ ലൈൻ പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐ.ടി. മേഖലയില്‍ ഉണ്ടാകാൻ പോകുന്ന കുതിച്ചു ചാട്ടം ഇല്ലാതാക്കാന്‍ കോൺഗ്രസിനെ കൂട്ടുപിടിച്ച് അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരാണ് പദ്ധതി അട്ടിമറിച്ചതെന്നായിരുന്നു നിലമ്പൂര്‍ എംഎൽഎ നിയമസഭയിൽ ആരോപിച്ചത്.

പ്രതിപക്ഷ നേതാവ് ഇതിനായി 150 കോടി കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ റെയില്‍ വന്നിരുന്നെങ്കില്‍ കേരളത്തിലെ ഐ.ടി രംഗം കുതിച്ചുയരുകയും ഹൈദരാബാദിലെയും ബംഗളുരുവിലെയും ഐ.ടി ബിസിനസ് തകര്‍ന്നു പോകുമായിരുന്നുവെന്നും പറഞ്ഞ അൻവര്‍ എംഎൽഎ, കേരളത്തില്‍ നിന്നും ഓരാളെ പോലും ജോലിക്ക് കിട്ടാത്ത സ്ഥിതി ഈ പ്രദേശങ്ങളിൽ ഉണ്ടാകുമായിരുന്നു എന്നും പറഞ്ഞിരുന്നു.