/sathyam/media/media_files/srcf7H2z4bvBRrlMoYMY.jpg)
തിരുവനന്തപുരം: കാടിറങ്ങി നാട്ടിലെത്തുന്ന കാട്ടാനകൾ ജനങ്ങളുടെ ജീവനെടുക്കുന്നത് തുടരുകയാണെങ്കിലും വന്യജീവി- മനുഷ്യ സംഘർഷം ലഘൂകരിക്കാനുള്ള സർക്കാർ പദ്ധതികൾ ഫലപ്രദമാവുന്നില്ല.
പദ്ധതികൾ ഏറെയുണ്ടെങ്കിലും അവയൊന്നും മലയോര വാസികൾക്ക് ഉപകാരപ്രദമല്ല. മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുമെന്ന് ബജറ്റിലും വാഗ്ദാനമുണ്ടെങ്കിലും പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, നിലവിലെ പദ്ധതികൾ അധികാരികൾക്കും കരാറുകാർക്കും പണം കൊയ്യാനുള്ളവയാണെന്ന ആക്ഷേപവും ശക്തമാണ്.
കാട്ടാനകൾ നാടിറങ്ങുന്നത് തടയാൻ വനാതിർത്തികളിൽ സൗരോർജ്ജവേലി, കിടങ്ങുകൾ, ആന പ്രതിരോധ മതിൽ, ക്രാഷ്‌ഗാർഡ്, റോപ്പ് ഫെൻസിംഗ്, റെയിൽ ഫെൻസിംഗ് എന്നിവയുണ്ട്. നിലവിൽ 2500 കിലോമീറ്ററിൽ സൗരോർജ്ജവേലിയും 500കി.മി കിടങ്ങുമുണ്ട്. 680കി.മി സൗരോർജ്ജ വേലി, 132 കി.മി കിടങ്ങ് പണി പുരോഗമിക്കുന്നു. പക്ഷേ കാട്ടാനകളെ തുരത്താൻ ഇതൊന്നും പ്രായോഗികമല്ല. മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാൻ 48.85കോടിയാണ് ബജറ്റ് വിഹിതം.
കേരളത്തിൽ 5വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ 637പേർ മരിച്ചിട്ടുമുണ്ട്. വയനാട്, ഇടുക്കി, കണ്ണൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 30ലക്ഷത്തോളം പേർ വന്യജീവി ഭീതിയിലുമാണ്. മനുഷ്യ- വന്യജീവി സംഘർഷത്തിന് പരിഹാരമുണ്ടാക്കാൻ 620കോടിയുടെ പദ്ധതി കേന്ദ്രത്തിനയച്ചിരിക്കുകയാണ്.പക്ഷേ കേന്ദ്രസർക്കാർ ഇത് അംഗീകരിച്ചിട്ടില്ല.
വന്യജീവികൾക്ക് ആവശ്യമായ സൗകര്യങ്ങൾ വനത്തിനുള്ളിൽ തന്നെ ഒരുക്കുന്നതിനും വനത്തിനു പുറത്ത് കഴിയുന്നവരെ വന്യജീവി ആക്രമണങ്ങളിൽ നിന്നും രക്ഷിക്കുന്നതിനുമായി തയ്യാറാക്കിയതാണ് പദ്ധതി. 620 കോടി രൂപ ചെലവു വരുന്ന മാസ്റ്റർ പ്ലാൻ അഞ്ചു വർഷം കൊണ്ട് നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ കെ.ആർ.അനൂപ്, കെ.വിജയാനന്ദ്, വന്യജീവി ഗവേഷകൻ ഡോ.ബാലസുബ്രഹ്മണ്യം എന്നിവർ തയ്യാറാക്കിയ പദ്ധതിക്ക് വനംവകുപ്പ് അംഗീകാരം നൽകി 2022 ആഗസ്റ്റിൽ കേന്ദ്ര സർക്കാരിനു സമർപ്പിച്ചു.
കേന്ദ്ര ഫണ്ട് ലഭ്യമാകുന്നതിനു വേണ്ടി മന്ത്രി എ.കെ. ശശീന്ദ്രൻ കേന്ദ്രവനം മന്ത്രി ഭൂപേന്ദർ യാദവുമായി രണ്ടു വട്ടം ചർച്ച നടത്തി. ആദ്യം മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനും 50% തുക അനുവദിക്കുന്ന പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും സംസ്ഥാന സർക്കാരിന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്കൊടുവിൽ കേന്ദ്രം പണം അനുവദിക്കില്ലെന്നും സ്വന്തം നിലയ്ക്ക് കണ്ടെത്താനുമാണ് കേന്ദ്രമന്ത്രി ജനുവരി 12ന് രേഖാമൂലം സംസ്ഥാന സർക്കാരിന് മറുപടി അയച്ചത്.
വനത്തിൽ മുപ്പതിനായിരം ഹെക്ടർ യൂക്കാലിപ്‌റ്റസ്, അക്കേഷ്യ, മാഞ്ചിയം, വാറ്റിൽ എന്നിങ്ങനെ വിദേശയിനം തോട്ടങ്ങൾ വ്യാവസായികാവശ്യത്തിന് നട്ടുപിടിപ്പിച്ചതോടെ ആനകൾക്ക് തീറ്റയില്ലാതായതാണ് പ്രശ്നമായത്. 2018മുതൽ ഈ തോട്ടങ്ങൾ സ്വാഭാവിക വനമാക്കി പ്ലാവും ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിക്കുന്നുണ്ട്.
വനത്തിൽ കൃത്രിമ തടാകങ്ങളുണ്ടാക്കാനും ശ്രമിക്കുന്നു. മിക്ക വനാതിർത്തികളിലും കാട്ടാന സാന്നിദ്ധ്യമുണ്ട്. പെരിയാർ എലിഫന്റ് റിസർവിൽപെട്ട പത്തനംതിട്ട, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ വനമേഖലയിൽ 811ആനകളുണ്ട്. റാന്നി ഡിവിഷനിൽ മാത്രം ഇരുനൂറിലേറെ ആനകളുണ്ട്. നാട്ടിലെ കാർഷിക വിളകൾ തേടിയാണ് കാട്ടാനകൾ മുഖ്യമായി നാട്ടിലേക്കെത്തുന്നത്. ആനയ്ക്ക് ദിവസവും 150- 250 കിലോ ഭക്ഷണവും 250ലിറ്റർ വെള്ളവും വേണം.
വനത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന കൊന്ന മരങ്ങൾ ഉൾപ്പെടെ നീക്കം ചെയ്ത് വനത്തിലെ മരങ്ങൾ വച്ചുപിടിപ്പിക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങളടങ്ങിയതാണ് 620 കോടിയുടെ പദ്ധതി. കാട്ടിനുള്ളിൽ കൊന്ന വർദ്ധിച്ചതോടെ പുല്ല് വർഗങ്ങൾ നശിച്ചു. അതോടെ മാനുകൾ, കുറുക്കൻ തുടങ്ങിയ ജീവികൾ വനത്തിലെ മറ്റ് പ്രദേശങ്ങളിലേക്ക് പോയി.
ഇവയെ ഭക്ഷണമാക്കി കഴിഞ്ഞിരുന്ന കടുവയും പുലിയുമൊക്കെ നാട്ടിലേക്കിറങ്ങി കന്നുകാലികളെ പിടികൂടി ഭക്ഷണമാക്കാനും തുടങ്ങി. മനുഷ്യജീവനുതന്നെ ഭീഷണിയാകുന്ന ഈ മാറ്റം അവസാനിപ്പിക്കുന്ന നിർദേശങ്ങളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. മനുഷ്യ-വന്യജീവി സംഘർഷം കൂടുതലുള്ള പ്രദേശങ്ങളുടെ വിവരണവും കാരണവും പരിഹാരവും അടങ്ങുന്നതാണ് മാസ്റ്റർ പ്ലാൻ.
മനുഷ്യ - വന്യജീവി സംഘർഷത്തിന് ഹേതുവായി പലവിധകാരണങ്ങളാണ് പറയുന്നത്. വന്യജീവികളുടെ എണ്ണത്തിലുണ്ടായ വർദ്ധന, സ്വഭാവത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള പ്രയാണം തുടങ്ങിയവ ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. കാടും - നാടും തമ്മിൽ വേർതിരിക്കുക, ശല്യക്കാരാകുന്ന വന്യജീവികളെ പിടിച്ചുമാറ്റുകയോ കൊന്നൊടുക്കുകയോ ചെയ്യുക, അവയുടെ പ്രജനനം നിയന്ത്രിക്കുക തുടങ്ങിയ പരിഹാരമാർഗങ്ങൾ ഈ വാദക്കാർ മുന്നോട്ടും വെക്കുന്നു.
എന്നാൽ, മനുഷ്യനും വന്യജീവികളും തമ്മിലുള്ള ഇടപെടലുകൾ എല്ലാകാലത്തും നിലനിന്നിരുന്നു. വന്യജീവികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടില്ലെന്നും മനുഷ്യവന്യജീവി സംഘർഷത്തിന്റെ മൂലകാരണം നാംതന്നെയാണെന്നും വാദിക്കുന്ന മറുവിഭാഗവുമുണ്ട്.
അശാസ്ത്രീയവും അനിയന്ത്രിതവുമായ വികസനപ്രവർത്തനങ്ങളും കൈയേറ്റവുംമൂലം ആവാസവ്യവസ്ഥകളുടെ വിസ്തീർണവും ആരോഗ്യവും നഷ്ടപ്പെട്ടതിനാലാണ് മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം കനത്തതെന്നും വാദമുണ്ട്.
മുമ്പ് കാടിനുള്ളിലുണ്ടായിരുന്നതും എന്നാൽ ഇപ്പോൾ മനുഷ്യർ കൈയടക്കിയതുമായ ചോലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് മൃഗങ്ങൾ ഇന്ന് എത്തുന്നത് ജനവാസ കേന്ദ്രങ്ങളിലൂടെയാണ്. പണ്ട് അത് വനമായിരുന്നെങ്കിൽ ഇന്നത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണ്.
വനാതിർത്തികളിലെ കൃഷി ശാസ്ത്രീയമല്ലെന്നറിഞ്ഞിട്ടും വാഴയടക്കമുള്ള കാർഷിക വിളകൾ ഈ മേഖലയിൽ കൃഷി ചെയ്യുന്നുണ്ട്. ആറായിരം കിലോമീറ്ററോളം കാടുംനാടും അതിർത്തി പങ്കിടുന്ന കേരളത്തിൽ വന്യജീവി- മനുഷ്യ സംഘർഷം ഇല്ലാതാക്കാൻ സമഗ്ര പദ്ധതിയുണ്ടായാലേ മതിയാവൂ.