/sathyam/media/media_files/2025/09/20/new-project-15-3-2025-09-20-18-33-02.jpg)
തിരുവനന്തപുരം: കുന്നത്തുകാലിൽ തെങ്ങ് വീണ് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ടു സ്ത്രീകള്‍ മരിച്ചു. കുന്നത്തുകാൽ ചാവടി സ്വദേശികളായ വസന്ത കുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്.
രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ജോലിക്കിടെ പാലത്തിന് ചുവട്ടിൽ വിശ്രമിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. കാട്ടാക്കട കുന്നത്തുകാൽ ചാവടിയിലാണ് തെങ്ങ് കടപുഴകി വീണാണ് അപകടമുണ്ടായത്.
ജോലിക്കിടെ പാലത്തിന് ചുവട്ടിൽ വിശ്രമിക്കാനിരുന്നതായിരുന്നു തൊഴിലാളികൾ. ഇതിനിടെ പാലത്തിന് മുകളിലേക്ക് തെങ്ങ് വീഴുകയും, പിന്നാലെ പാലവും തെങ്ങും തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. ചാവടി സ്വദേശികളായ ചന്ദ്രിക, വസന്തകുമാരി എന്നിവരുടെ തലയിലാണ് തെങ്ങ് വീണത്.
ഇവരെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന 3 തൊഴിലാളികൾക്ക് ഗുരുതര പരുക്കേറ്റു. ഇവരെ കാരക്കോണം മെഡിക്കൽ കോളജിലേക്ക് മാറ്റി.
സ്നേഹലത, ഉഷ എന്നിവരുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. അപകടം നടന്ന സമയത്ത് പല തൊഴിലാളികളും ചിതറി ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഏകദേശം 48 തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. കനാൽ വൃത്തിയാക്കുന്ന ജോലിക്കായി എത്തിയതായിരുന്നു ഇവർ. പാറശ്ശാല ഫയർഫോഴ്സും വെള്ളറട പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.