Advertisment

തലയിൽ കൈവച്ച് എന്റെ പൊന്നേ എന്ന് വിളിച്ച് മലയാളികൾ. സ്വർണ വില ദിവസേന പുതിയ റിക്കോർഡിൽ. ഇന്നത്തെ വില പവന് 50,800 രൂപ. ഈ പോക്കു പോയാൽ ഒരു മാസത്തിനകം പവന് 56,000 രൂപയാവുമെന്ന് വിദഗ്ദ്ധർ. ഒരു പവൻ ആഭരണത്തിന്റെ വില 55,000 രൂപയായി. മക്കളുടെ വിവാഹത്തിന് സ്വർണം വാങ്ങാനിരിക്കുന്ന മാതാപിതാക്കളുടെ നെഞ്ചിൽ തീ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
gold 345

തിരുവനന്തപുരം: പുതിയ പുതിയ റിക്കാ‌ർഡുകളിട്ട് സ്വർണ വില കുതിച്ചുയരുകയാണ്. ഇന്നലെ (മാർച്ച് 31) പവന് 50,200 ആയിരുന്ന സ്വർണ വില ഇന്ന് (ഏപ്രിൽ ഒന്ന്) 50,880 രൂപയാണ്. ഒരു മാസത്തിനകം പവന് 56,000 രൂപയാവുമെന്നാണ് സ്വർണ വ്യാപാരികൾ നൽകുന്ന വിവരം.

Advertisment

ഈ പോക്കു പോയാൽ സാധാരണക്കാർ വലയുമെന്ന് ഉറപ്പാണ്. മക്കളുടെ വിവാഹത്തിന് സ്വർണം വാങ്ങാനിരിക്കുന്ന മാതാപിതാക്കളാണ് ഏറെ വലയുന്നത്. വില ദിവസേന കുതിച്ചുയരുന്ന സാഹചര്യം മുതലെടുത്ത് സ്വർണാഭരണ ശാലകളെല്ലാം അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.


സ്വർണവില 50,880 ആണെങ്കിലും ജുവലറികളിൽ നിന്നും സ്വർണാഭണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയും നികുതിയുമടക്കം വിലയിൽ 4000 രൂപയുടെയെങ്കിലും വ്യത്യാസമുണ്ടാവും. പ്രമുഖ ജുവലറികൾ പണിക്കൂലി ഇനത്തിൽ 2,500 രൂപ മുതൽ ഈടാക്കുന്നു. ഇതോടൊപ്പം മൂന്ന് ശതമാനം ചരക്ക് സേവന നികുതിയായ 1,580 രൂപ കൂടി ഈടാക്കും.


76777 

ഇങ്ങനെ നോക്കുമ്പോൾ ഒരു പവൻ ആഭരണത്തിന്റെ വില 55,000 രൂപയ്ക്കടുത്ത് എത്തും. സാധാരണക്കാരെ വലയ്ക്കുന്നത് ഈ വമ്പൻ വിലക്കയറ്റമാണ്. മാര്‍ച്ച് മാസത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 4000 രൂപയിലധികമാണ് വര്‍ധിച്ചത്. മാര്‍ച്ച് ഒന്നിന് പവന് 46320 രൂപയായിരുന്നു വില. മാര്‍ച്ച് 29 ആയപ്പോഴേക്കും 50200 രൂപയിലെത്തി.

ചൈനക്കാർ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. മാസം ശരാശരി 50,000 കോടി രൂപയ്‌ക്കു തുല്യമായ തുകയുടെ സ്വർണ വ്യാപാരമാണ്അ ചൈനയിൽ നടക്കുന്നത്.

കൂടുതലും ചൈനീസ് വനിതകളാണ് സ്വർണം വാങ്ങിക്കൂട്ടുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കാണ് ചൈനക്കാരികൾ സ്വർണം വാങ്ങുന്നതെന്നാണ് സൂചന. ചൈനക്കാരുടെ ഗാർഹിക സമ്പാദ്യം കഴിഞ്ഞ  വർഷം റെക്കോർഡ് നിലവാരത്തിൽ എത്തിയതാണു സ്വർണ വിപണിക്കു നേട്ടമായതെന്നു വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തുന്നു.

ചൈനീസ് വനിതകൾക്കു മാത്രമല്ല പീപ്പിൾസ് ബാങ്ക് ഓഫ് ചൈന എന്നറിയപ്പെടുന്ന കേന്ദ്ര ബാങ്കിനും ഉണ്ട് സ്വർണത്തോട് കമ്പം.  2023ൽ ബാങ്ക് വാങ്ങിയത് 225 ടൺ സ്വർണമാണ്. ഇക്കാലയളവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വാങ്ങിയത്  16.2ടൺ സ്വർണം മാത്രമാണ്.

 സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കാണ് ലോകമെങ്ങും സ്വർണം വാങ്ങിക്കൂട്ടുന്നത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും രാജ്യങ്ങളിലെ മാന്ദ്യവും പരിഗണിക്കുമ്പോൾ സ്വർണ വില ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സാമ്പത്തിക അനിശ്ചിതത്വം കണക്കിലെടുത്ത് വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതോടെ സ്വർണ വില റോക്കറ്റിൽ ഉയരും.

 നാണയപ്പെരുപ്പം നിയന്ത്രണവിധേയമായതിനാൽ ഈ വർഷം മുഖ്യ പലിശ നിരക്കുകൾ മൂന്ന് തവണ കുറയ്ക്കുമെന്ന് അമേരിക്കയിലെ ഫെഡറൽ റിസർവ് വ്യക്തമാക്കിയിരുന്നു. ഇതോടെ അമേരിക്കൻ ഡോളറും ബോണ്ടുകളും കടുത്ത സമ്മർദ്ദം നേരിടുകയാണ്.

gold latessst.jpg


ഈ സാഹചര്യങ്ങൾ ആഗോള സ്വർണ വിപണിക്ക് കരുത്ത് പകരുന്നതിനാൽ വില ഔൺസിന് 2,650 ഡോളർ വരെ ഉയരുമെന്ന് കമ്മോഡിറ്റി എക്സ്ചേഞ്ചിലുള്ളവർ പറയുന്നു. നിലവിൽ ആഗോള വില 2,235 ഡോളറിന് അടുത്താണ്.


അടുത്ത സാമ്പത്തിക വർഷത്തെ ഏറ്റവും മികച്ച വളർച്ചാ സാദ്ധ്യതയുള്ള നിക്ഷേപമാണ് സ്വർണം. റഷ്യയിൽ പുടിൻ വീണ്ടും അധികാരത്തിലെത്തിയതും ഇസ്രയേലും പാലസ്തീനുമായുള്ള സംഘർഷങ്ങൾ കൈവിട്ടുപോകുന്നതും ആശങ്ക ശക്തമാക്കുന്നു.

ഇതോടൊപ്പം ചൈനയിലെ സാമ്പത്തിക സാഹചര്യങ്ങൾ സംബന്ധിച്ച ആശങ്കകളും സ്വർണ വില വർദ്ധനയ്ക്ക് ഇടയാക്കും. കഴിഞ്ഞ ആറ് മാസത്തിനിടെ പത്ത് ഗ്രാം സ്വർണത്തിന്റെ വിലയിൽ 11,000 രൂപയുടെ വർദ്ധനയാണുണ്ടായത്. ഓരോ ദിവസവും സ്വർണ വിലയിലെ ചാഞ്ചാട്ടം മലയാളികളുടെ ആകെ നെഞ്ചിടിപ്പേറ്റുകയാണ്.

Advertisment