/sathyam/media/media_files/2026/01/10/000-2026-01-10-23-55-45.jpg)
തിരുവനന്തപുരം:കരുത്തുള്ള രാജ്യങ്ങൾക്ക് ദുർബലർക്കുമേൽ എന്തുമാകാം എന്ന അപകടകരമായ സന്ദേശമാണ് ഗാസയിൽ നടന്ന വംശഹത്യ ലോകരാജ്യങ്ങൾക്ക് നൽകുന്നതെന്ന് ഗാസയിലെ രക്തരൂഷിതമായ മണ്ണിൽ സേവനമനുഷ്ഠിച്ച ഡോ എസ്. എസ്. സന്തോഷ് കുമാർ.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ 'കെഎൽഐബിഎഫ് ടോക്ക്' സെഷനിൽ 'ടെസ്റ്റിമൊണീസ് ഫ്രം ഗാസ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകാരോഗ്യ സംഘടനയുടെ എമർജൻസി മെഡിക്കൽ ടീമിന്റെ ഭാഗമായി ഡോ സന്തോഷ് കുമാർ ഗാസയിൽ സേവനമനുഷ്ഠിച്ചിരുന്നു.
ഒരിക്കൽ 100 കിലോമീറ്റർ നീളമുണ്ടായിരുന്ന ഗാസ എന്ന ചെറിയ ഭൂപ്രദേശം ഇന്ന് വെറും 20 കിലോമീറ്ററിലേക്ക് ചുരുക്കപ്പെട്ടിരിക്കുന്നു.
ലക്ഷക്കണക്കിന് ജനങ്ങളെ ഇസ്രായേൽ സൈന്യം ഒരു ചെറിയ കോണിലേക്ക് ഒതുക്കുകയായിരുന്നു.
അതിർത്തി കടക്കുമ്പോൾ തന്നെ എതിരേൽക്കുന്നത് മരണഗന്ധമാണ്. ശുദ്ധജലമില്ലാത്ത, മലിനജലം തെരുവുകളിലൂടെ ഒഴുകുന്ന, പട്ടിണി പെയ്തിറങ്ങുന്ന ഒരു നരകമായി ഗാസ മാറിയിരിക്കുന്നു. ഭക്ഷണത്തിനും വെള്ളത്തിനുമായി കിലോമീറ്ററുകളോളം നീളുന്ന ക്യൂവാണ് ഗാസയിലെ പ്രധാന കാഴ്ച.
ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ ഇസ്രായേൽ ഡ്രോണുകൾ കാവൽ നിന്നിരുന്നു. തലയുയർത്തി നോക്കിയാൽ ജീവനെടുക്കുന്ന ബുള്ളറ്റുകൾ പാഞ്ഞുവരും. രാത്രിയിൽ ആകാശത്തെ വെളിച്ചം കണ്ട് വിസ്മയത്തോടെ നോക്കുന്ന കുട്ടികളുടെ ശരീരത്തിൽ പതിക്കുന്നത് അൻപതോളം ബുള്ളറ്റുകളാണ്. ഇങ്ങനെ ചിന്നഭിന്നമായ കുട്ടികളുടെ ശരീരങ്ങളാണ് ഓരോ നിമിഷവും ആശുപത്രികളിൽ എത്തിയിരുന്നത്.
പ്രധാന ആശുപത്രികളെല്ലാം ബോംബിട്ട് തകർത്തു കഴിഞ്ഞു. ഓക്സിജനോ മരുന്നോ ഇല്ലാത്ത അവസ്ഥയിൽ, അനസ്തേഷ്യ പോലും നൽകാതെ ശരീരം കീറി ശസ്ത്രക്രിയ നടത്തേണ്ടി വരുന്ന പ്രാകൃത സാഹചര്യമാണ് അവിടെയുള്ളത്.
അസ്ഥികൾ പൊട്ടിയവർക്ക് ഇടുന്ന ഫിക്സേറ്ററുകൾ തീർന്നുപോകുമ്പോൾ, പഴയ ജനൽ കമ്പികൾ വെട്ടി പുതിയവ നിർമ്മിച്ച് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. താൻ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ഐസിയു ലക്ഷ്യമാക്കി നടന്ന ബോംബാക്രമണത്തിൽ തന്റെ സഹപ്രവർത്തകരും രോഗികളും മരിച്ചത് അദ്ദേഹം പരാമർശിച്ചു.
ഗാസയിൽ നടന്നത് ലോകത്തിന് മുന്നിൽ പകൽവെളിച്ചത്തിൽ പരസ്യമായി നടപ്പിലാക്കിയ ക്രൂരതയാണ്. ലോകരാജ്യങ്ങൾ വെറും കാഴ്ചക്കാരായി നിന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിലയില്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗാസ പട്ടണം ഇപ്പോൾ നിലവിലില്ലെന്നും അത് വെറും അവശിഷ്ടങ്ങളുടെ കൂമ്പാരമാണെന്നും ഡോ സന്തോഷ് കുമാർ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us