രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനത്ത് തുടരാൻ അർഹനല്ല; കേരള ഫെമിനിസ്റ്റ് ഫോറം

New Update
2367878-feminism-new

തിരുവനന്തപുരം: അധികാരവും പദവിയും ദുരുപയോഗം ചെയ്ത് സ്ത്രീ പീഡനം നടത്തുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് കേരള ഫെമിനിസ്റ്റ് ഫോറം. 

Advertisment

പ്രേമ വാഗ്ദാനങ്ങൾ നൽകി സ്ത്രീകളെ വശീകരിക്കുകയും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങൾക്ക് നിർബന്ധിക്കുകയും ഗർഭിണിയാകുന്നവരെ ഭീഷണിപ്പെടുത്തി ഭ്രൂണഹത്യയ്ക്ക് സമ്മർദം ചെലുത്തുകയും ചെയ്തതായി ഫോറം പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.

പുറത്തുവന്ന ഫോൺ റെക്കോർഡുകളിൽ ഗർഭിണിയായ പെൺകുട്ടിയെ ഭ്രൂണഹത്യയ്ക്ക് നിർബന്ധിക്കുന്ന എം.എൽ.എയുടെ ശബ്ദം വ്യക്തമായ തെളിവാണെന്ന് ഫെമിനിസ്റ്റ് ഫോറം ചൂണ്ടിക്കാട്ടി.

രാഹുൽ മാങ്കൂട്ടത്തിനെതിരെ പത്തോളം സ്ത്രീകൾ പരാതികൾ ഉന്നയിച്ചിട്ടുണ്ടെന്നും ഫോറം പറയുന്നു. ഇത്രയും അപകടകാരിയായ യുവ രാഷ്ട്രീയ നേതാവ് എം.എൽ.എ. സ്ഥാനത്ത് തുടരുന്നത് സ്ത്രീ സമൂഹത്തിനാകെ ആപത്താണെന്നും പ്രസ്താവനയിൽ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിനെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ കോൺഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വവും സംസ്ഥാന സർക്കാരും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ഫോറം ആവശ്യപ്പെട്ടു. ലൈംഗിക പീഡനക്കേസുകളിൽ ഉൾപ്പെട്ട രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്നും അവർ ജനപ്രതിനിധി സഭകളിൽ ഇരിക്കാൻ അർഹരല്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഓർമിപ്പിച്ചു.

കെ. അജിത, ഡോ. സി.എസ്. ചന്ദ്രിക, ഡോ. രേഖ രാജ്, മേഴ്സി അലക്സാണ്ടർ, ഡോ. സോണിയ ജോർജ്, ഏലിയാമ്മ വിജയൻ, ഡോ. ബിനിത തമ്പി, രചിത ജി, എം. സുൽഫത്ത്, ശ്രീജ നെയ്യാറ്റിൻകര, സജിത ശങ്കർ, ശ്രീജ കെ.വി, ഡോ. ശ്രീസൂര്യ തിരുവോത്ത്, ശീതൾ ശ്യാം, ആർ. പാർവതി ദേവി, അഡ്വ. കുക്കു ദേവകി, ശ്രീജ പി, പ്രീത ജി.പി, സ്മിത ശ്രേയസ്, ഷീജ ഗൗരി പദ്മം, ഗീത നസീർ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചവർ.

Advertisment