/sathyam/media/media_files/HjQYHUlTl9nDmZdj5940.jpg)
തിരുവനന്തപുരം: വിമർശകർക്കുളള മറുപടിയായി ടൈംസ് ഈവന്റ് പുരസ്കാര നേട്ടം ഉയർത്തിക്കാട്ടി പ്രചരണം നടത്തുന്നതിനിടെ മേയർ ആര്യാ രാജേന്ദ്രന് തിരിച്ചടിയായി സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റിൽ രൂക്ഷ വിമർശനം. മേയറുടെ പെരുമാറ്റ ശൈലിയും നഗരഭരണത്തിലെ വീഴ്ചകളും ചൂണ്ടിക്കാട്ടികൊണ്ട് ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ കടുത്ത വിമർശനമാണ് നടന്നത്. മേയറുടെ പെരുമാറ്റത്തിൽ വിനയവും ലാളിത്യവുമില്ല. കോര്‍പറേഷനില്‍ വരുന്നവരോട് ജനകീയമായല്ല മേയര്‍ പെരുമാറുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ഭരണനേതൃത്വത്തിന്‍റെ ഇടപെടല്‍ ജനകീയമല്ലെന്നും പൊതു സമൂഹത്തിനും പാർട്ടി അണികൾക്കും സ്വീകാര്യമല്ലാത്ത പെരുമാറ്റ ശൈലിയാണ് മേയറുടേതെന്നുമാണ് പൊതുവിൽ ഉയർന്ന വിമർശനം. തെറ്റായ പെരുമാറ്റ ശൈലി ജനങ്ങളെ നഗരസഭാ ഭരണത്തിൽ നിന്ന് അകറ്റി. ഇത് ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജില്ലയിലാകെ വോട്ട് കുറയാൻ ഇടയാക്കിയെന്നും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ വിമർശിച്ചു.
കോർപ്പറേഷൻ ഭരണവും മേയറുടെ പെരുമാറ്റശൈലിയും ഈ നിലയ്ക്ക് മുന്നോട്ട് പോയാൽ നഗരസഭാ തിരഞ്ഞെടുപ്പിൽ വൻതിരിച്ചടിയായിരിക്കും ഇടതുമുന്നണിയെ കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പും ജില്ലാ സെക്രട്ടേറിയേറ്റിൽ ഉണ്ടായി.
മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എം.എൽ.എയും കെ.എസ്.ആർ.ടി.സി ബസിന് കുറുകെ കാർ ഓടിച്ച് നിർത്തി ബസ് തടഞ്ഞതും ബസിനകത്ത് കയറി യാത്രക്കാരെ ഇറക്കിവിട്ടതുമായ സംഭവം പരാമർശിച്ചുകൊണ്ടായിരുന്നു വിമർശനം. ബസ് തടഞ്ഞ വിവാദത്തിൽ മേയറുടെ വാദഗതികൾ കൃത്യമായി സാധൂകരിക്കാനാവുന്ന തെളിവുകൾ പുറത്തുവന്നിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മേയർക്കെതിരായ വിമർശനത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയുമായി അധികാരത്തിലേറിയ ആര്യാ രാജേന്ദ്രൻ തുടക്കം മുതൽ വിവാദങ്ങളിലൂടെയാണ് സഞ്ചരിച്ചത്. മേയറുടെ ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ പെരുമാറ്റത്തിൽ മുതിർന്ന നേതാക്കൾക്ക് പോലും എതിർപ്പുണ്ടായിരുന്നു. അതാണ് തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ നുരഞ്ഞു പൊന്തിയത്.
സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ്, ആനാവൂർ നാഗപ്പൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് മേയറുടെ പെരുമാറ്റ ശൈലിയും ഭരണരീതിയും വിമർശിക്കപ്പെട്ടത്. തലസ്ഥാന ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പി വൻതോതിൽ വോട്ട് വിഹിതം വർദ്ധിപ്പിച്ചതും ജില്ലാ സെക്രട്ടേറിയേറ്റ് വിശദമായി ചർച്ച ചെയ്തു.
എൽ.ഡി.എഫ് തുടർച്ചയായി മൂന്നാമതെത്തുന്ന തിരുവനന്തപുരം മണ്ഡലത്തിൽ ബി.ജെ.പി ഇത്തവണ നടത്തിയത് വലിയ മുന്നേറ്റമാണ്. വിജയിച്ച യു.ഡി.എഫിനെ പോലും വിറപ്പിച്ചുവിട്ട ബി.ജെ.പിയുടെ വോട്ട് നേട്ടം ആശങ്കാജനകമാണ്. മൂന്നാം സ്ഥാനത്തായി പോയെങ്കിലും ആറ്റിങ്ങൽ മണ്ഡലത്തിലും ബി.ജെ.പി വൻമുന്നേറ്റം നടത്തിയതിലും ജില്ലാ സെക്രട്ടേറിയേറ്റ് ആശങ്ക പ്രകടിപ്പിച്ചു.
പാർട്ടിക്ക് സ്വാധീനമുളള പ്രദേശങ്ങളിലാണ് ആറ്റിങ്ങലിൽ ബി.ജെ.പി നേട്ടം കൊയ്തതെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഈ വിലയിരുത്തലുകൾ അടങ്ങുന്ന ജില്ലാ സെക്രട്ടേറിയേറ്റിൻെറ അവലോകനം ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കും