Advertisment

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് രാജ്യദ്രോഹക്കുറ്റം; അന്വേഷിക്കണം; ഡിജിപിക്ക് ഡിവൈഎഫ്‌ഐയുടെ പരാതി

New Update
dyfi

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിനെതിരെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഒന്നരലക്ഷത്തോളം വ്യാജ ഐഡി കാര്‍ഡുകളാണ് ഉണ്ടാക്കിയത്. 

Advertisment

ഇതിനെതിരെ ഡിജിപിക്ക് പരാതി നല്‍കും. വ്യാജമായി നിര്‍മിച്ച ഐഡി കാര്‍ഡുകള്‍ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് മാത്രമല്ല ഉപയോഗിക്കുകയെന്നും ഇത് രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ഡിവൈഎഫ്ഐ സെക്രട്ടറി വികെ സനോജ് പറഞ്ഞു, 

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐഡന്‍ഡിറ്റി കാര്‍ഡാണ് ഇത്തരത്തില്‍ ഉണ്ടാക്കിയത്. ഇത്തരമൊരു ഹീനപ്രവൃത്തി ചെയ്തത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്.

ബാംഗ്ലൂര്‍ കമ്പനിയാണ് ഇത്തരത്തില്‍ ആപ്പ് തയ്യാറാക്കി നല്‍കിയത്. ഇതിനായി 22 കോടിയിലധികം ചെലവാക്കിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്. ഇത്രയും പണം പിരിച്ചതും സംബന്ധിച്ച് അന്വേഷണം നടത്തണം. 

ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും മറുപടി പറയണം. വിഡി സതീശന്‍ ഇക്കാര്യം മുന്‍പെ അറിഞ്ഞിരുന്നുവെന്നും അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണം.

പാലക്കാട്ടുനിന്നുള്ള ഒരു എംഎല്‍എയാണ് ഇതിന് നേതൃത്വം നല്‍കിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എംഎല്‍എ ഇത്തരമൊരു പ്രവൃത്തിക്ക് കൂട്ടുനിന്നു എന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു.

Advertisment