ഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വ്യാജ തെരഞ്ഞെടുപ്പ് കാര്‍ഡുകള്‍ നിര്‍മിച്ചത് രാജ്യദ്രോഹക്കുറ്റമാണ്. ഒന്നേകാല്‍ ലക്ഷത്തോളം കാര്‍ഡുകളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചെടുത്തതെന്നും പിന്നില്‍ ഉന്നത നേതാക്കളുടെ ഇടപെടലുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ഗുരുതരമായ ക്രിമിനല്‍ കുറ്റമാണിത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം തെളിവ് സഹിതം പുറത്തുകൊണ്ടുവന്നത്. തീവ്രവാദ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തിയത്.
രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണിത്. പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എയാണ് വ്യാജ തിരിച്ചറയില്‍ കാര്‍ഡ് വിവാദത്തിന് പിന്നില്‍. ബാംഗ്ലൂരില്‍ പിആര്‍ ഏജന്‍സിയുടെ സഹായത്തോടെയാണ് കാര്‍ഡ് നിര്‍മിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
പരാതി ലഭിച്ചിട്ടും കോണ്‍ഗ്രസ് ഇടപെടാത്തത് ഗൗരവത്തോടെ കാണണം. കെ.സി വേണുഗോപാലും വി.ഡി സതീശനും ഈ വിഷയങ്ങള്‍ അറിഞ്ഞിരുന്നുവെന്നും ഇത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
പാലക്കാട്ടെ വിജയത്തിന് കോണ്‍ഗ്രസ് ഇത്തരം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. സമഗ്രമായ അന്വേഷണം അടിയന്തരമായി നടത്തണം. ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. ഈ കുറ്റത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒളിച്ചോടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് രീതിയെ വിമര്‍ശിക്കുന്ന വ്യക്തിയാണ്. രാഹുലിന് മുന്നില്‍ മൂന്ന് ദിവസം മുമ്പ് പരാതി ലഭിച്ചിട്ടും മൂടിവെച്ചത് വലിയ കുറ്റമാണെന്നും അവര്‍ക്കെതിരെയും നടപടി വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇത് തികഞ്ഞ രാജ്യദ്രോഹ കുറ്റമാണ്. ഒറിജിനലിനെ വെല്ലുന്ന വ്യാജ കാര്‍ഡുകള്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് കാണിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.